ന്യൂഡൽഹി: പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിൽ സിപിഎമ്മിനു പങ്കുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവുമടുപ്പമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇതിനു പിന്നില്ലെന്നു സതീശൻ ആരോപിച്ചു. വിരമിച്ചശേഷവും കേരളത്തിൽ സുപ്രധാന പദവി വഹിക്കുന്ന അദ്ദേഹമാണു പത്മജയുടെ ബിജെപി പ്രവേശത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നും വി ഡി സശീശൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയാണ് ഇക്കാര്യം ചെയ്തതെന്നും സതീശൻ ആരോപിച്ചു. ബെഹ്റയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അന്വേഷിച്ച് കണ്ടെത്താൻ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

പത്മജ ബിജെപിയിലേക്കു പോയതിൽ ഏറ്റവും സന്തോഷം സിപിഎം നേതാക്കൾക്കായിരുന്നു. കോൺഗ്രസിനെ ദുർബലമാക്കുമെന്ന കണക്കുകൂട്ടലിലാണ് അത്. എന്നാൽ അവർക്കു തെറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരോടു പറയാനുള്ളത്. വരുന്ന ദിവസങ്ങളിൽ ഇതിനു മറുപടി പറയും. ആരാണു സംഘപരിവാറിനെതിരെ പോരാടുന്നതെന്നും ആരാണ് സംഘപരിവാറുമായി സന്ധി ചെയ്തതെന്നും കേരളത്തിലെ ജനങ്ങൾക്കു ബോധ്യമാകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

ഇന്നലെ രാത്രി വൈകി മാധ്യമങ്ങളെ കണ്ടപ്പോഴും പത്മജയുടെ ബിജെപി പ്രവേശത്തിൽ സിപിഎമ്മിനെതിരെ വി.ഡി.സതീശൻ രംഗത്തെത്തിയിരുന്നു. വിരമിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇടനിലക്കാരനായതെന്നും ആരോപിച്ചു. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ആണോ ഉദ്ദേശിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതു നിങ്ങൾ തന്നെ അന്വേഷിക്കൂ എന്നായിരുന്നു സതീശന്റെ പ്രതികരണം.

കോൺഗ്രസ് നേതാക്കൾ ഇലക്ഷൻ പ്രചാരണത്തിന്റെ പേരിൽ പണം വാങ്ങിയെന്ന പത്മജാ വേണുഗോപാലിന്റെ ആരോപണം കെട്ടുകഥകൾ മാത്രമാണ്. പ്രചാരണത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാർട്ടിക്കുള്ളിൽ പത്മജ ഉന്നയിച്ചിട്ടില്ല.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനിച്ച സ്ഥാനാർത്ഥികളിൽ ഒരു മാറ്റവും വന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം കൂടുതൽ പറയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലോക്‌സഭാ സ്ഥാനാർത്ഥികളുടെ സർപ്രൈസ് ലിസ്റ്റിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. 16 മണ്ഡലങ്ങളിലും ഇതിനോടകം തീരുമാനമായവർ മത്സരിക്കും. പ്രഖ്യാപനത്തിന് ചില നടപടികൾക്രമം മാത്രമേ അവസാനിക്കുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ. മുരളീധരൻ എംപിയുടെ സഹോദരിയുമായ പത്മജ, വ്യാഴാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽനിന്ന് നേരിട്ട അവഗണനമൂലമാണ് പാർട്ടിവിട്ടത് എന്നായിരുന്നു പത്മജ പറഞ്ഞത്. ഇന്ന് (വെള്ളിയാഴ്ച) ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ പത്മജയ്ക്ക് വലിയ സ്വീകരണമായിരുന്നു ബിജെപി. പ്രവർത്തകർ ഒരുക്കിയത്.