മലപ്പുറം: നിലമ്പൂരിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ കെ കരുണാകരന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള ബിജെപിയുടെ ഫ്‌ളക്‌സ് ബോർഡിനെതിരെ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരന്റെ ചിത്രവും വന്നിരിക്കുന്നത്. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നതിന് പിന്നാലെയാണ് ബിജെപി ഫ്‌ളക്‌സിൽ കരുണാകരനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. പത്മജയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുള്ള ബോർഡിലാണ് കെ കരുണാകരന്റെയും ചിത്രമുള്ളത്.

പത്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തിൽ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുത്, അത് അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തേ താക്കീത് ചെയ്തിരുന്നു. എന്നാൽ നേതാക്കൾ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുകയാണ്. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബോർഡിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ തന്നെ ഫ്‌ളക്‌സ് ബോർഡ് വലിച്ചുകീറി. പ്രവർത്തകർ പ്രകടനവുമായി എത്തിയാണ് ബോർഡ് നശിപ്പിച്ചത്.

ബിജെപിയിൽ അംഗത്വം എടുത്തതിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജ വേണുഗോപാലിന് വൻ സ്വീകരണമാണ് ബിജെപി ഒരുക്കിയത്. കോൺഗ്രസിനെതിരെയും കെ മുരളീധരനെയും പത്മജ വിമർശിക്കുകയും ചെയ്തു. കോൺഗ്രസിൽ ദിവസവും താൻ അപമാനിക്കപ്പെട്ടു. മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം കോൺഗ്രസ് നേതാക്കളുണ്ടാക്കിയെന്നും പത്മജ ആരോപിച്ചു.

തന്റെ തോൽവിക്ക് കാരണക്കാരനായി നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. സോണിയ ഗാന്ധി ആരെയും കാണുന്നില്ല, അവർക്കതിന് സമയമില്ല. കെ കരുണാകരന് സ്മാരകം പണിയാൻ ഫണ്ട് സ്വരൂപിക്കാൻ പോലും അനുവദിച്ചില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.