തൃശൂർ: ബിജെപിയിൽ ചേരുമെന്ന വാർത്തകളും പ്രചാരണങ്ങളും തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നൽകിയ പ്രതികരണം ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്ന് അവർ പറഞ്ഞു. താൻ ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് ഇത് വന്നതെന്ന് അറിയില്ലെന്നുമാണ് പത്മജ പറഞ്ഞത് ഫേസ്‌ബുക്കിലൂടെയായിരുന്നു പത്മജയുടെ വിശദീകരണം.

'ഞാൻ ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു.അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല' പത്മജ വേണുഗോപാൽ വിശദീകരിച്ചു.

കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യസങ്ങളുണ്ട്. എന്നാൽ മറ്റൊരു പാർട്ടിയിൽ പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പത്മജ വ്യക്തമാക്കി. മണ്ഡലം കമ്മിറ്റി പുനഃസംഘടനയിൽ തന്റെ നിർദ്ദേശം പരിഗണിച്ചില്ല. പാർട്ടിയിൽ ഏറെക്കാലമായി തഴയപ്പെടുകയാണെന്നും പത്മജ പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പത്മജ ബിജെപിയിലേക്ക് ചേക്കേറുമെന്ന തരത്തിലാണ് വാർത്ത വന്നത്. പിന്നീട് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

കോൺഗ്രസുമായി നിലനിൽക്കുന്ന പ്രശ്നങ്ങളാണ് നീക്കത്തിന് പിന്നിലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമാകും മാറ്റമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രശ്നപരിഹാരത്തിന് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നുവെന്ന് പത്മജയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

മുതിർന്ന കോൺഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് എന്നായിരുന്നു നേരത്തെ ഒരു മാധ്യമത്തിൽ വാർത്ത വന്നത്. മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്ന് നിലവിൽ സംസ്ഥാന കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ പത്മജ പറഞ്ഞുവെന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം. കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.