- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മജയെ പരിഹസിച്ചവർക്ക് സുരേന്ദ്രന്റെ മറുപടി; ലക്ഷ്യം ബിന്ദു കൃഷ്ണയോ?
തിരുവനന്തപുരം: കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ വിമർശിക്കുന്ന പലരും, മുൻപ് ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയിട്ടുള്ളവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പരിഹാസം. പത്മയുടെ ഭർത്താവിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നതിൽ ഭയന്നാണ് അവർ ബിജെപിയിലേക്കു പോകുന്നതെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ്, സുരേന്ദ്രന്റെ രസകരമായ മറുപടി.
"ഇ.ഡിയെ കണ്ട് ഭയന്നിട്ടാണ് പത്മജ ബിജെപിയിലേക്കു പോകുന്നതെന്ന് പറഞ്ഞ ആളുകളൊക്കെ ഇതിനു മുൻപ് ബിജെപിയുമായി ചർച്ച നടത്തിയിട്ടുള്ളവരാണ്. എന്റെ മാന്യതയ്ക്ക് അനുസരിച്ച് ഞാൻ അതേക്കുറിച്ചൊന്നും അധികം പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പല തരത്തിലുള്ള ചർച്ചകൾ നടന്നിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊക്കെ വെറുതേ ആളുകളെ കബളിപ്പിക്കാൻ പറയുന്നതാണ്.
കോൺഗ്രസിനെ വഞ്ചിച്ച് ബിജെപിയിൽ പോയി എന്നൊക്കെ ചിലർ പറയുന്നതുകേട്ടു. കോൺഗ്രസിനെ വഞ്ചിച്ച് സിപിഎമ്മിന്റെ പാളയത്തിൽ പോയവർക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു? മൂന്നു പാർട്ടികളുടെ പ്രസിഡന്റായിരുന്ന ഒരാൾ കേരളത്തിൽ വേറെയില്ല. ബിജെപിയിലേക്ക് ആരെങ്കിലും വന്നാൽ അവർക്ക് അപ്പോൾ കുഴപ്പമുണ്ടാവുകയാണ്. സിപിഎമ്മിലേക്ക് പോയാൽ കുഴപ്പമില്ല. അതാണ് കോൺഗ്രസ് തകരാൻ കാരണം-സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയിൽ പത്മജ ഉൾപ്പെടെ എല്ലാവരും ചേരുന്നത് ഉപാധികളില്ലാതെയാണ്. ധാരാളം ആളുകൾ നരേന്ദ്ര മോദിയുടെ വികസന അജൻഡയിൽ ആകൃഷ്ടരായി എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയിൽ ചേരുകയാണ്. കേരളത്തിലും നിരവധി ആളുകൾ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ തന്നെ ബിജെപിയിൽ ചേർന്നു. ഇപ്പോൾ കേരളത്തിന്റെ ലീഡർ കെ.കരുണാകരന്റെ മകൾ തന്നെ അത്തരത്തിൽ തീരുമാനമെടുക്കുന്നു.
"ഇതെല്ലാം തന്നെ കാണിക്കുന്നത് കേരളത്തിൽ ബിജെപിയുടെ പ്രസക്തി വർധിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. കേരളത്തിൽ കോൺഗ്രസിന്റെ പതനം ആരംഭിച്ചിരിക്കുന്നു. കോൺഗ്രസ് തകർന്നു തരിപ്പണമാകും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പോടുകൂടി കേരളത്തിലും കോൺഗ്രസ് തകർന്നു തരിപ്പണമാകും എന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. യഥാർഥത്തിൽ ഇവിടെ സിപിഎമ്മിന്റെ അക്രമത്തെയും മതഭീകരവാദ കൂട്ടുകെട്ടിനെയും അഴിമതിയേയും നേരിടാൻ ഇനി ബിജെപിയും എൻഡിഎയും മാത്രമേ അവശേഷിക്കുന്നു എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
രാജ്യമാസകലം അലയടിക്കുന്ന നരേന്ദ്ര മോദി തരംഗം കേരളത്തിലും ശക്തമായി ആഞ്ഞടിക്കുമെന്നതിന്റെ സൂചനയാണ് ഇതെല്ലാം. ഇതു തുടക്കം മാത്രമാണ്. ഇപ്പോൾ വിമർശിക്കുന്ന പലരും നാളെ ബിജെപിയിലേക്കു വരാനുള്ളവരായതു കൊണ്ടാണ് ഞങ്ങൾ പല കാര്യങ്ങളും പറയാത്തത്. ബിജെപിക്കും നരേന്ദ്ര മോദിക്കും കേരളത്തിൽ വലിയ തോതിൽ പിന്തുണ വർധിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ സംഭവവികാസങ്ങൾ" സുരേന്ദ്രൻ വിശദീകരിച്ചു.