- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരളത്തിൽ രണ്ടക്കം കിട്ടുമെന്ന് മോദി പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലായത്'

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസ് ബിജെപിയായി മാറുന്ന സാഹചര്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. ഇതര സംസ്ഥാനങ്ങളിലെ പ്രവണത ഇവിടെയുമായി. നേതാക്കളെ പോലും ഉറപ്പിച്ചു നിർത്താൻ കോൺഗ്രസിനാകുന്നില്ല. ഇടതുപക്ഷത്തെ മുഖ്യശത്രുവായി പ്രഖ്യാപിച്ച്, ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണ് കോൺഗ്രസ്. എസ്.രാജേന്ദ്രൻ സിപിഎമ്മിൽ തുടരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ രണ്ടക്കം കിട്ടുമെന്ന് നരേന്ദ്ര മോദി പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് മനസിലായത്. ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്നിരിക്കെ ആരുടെ സീറ്റിനെ കുറിച്ചാണ് മോദി പറഞ്ഞതെന്ന് കൗതുകപൂർവം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'200-ഓളം മുൻ കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഇപ്പോൾ ബിജെപിയിലാണ്. മൂന്ന് പി.സി.സി. പ്രസിഡന്റുമാർ ഇപ്പോൾ ബിജെപി. നേതാക്കളായി മാറി. പത്മജ വേണുഗോപാൽ കഴിഞ്ഞ ദിവസം പ്രതാപന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അവരാണ് ഇപ്പോൾ കാല് മാറി ബിജെപിയിൽ പോയത്. ഇത്തരത്തിൽ കോൺഗ്രസ് എപ്പോഴും ബിജെപിയാവുന്ന സാഹചര്യത്തിലൂടെയാണ് നാട് പോയിക്കൊണ്ടിരിക്കുന്നത്', എം വി ഗോവിന്ദൻ പറഞ്ഞു.
'കേരളത്തിൽ രണ്ടക്കം കിട്ടുമെന്ന് മോദി പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലായത്. ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് കേരളത്തെ മനസിലാക്കിയ എല്ലാവർക്കും അറിയാം. പിന്നെ ആരുടെ സീറ്റിനെ സംബന്ധിച്ചാണ് മോദി പറഞ്ഞതെന്ന് ഗൗരവപൂർവ്വവും കൗതുകപൂർവ്വവും പരിശോധിക്കണം. ബിജെപിയിലേക്ക് പോകുന്ന സാഹചര്യം തള്ളാത്തയാളാണ് കോൺഗ്രസിനെ നയിക്കുന്ന കെപിസിസി. പ്രസിഡന്റ്', ഗോവിന്ദൻ പറഞ്ഞു.
"മതനിരപേക്ഷത അടിത്തറയുള്ള കേരളത്തിൽ പോലും കോൺഗ്രസിൽനിന്ന് ആര് ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ്. പ്രധാനമന്ത്രിയെ പുകഴ്‌ത്തിയ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നിലപാടും വിരുന്നിനു ക്ഷണിച്ചാൽ പോകുമെന്നുമുള്ള കെ.മുരളീധരൻ എംപിയുടെ പ്രസ്താവനയും കൂട്ടിവായിക്കണം. രണ്ടക്ക സീറ്റ് കിട്ടുമെന്നു പ്രധാനമന്ത്രി മോദി പറഞ്ഞതിന്റെ പൊരുൾ എല്ലാവർക്കും മനസ്സിലായി. കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുണ്ടെങ്കിലും മതിനിരപേക്ഷതയുടെ ഭാഗമായി നിൽക്കേണ്ടവരാണ് അവർ. 'ഇന്ത്യ' മുന്നണിയുടെ ഭാഗമാണ് അവർ. കോൺഗ്രസിൽനിന്ന് ആളുകൾ ബിജെപിയിലേക്ക് ഇങ്ങനെ കൊഴിഞ്ഞുപോകുന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് ആഹ്ലാദകരമല്ല.
ഇടുക്കിയിലെ സിപിഎം. നേതാവ് ബിജെപിയിലേക്ക് പോകുമെന്ന വാർത്തയെ കുറിച്ചും സിപിഎം. സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. രാജേന്ദ്രൻ ബിജെപിയിലേക്ക് പോകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാജേന്ദ്രനുമായി താൻ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നടപടി കാലാവധി കഴിഞ്ഞാൽ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വന്യജീവി ആക്രമണത്തിനെതിരെ സർക്കാരിനു ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. മന്ത്രിസഭാ യോഗം പ്രത്യേക തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ ഓർഡിനൻസോ നിയമ ഭേദഗതിയോ കൊണ്ടുവരണം. വന്യജീവികളെ വെടിവയ്ക്കാനുള്ള അവകാശം വേണമെന്നതു ന്യായമായ കാര്യമാണ്. ആവശ്യമായ സമയത്ത് വെടിവച്ചു കൊല്ലുകയാണ് വേണ്ടത്. കേന്ദ്ര സർക്കാർ അതിനായി ഭേദഗതി കൊണ്ടുവരണം" എം വിഗോവിന്ദൻ പറഞ്ഞു. അതേസമയം, മൃതദേഹം അടക്കം ഉപയോഗപ്പെടുത്തി ചിലർ രാഷ്ട്രീയ നീക്കം നടത്തുകയാണെന്നും എം വിഗോവിന്ദൻ ആരോപിച്ചു.

