- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മജ ബിജെപിയിൽ പോയതുകൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല: ചെന്നിത്തല
ന്യൂഡൽഹി: പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അക്കാര്യം പാർട്ടി ഗൗരവത്തിൽ എടുക്കുന്നില്ല. അനിൽ ആന്റണിയും പത്മജയും ബിജെപിയിലേക്കു പോകുന്നത് കോൺഗ്രസിന് ചെറു പോറൽ പോലും ഏൽക്കുന്ന കാര്യമല്ലെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.
കേരള സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ ജനവികാരം ശക്തമാണ്. കേരളത്തിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ കൂടിയ പിന്തുണയാണ് ഇപ്പോൾ കോൺഗ്രസിനുള്ളത്. ബിജെപി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. ഇടതു സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പ്രഗൽഭരായ നേതാക്കളെയാണ് കോൺഗ്രസ് നിർത്തുന്നത്.
ചെറുപ്പക്കാരെയാണ് സ്ഥാനാർത്ഥികളാക്കുന്നതെന്ന് എൽഡിഎഫ് പറഞ്ഞിരുന്നു. 70 കഴിഞ്ഞാലാണ് ചെറുപ്പമെന്ന് ഇപ്പോഴാണ് പിടികിട്ടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്നുതന്നെ പുറത്തിറങ്ങും. കേരളത്തിൽ എല്ലാക്കാര്യങ്ങളിലും യോജിപ്പോടെ മുന്നോട്ടുപോകുകയാണ്. പാർട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. ഒരു രീതിയിലുള്ള പ്രതിസന്ധിയും ഇക്കാര്യത്തിലില്ലെന്നും ചെന്നിത്തല പറഞ്ഞു.
പത്മജക്കെതിരായ പരാമർശത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒറ്റവാക്കിലാണ് രമേശ് ചെന്നിത്തല പ്രതികരണമറിയിച്ചത്.
അതുപോലെ തന്നെ സ്ത്രീകളെ അപമാനിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് പത്മജയ്ക്കും രമേശ് ചെന്നിത്തല മറുപടി നൽകി. സ്ത്രീകൾക്കെതിരെ കോൺഗ്രസ് നേതാക്കൾ മോശമായി പെരുമാറുന്നുവെന്ന് ഇതുവരെ പാർട്ടിയിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആലപ്പുഴയിൽ കെ.സി വേണുഗോപാൽ തന്നെ മത്സരിക്കുമെന്നും ഹൈക്കമാൻഡ് അനുമതി ലഭിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം, പത്മജ വേണുഗോപാലിന്റെ പിതൃത്വത്തെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. കെ കരുണാകരന്റെ ഏറ്റവും വലിയ മൂല്യമായ മതേതര പാരമ്പര്യം അവകാശപ്പെടാൻ പത്മജ ഇനി കഴിയില്ലെന്നാണ് താൻ പറഞ്ഞെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിച്ചു. കെ കരുണാകരുണാകരന്റെ ആ രാഷ്ട്രീയ പിതൃത്വം മുരളീധരനാണ് അവകാശപ്പെടാൻ സാധിക്കുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.