കണ്ണൂർ: ഉത്തര മലബാറിലെ ജനങ്ങളുടെ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാർഥ്യമായത്. ബൈപ്പാസ് നാടിന് സമർപ്പിച്ചതായി ഉദ്ഘാടന പ്രസംഗത്തിൽ മോദി പറഞ്ഞു. ചോനാടത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ ലൈവ് സ്ട്രീമിങ് കാണാനായി നൂറുകണക്കിനു പേരാണ് എത്തിയത്.

സ്പീക്കർ എ.എൻ.ഷംസീറും മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ നിന്ന് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ തിരുവനന്തപുരത്തുനിന്നാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ട്രയൽ റണ്ണിന്റെ ഭാഗമായി ഇന്നലെയും ബൈപാസിൽ സൗജന്യ വാഹനയാത്ര അനുവദിച്ചിരുന്നു.

ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോൾ പിരിവ് നടക്കുക. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക നൽകണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ലഭ്യമാക്കുമെന്ന് കരാർ കമ്പനിയായ എവി എന്റർപ്രൈസസ് അധികൃതർ അറിയിച്ചു. ഫാസ്ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.

ബൈപ്പാസിന്റെ പാലത്തിനടിയിലാണ് വേദി ഒരുക്കിയത്. ആയിരത്തിലേറെ പേരാണ് ഇവിടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി എത്തിയത്. ബൈപ്പാസ് ഉദ്ഘാടനത്തിന് മാറ്റേകി വിവിധ കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടനത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവരുടെ നേതൃത്വത്തിൽ ആറുവരി പാതയിലൂടെ ഡബിൾ ഡക്കർ ബസിൽ യാത്ര നടത്തി. ഉദ്ഘാടനത്തിന് മുൻപുതന്നെ ബിജെപിയുടെ നേതൃത്വത്തിൽ ബൈപ്പാസിലൂടെ യാത്ര സംഘടിപ്പിച്ചിരുന്നു.

അഞ്ചു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ്

ദേശീയപാത ബൈപാസിനായി 1977ൽ ആരംഭിച്ച സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണു പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപാസ്. ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്.

1300 കോടി രൂപയാണ് കേന്ദ്ര സർക്കാർ ചെലവഴിച്ചത്. 85.5 ഏക്കർ സ്ഥലം ഏറ്റെടുത്തു. ഒരു മേൽപ്പാലം, ഒരു റെയിൽവേ ഓവർ ബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. 1977 ലാണ് സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുന്നത് പല മുന്നണികൾ കേന്ദ്രം ഭരിച്ചെങ്കിലും 2014ൽ വന്ന നരേന്ദ്ര മോദി സർക്കാർ നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലാണ് 2018ൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാൻ കഴിഞ്ഞത്.

ദേശീയപാത 66ന്റെ ഭാഗമായ തലശ്ശേരി മാഹി ബൈപാസ് പൂർണമായും യാത്ര സജ്ജമായതോടെ മുഴപ്പിലങ്ങാട് മഠം ജംക്ഷൻ മുതൽ അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ ദൂരം താണ്ടാൻ ഇനി വേണ്ടത് പരമാവധി 20 മിനിറ്റാണ്. ബൈപാസ് തുറക്കുന്നതോടെ തലശ്ശേരി, മാഹി ടൗണുകളിലെ ഗതാഗതക്കുരുക്കഴിയും.1543 കോടി രൂപ ചെലവിലാണ് 18.6 കിലോമീറ്റർ തലശ്ശേരി മാഹി ബൈപാസ് നിർമ്മാണം പൂർത്തിയാക്കിയത്.

ബൈപാസ് കടക്കാൻ കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറു സ്വകാര്യവാഹനങ്ങൾക്കു 65 രൂപയാണു നിരക്ക്. ഇരുവശത്തേക്കും ഒരേ ദിവസം യാത്ര ചെയ്യുകയാണെങ്കിൽ 100 രൂപ മതിയാകും. 50 യാത്രകൾക്ക് 2195 രൂപ എന്ന തരത്തിൽ പ്രതിമാസ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ രജിസ്റ്റർ ചെയ്ത ടാക്‌സി വാഹനങ്ങൾക്ക് 35 രൂപയാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 105 രൂപയും ഒരേ ദിവസം ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 160 രൂപയുമാണു നിരക്ക്.

ബസുകൾക്കും ലോറിക്കും (2 ആക്‌സിൽ) ഒരു വശത്തേക്ക് 225 രൂപയും ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയും നൽകണം. 8105 രൂപയ്ക്കു പ്രതിമാസ പാസും ലഭ്യമാണ്. 3 ആക്‌സിൽ വാഹനങ്ങൾക്ക് 245 രൂപയും ഇരുവശത്തേക്കും 355 രൂപയും 4 മുതൽ 6 വരെ ആക്‌സിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 350 രൂപയും ഇരുവശത്തേക്ക് 5425 രൂപയും നൽകണം. 7 ആക്‌സിലിനു മുകളിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 425 രൂപയും ഇരുവശത്തേക്കും 640 രൂപയുമാണു നിരക്ക്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസ് നൽകും.

വഴിയിലെ കുരുക്കഴിയുന്നു

ദേശീയപാത 66-ൽ തലശ്ശേരിയിലെയും മാഹിയിലെയും 'കുപ്പിക്കഴുത്തുകൾ' കുപ്രസിദ്ധമാണ്. ഇഴഞ്ഞുനീങ്ങി മാത്രമേ വാഹനങ്ങൾക്ക് തലശ്ശേരിയും മാഹിയും താണ്ടാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, ആറുവരി ബൈപ്പാസ് യാഥാർഥ്യമായതോടെ ഈ കുപ്പിക്കഴുത്തുകളിൽ കുരുങ്ങാതെ ദീർഘദൂരയാത്രക്കാർക്ക് കടന്നുപോകാൻ സാധിക്കും. തലശ്ശേരി, മാഹി നഗരങ്ങളെ പൂർണമായും ഒഴിവാക്കിയാണ് ബൈപ്പാസ് കടന്നുപോകുന്നത്.

മുഴപ്പിലങ്ങാട് മുതൽ മാഹി അഴിയൂർവരെയുള്ള 18.6 കിലോമീറ്റർ ബൈപ്പാസ്. തലശ്ശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാം. മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ എത്തിച്ചേരുന്നത്.

ഒരു മേൽപ്പാലം, ഒരു റെയിൽവേ ഓവർ ബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു നിർമ്മാണചുമതല. 2018-ലാണ് കമ്പനി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. 1543 കോടിയാണ് പദ്ധതി ചെലവ്. 16.5 കിലോമീറ്ററാണ് പാതയുടെ നീളം. 1226 കോടിയാണ് ചെലവ്.