- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാഹുലിന് എതിരെ കേസ് കൊടുക്കും', മുരളീധരന്റെ വിമർശനത്തിനും മറുപടിയുമായി പത്മജ
തിരുവനന്തപുരം: രൂക്ഷമായ ഭാഷയിൽ തനിക്കെതിരെ സംസാരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്നു പത്മജ വേണുഗോപാൽ. ഞാൻ കരുണാകരന്റെ മകളല്ലെന്നാണു രാഹുൽ പറഞ്ഞത്. എന്റെ അമ്മയെയാണ് അതിലൂടെ അവർ പറഞ്ഞതെന്നും പത്മജ വിശദീകരിച്ചു. രാഹുലിനെ പോലെയുള്ളവരെ നേരത്തെ കോൺഗ്രസിൽ കാണാൻ കഴിയാറില്ലായിരുന്നുവെന്നും പത്മജ പറഞ്ഞു.
"രാഹുൽ മാങ്കൂട്ടത്തിൽ ടിവിയിലിരുന്നു നേതാവായ ആളാണ്. അദ്ദേഹം എങ്ങനെയാണു ജയിലിൽ 10 ദിവസം കിടന്നതെന്നും അതിന്റെ പിന്നിലെ കഥകൾ എന്താണെന്നും എനിക്കറിയാം. അത് എന്നെക്കൊണ്ടു പറയിപ്പിക്കരുത്. എന്നെ വഴിയിൽ തടയുമെന്നു പറഞ്ഞു. അങ്ങനെ പേടിക്കുന്ന ആളല്ല ഞാൻ. അച്ഛൻ ജയിലിൽ പോകുന്നതു ഞാൻ കണ്ടിട്ടുണ്ട്. രാജൻ കേസിന്റെ സമയത്ത് ഒളിവിൽ പോയി അച്ഛനെ കണ്ടയാളാണ് ഞാൻ, പേടിക്കില്ല"പത്മജ വിശദീകരിച്ചു.
കോൺഗ്രസിന് എതിരെ രൂക്ഷ വിമർശനമാണു വാർത്താസമ്മേളനത്തിൽ പത്മജ നടത്തിയത്. കെ.കരുണാകരനെ അപമാനിക്കുന്നിടത്തു നിൽക്കാനില്ലെന്നു തീരുമാനിച്ചെന്നും ഏതു പാർട്ടിക്കും ശക്തനായ നേതാവ് വേണമെന്നും കോൺഗ്രസിന് അതില്ലെന്നും പത്മജ കുറ്റപ്പെടുത്തി.
കെ. മുരളീധരന്റെ വർക് അറ്റ് ഹോം പരാമർശത്തിനേതിരേ രൂക്ഷവിമർശനമാണ് പത്മജ വേണുഗോപാൽ നടത്തിയത്. അനിയനായിരുന്നെങ്കിൽ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പത്മജ പറഞ്ഞു.
ആരോഗ്യ പ്രശ്നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനുവേണ്ടിയാണ്. മൂന്നു നാല് പാർട്ടി മാറി വന്ന ആളായതുകൊണ്ട് എന്തും പറയാം. കൂടുതൽ ഒന്നും പറയുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ എത്തുമെന്നും പത്മജ പറഞ്ഞു. ബിജെപി. അംഗത്വമെടുത്ത് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.
എത്രയോ ആളുകൾ കോൺഗ്രസിൽനിന്ന് വിട്ടുപോയി. അച്ഛൻ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി പാർട്ടിയുമായി അകന്നു നിൽക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ച നേതാക്കളെ കുറിച്ച് കൃത്യമായി അറിയാം. പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വന്തം മണ്ഡലത്തിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. കേരളത്തിൽനിന്ന് പോയാലോ എന്ന് വരെ ചിന്തിച്ചു. കെപിസിസി. പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞുവെന്നും അവർ പറഞ്ഞു.
കെ കരുണാകരൻ സ്മാരകം നിർമ്മിക്കാം എന്ന വാക്ക് പോലും നിറവേറ്റിയില്ല, കെ കരുണാകരനെ അപമാനിക്കുന്നിടത്ത് നിൽക്കാൻ തോന്നിയില്ല, സോണിയാ ഗാന്ധിക്കോ രാഹുൽ ഗാന്ധിക്കോ പരാതി കേൾക്കാൻ സമയമില്ല, താൻ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല, അളമുട്ടിയാൽ ചേരയും കടിക്കുമെന്നാണല്ലോ താൻ പാമ്പൊന്നുമല്ല വെറും ചേരയാണ്, പക്ഷേ ചേര കടിച്ചാൽ മതിയല്ലോ അത്താഴം മുടങ്ങാനെന്നും പത്മജ.
കെ.കരുണാകരനെ പോലും ചില നേതാക്കൾ അപമാനിച്ചു. നേതൃത്വത്തോട് പറഞ്ഞെങ്കിലും നിസ്സാരമായി എടുക്കുകയായിരുന്നു. ഒരു കുടുംബത്തിൽനിന്ന് മറ്റൊരു കുടുംബത്തിൽ വന്നതുപോലെയുള്ള വ്യത്യാസമെ ഇപ്പോൾ ഉള്ളു. കെ.ജി. മാരാർ എല്ലാ മാസവും അച്ഛനെ കാണാൻ വരുമായിരുന്നു. തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നും അവർ പറഞ്ഞു.
ബിജെപി അംഗത്വമെടുത്തതിന് ശേഷം പത്മജയ്ക്ക് ഗംഭീര സ്വീകരണമാണ് ബിജെപി സംസ്ഥാന നേതൃത്വം ഒരുക്കിയത്. വിമാനത്താവളത്തിൽ തന്നെ വമ്പൻ സ്വീകരണമൊരുക്കിയ ബിജെപി പിന്നീട് സംസ്ഥാന കാര്യാലയത്തിലെത്തി അവിടെയും വരവേൽപ് നടത്തി.
ബിജെപി സംസ്ഥാന നേതാക്കളായ കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരടക്കമാണ് സ്വീകരണമൊരുക്കിയത്. തുടർന്ന് പി കെ കൃഷ്ണദാസ്, തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരൻ എന്നിവർ കൂടി ചേർന്ന് മാധ്യമങ്ങളുമായും സംസാരിച്ചു.