കോട്ടയം: ചാലക്കുടി ലോക്‌സഭ മണ്ഡലം ബിഡിജെഎസിന് തന്നെയെന്നും മറിച്ചൊരു ചർച്ച ഇതുവരെ ഉണ്ടായിട്ടില്ലെന്നും ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മറിച്ചുള്ള വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടാണ് പത്മജ വന്നതെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ തുഷാർ, ചാലക്കുടിയിലെ ബിജെപി സ്ഥാനാർത്ഥിയെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേർത്തു.

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കാണാനെത്തിയതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി. ഭാര്യയ്‌ക്കൊപ്പമാണ് തുഷാർ സുകുമാരൻ നായരെ കാണാൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. സുകുമാരൻ നായർ പിതൃതുല്യനാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പത്മജ വേണുഗോപാൽ വരുന്നതുകൊണ്ട് വലിയ വാർത്ത ഉണ്ടാകും. എത്ര ഫോളോവേഴ്‌സ് ഉണ്ട് എന്നത് കണ്ടറിയണമെന്നും തുഷാർ കൂട്ടിച്ചേർത്തു.

സുകുമാരൻ നായരുടെ അനുഗ്രഹം തേടിയെത്തിയാണെന്നും രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നും തുഷാർ പറഞ്ഞു. ബിഡിജെസിന് നൽകിയിട്ടുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും. മാവേലിക്കര, കോട്ടയം, ചാലക്കുടി, ഇടുക്കി സീറ്റുകളാണ് ബിഡിജെഎസിനുള്ളത്. ഇത് സംബന്ധിച്ച് എൻഡിഎ മുന്നണിയിൽ അഭിപ്രായ വിത്യാസമില്ലെന്നും മറ്റു ചർച്ചകൾ മാധ്യമ സൃഷ്ടിയാണന്നും പറഞ്ഞു.

സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടാണ് പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നതെന്ന് കരുതുന്നില്ല. കോൺഗ്രസ് നേതാക്കൾ ഇനിയും ബിജെപിയിലേക്കു വരും. പത്മജയ്ക്ക് പിന്നിൽ എത്രപേരുണ്ടെന്നുള്ളത് പിന്നീടറിയാം.

ഞാൻ സ്‌മോൾ ബോയ് തന്നെയെന്നും തുഷാർ പറഞ്ഞു. പി.സി. ജോർജിന്റെ സ്‌മോൾ ബോയ് പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.സി.ജോർജ് ബിജെപിയിലെത്തിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും കൂട്ടിച്ചേർത്തു. ഭാര്യ ആശാ തുഷാർ, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സിനിൽ മുണ്ടപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന, പി.കെ.സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു