- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി ഷമ മുഹമ്മദ്
കണ്ണൂർ: കേരളത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി വക്താവ് ഷമാ മുഹമ്മദ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ പറഞ്ഞു.
സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കിൽ ആലത്തൂരിൽ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്ന് ഷമ കുറ്റപ്പെടുത്തി. കേരളത്തിലെ 51 ശതമാനം സ്ത്രീകളാണ്. 96ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. സ്ത്രീകൾ മുന്നോട്ടു വരണമെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുടെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകളായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സ്ത്രീകൾ സദസിൽ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണം. സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുക്കണമെന്ന് ഷമ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടു വനിതാ സ്ഥാനാർത്ഥികളുണ്ടായിരുന്നു. എന്നാൽ വനിതാ ബിൽ പാസായതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ഒരു വനിതാ സ്ഥാനാർത്ഥി മാത്രമാണുള്ളത്. അതാണ് ഏറ്റവും സങ്കടം. ഇതു പരാതിയല്ല, അപേക്ഷയാണ്. സ്ഥാനാർത്ഥിപ്പട്ടികയിൽ വനിതാ പ്രാതിനിധ്യം വേണം.
സ്ത്രീകളുടെ വോട്ട് ഇപ്പോൾ മറ്റു പാർട്ടികൾക്കാണ് പോകുന്നത്. അതു തിരിച്ചുകൊണ്ടുവരണമെങ്കിൽ വനിതാ സ്ഥാനാർത്ഥികൾ തന്നെ വേണം. തോൽക്കുന്ന സീറ്റല്ല കൊടുക്കേണ്ടതെന്നും ഷമാ മുഹമ്മദ് പറഞ്ഞു. വടകരയിൽ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ ഉണ്ടായിരുന്നു. വടകരയിൽ ഷാഫിയെ കൊണ്ടുവന്നാൽ പാലക്കാട് പരിക്ക് പറ്റുമെന്നും ഷമ മുഹമ്മദ് ഓർമ്മിപ്പിച്ചു.
പാർട്ടി പരിപാടികളിൽ സ്റ്റേജിൽ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. സ്ത്രീകൾക്ക് എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയെക്കുറിച്ച് തുറന്നുപറഞ്ഞ് ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് മറ്റൊരു വനിതാ നേതാവും നേതൃത്വത്തിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.
തന്നെ ബിജെപിയിലെത്തിച്ചത് കോൺഗ്രസിൽ നേരിട്ട അവഗണന കാരണമാണെന്നും മനംമടുത്താണ് പാർട്ടി വിട്ടതെന്നും പത്മജ തുറന്നടിച്ചിരുന്നു. തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പലതവണ നേതൃത്വത്തിന് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും പത്മജ തുറന്നു പറഞ്ഞിരുന്നു.