- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിൽ നേരിട്ടത് അവഗണന, ബിജെപിയിലെത്തിയതിൽ സന്തോഷം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ നേതാവാണെന്നും അദ്ദേഹത്തിന്റെ കഴിവ് എന്നും ആകർഷിച്ചിരുന്നുവെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പത്മജ വേണുഗോപാൽ. ബിജെപിയിൽ ചേർന്നതിൽ വളരെ സന്തോഷം. ആദ്യമായാണ് പാർട്ടി മാറുന്നത്. ബിജെപി എന്ന പാർട്ടിയെ കുറിച്ച് കൂടുതൽ പഠിക്കണം. കോൺഗ്രസുമായി വർഷങ്ങളായി താൻ അകൽച്ചയിലായിരുന്നുവെന്നും പത്മജ വിശദീകരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി വിടണമെന്ന് തീരുമാനിച്ചിരുന്നതായും അവർ പറഞ്ഞു. ഡൽഹിയിൽ ബിജെപി അംഗത്വം സ്വീകരിച്ചിതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.
"വളരെയധികം സന്തോഷവും കുറച്ച് ടെൻഷനുമുണ്ട്. കുറച്ചധികം വർഷങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. ഹൈക്കമാൻഡിൽ പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. നേതൃത്വവുമായി ചർച്ച നടത്താൻ പലതവണ എത്തിയെങ്കിലും അതിനു അനുവാദം തന്നില്ല. എന്റെ അച്ഛനും ഇതേ അനുഭവമാണ് കോൺഗ്രസിൽനിന്നുണ്ടായത്.
സമാധാപരമായി പ്രവർത്തിക്കണമെന്ന് മാത്രമാണ് അവരോട് ആവശ്യപ്പെട്ടത്. എല്ലാ പാർട്ടികൾക്കും ശക്തമായ നേതൃത്വം വേണം. കോൺഗ്രസിൽ അതില്ല. സോണിയ ഗാന്ധിയോട് വളരെയധികം ബഹുമാനമുണ്ട്. എന്നാൽ അവരെ കാണാൻ ഒരിക്കൽ പോലും അനുവാദം തന്നിട്ടില്ല. മാധ്യമപ്രവർത്തകരോട് ഉൾപ്പെടെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഈ തീരുമാനമെടുത്ത്. ഈ പാർട്ടിയെക്കുറിച്ച് പഠിക്കണം. മോദിജീ കരുത്തനായ നേതാവാണ്. അതുകൊണ്ടു മാത്രമാണ് ഈ പാർട്ടിയിലേക്ക് വന്നത്." പത്മജ പറഞ്ഞു.
വർഷങ്ങളായി കോൺഗ്രസിൽ നിന്നും അവഗണന നേരിടുന്നുണ്ട്. നിരവധി തവണ ഹൈക്കമാൻഡിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ചതാരാണെന്ന് അറിയാം. രണ്ട് മൂന്ന് തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പരാതികളെല്ലാം ചവറ്റുകുട്ടയിൽ പോയെന്നാണ് തനിക്ക് ലഭിച്ച വിവരം.
ഹൈക്കമാൻഡിന് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. താൻ നൽകിയ പരാതികളെല്ലാം ചവിറ്റുകുട്ടയിലേക്ക് പോയി. തന്റെ പരാതിയിൽ പരാമർശിച്ചവരെല്ലാം വലിയ സ്ഥാനങ്ങളിലെത്തി. സമാധാന പരമായി പ്രവർത്തിക്കണം എന്നാണ് ആഗ്രഹം. മറ്റ് ആവശ്യങ്ങൾ ഒന്നും ഇല്ല.
തന്നെ തോൽപ്പിച്ച ആൾക്കാരെ സ്വന്തം മണ്ഡലത്തിലെത്തിച്ചതോടെ അവിടെ പ്രവർത്തിക്കാൻ സാധിക്കാതായി. തനിക്ക് തൃശ്ശൂർ പോകാൻ പറ്റാതെയായിരുന്നു. പാർട്ടിയിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വിട്ടുപോയാലോ എന്നുവരെ വിചാരിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരെ കുറിച്ച ആലോചിക്കുമ്പോൾ മാനസിക ബുദ്ധിമുട്ടുണ്ട്. അച്ഛൻ പാർട്ടി വിട്ടപ്പോൾ പോലും താൻ പാർട്ടി വിട്ടില്ല. പ്രവർത്തകരിൽ പലരും വിളിച്ച് താൻ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
സോണിയ ഗാന്ധിയോട് വലിയ ബഹുമാനമാണ്. പക്ഷേ കാണാൻ പറ്റിയില്ല. കോൺഗ്രസ് പ്രവർത്തകരെ പറ്റി ആലോചിക്കുമ്പോൾ മാനസികമായ ബുദ്ധിമുട്ടുണ്ട്. പാർട്ടി പ്രവർത്തകരിൽ പലരും ഒപ്പമുണ്ട് എന്ന് പറയുന്നുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി വളരെ ശക്തനായ നേതാവാണ്. അതിനാലാണ് ബിജെപിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ കഴിവും നേതൃപാടവും എന്നും ആകർഷിച്ചിരുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും പത്മജ വ്യക്തമാക്കി. വയനാട്ടിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ അത്തരത്തിലുള്ള സംസാരിമുണ്ടായിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി.
കരുണാകരന്റെ പാരമ്പര്യം ഇനി പത്മജ ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസ് അവരെ തെരുവിൽ തടയുമെന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശത്തോട് പത്മജ രൂക്ഷമായി പ്രതികരിച്ചു. രാഹുൽ ടി.വിയിൽ ഇരുന്ന് നേതാവായതാണ്. അദ്ദേഹം തന്നോട് കൂടുതൽ കാര്യങ്ങൾ പറയേണ്ടെന്നും അവർ പറഞ്ഞു.
ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. ജാവഡേക്കറിന്റെ വീട്ടിൽ ചർച്ച നടത്തിയശേഷമാണ് ഇരുവരും ബിജെപി ആസഥാനത്തെത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പത്മജ കയറുന്നത് ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണ് കോൺഗ്രസുമായി പത്മജ ഇടഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പത്മജ പരാജയപ്പെട്ടു. കെ.കരുണാകരന്റെ സ്മാരകം നിർമ്മിക്കുന്നതും കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പത്മജയും തീരുമാനത്തെ സ്വാധീനിച്ചെന്നാണ് സൂചന.