- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ധാത്ഥന്റെ മരണം സിബിഐ അന്വേഷിക്കണം, സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാത്ഥന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേട് തകർത്ത് സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാൻ ശ്രമിച്ച എംഎസ്എഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പിന്നാലെ മാർച്ചുമായി എത്തിയ മഹിളാകോൺഗ്രസ് പ്രവർത്തകർ ബാരിക്കേടിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു.
പൊലീസുമായുള്ള സംഘർഷത്തിൽ നിരവധി പ്രവർത്തകർക്കും ഫൊട്ടോഗ്രാഫർമാർക്കും പരുക്കേറ്റു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർക്കു പിന്തുണയുമായി യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരും എത്തിയതോടെ സംഘർഷം രൂക്ഷമായി.
മഹിളാകോൺഗ്രസ് പ്രവർത്തകരെ പുരുഷ പൊലീസ് നേരിട്ടെന്ന് ആരോപിച്ച് യൂത്ത്‌കോൺഗ്രസ് പ്രവർത്തകരും സെക്രട്ടറിയേറ്റിന് മുന്നിലെത്തിയതോടെ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പിന്നീട് ഒരു മണിക്കൂറോളം പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരുന്നു. ഏറെ സമയം കഴിഞ്ഞ് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിരിച്ചു വിട്ടത്.
ആദ്യം എംഎസ്എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിന്റെ പ്രധാനകവാടത്തിലെത്തി പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ സംഘർഷമുണ്ടായി. എംഎസ്എഫ് പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇവർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ സംഘർഷം വർധിച്ചു. പൊലീസ് ലാത്തി വീശി.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരുടെ നിരാഹാര സമരവും മറ്റു വിവിധ പ്രതിഷേധങ്ങളും സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. എംഎസ്എഫ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയുമായി കെ എസ് യു, കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.
കൊടി കെട്ടിക്കൊണ്ടുവന്ന കമ്പുകൾ ഉപയോഗിച്ച് പ്രവർത്തകർ പൊലീസിനെ നേരിട്ടു. മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമം നടത്തി. പിന്നീട് മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിനു മുകളിലേക്ക് കയറി നിലയുറപ്പിച്ചു. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് കടക്കാനും പ്രവർത്തകർ ശ്രമിച്ചു. പൊലീസ് ഷീൽഡ് ഉപയോഗിച്ച് ഇത് തടഞ്ഞു. എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധിക്കുമ്പോൾ വളരെക്കുറച്ച് പൊലീസുകാരാണ് സെക്രട്ടേറിയറ്റിനു മുന്നിലുണ്ടായിരുന്നത്. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. പ്രതിപക്ഷ സംഘടനയിലെ കൂടുതൽപേർ സ്ഥലത്തേക്കെത്തി പ്രതിഷേധിച്ചു.
അതേസമയം, സിദ്ധാർത്ഥന്റെ ദുരൂഹമരണം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കുന്ന സാഹചര്യത്തിൽ കോളേജിൽ പുതിയ മാറ്റങ്ങൾ വരുത്തി. ഹോസ്റ്റലിൽ ഇനി മുതൽ നാല് ചുമതലക്കാരായിരിക്കും ഉണ്ടാവുക. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിൽ ഓരോ നിലയിലും ഓരോരുത്തർ വീതം. ഒരു അസിസ്റ്റന്റ് വാർഡന് ഹോസ്റ്റലിന്റെ മുഴുവൻ ചുമതലയും നൽകും. ഇതിനെല്ലാം പുറമെ ഹോസ്റ്റലിൽ സിസിടിവി ക്യാമറയും സ്ഥാപിക്കും. വർഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം കെ നാരായണനെയും അസി. വാർഡൻ ഡോ. കാന്തനാഥനെയും ഇന്നലെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇരുവരും നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്‌പെൻഷൻ നൽകിയത്. നേരത്തെ തന്നെ യൂണിവേഴ്‌സിറ്റി വിസിയെ ഗവർണർ സസ്‌പെൻഡ് ചെയ്തിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിൽ ഏറെ ദുരൂഹതകളും ചോദ്യങ്ങളും നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. സിദ്ധാർത്ഥന്റെ നീതി ആവശ്യപ്പെട്ട് വ്യാപകമായ പ്രതിഷേധങ്ങളും നടന്നിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണം കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നു.