- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വട്ടിയൂർക്കാവിലും നേതാക്കൾ കൂറുമാറും; ബിജെപിയിൽ എത്തുന്നവർ ആരെല്ലാം?

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽജേത്രിയും കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് ഇന്ന് ബിജെപിയിൽ ചേരും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്‌പോർട് കൗൺസിൽ അധ്യക്ഷയായിരുന്നു പത്മനി തോമസ്. കേരളത്തിനായി അത്‌ലറ്റിക്‌സിൽ മികവ് കാട്ടിയ ആദ്യ കാല കായികതാരങ്ങളിൽ ഒരാളാണ് പത്മിനി തോമസ്.
പത്മിനിക്ക് പുറമേ മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തെ കർഷക കോൺഗ്രസിന്റെ പ്രമുഖ നേതാവും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ചില കോൺഗ്രസ് നേതാക്കളുമാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്നാണ് വിവരം. കെ കരുണാകരന്റെ വിശ്വസ്തനായ മുൻ എംപിയും ബിജെപിയുടെ സാധ്യതാ പട്ടികയിലുണ്ട്. പത്മിനി തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായികതാരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയിൽ ചേരുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. താൻ ബിജെപിയിൽ ചേരുമെന്ന് പത്മിനി തോമസ് മനോരമ ഓൺലൈനിനോട് സ്ഥിരീകരിച്ചു. പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും പത്മിനി തോമസ് പറഞ്ഞു. ആർജുന അവാർഡ് ജേതാവായ പത്മിനി ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടുണ്ട്.
സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസിന് കെ.കരുണാകരൻ, ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കെപിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായി പത്മിനിയെ പരിഗണിച്ചെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.
1982ലെ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെങ്കലവും 4 ഃ 400 മീറ്റർ റിലേയിൽ വെള്ളിയും നേടി. എൻഐഎസ് ഡിപ്ലോമ നേടി റെയിൽവേ ടീമിന്റെ പരിശീലകക്കുപ്പായത്തിലും പത്മിനി തിളങ്ങി. അർജുന അവാർഡും ജി.വി.രാജ അവാർഡും ലഭിച്ചിട്ടുണ്ട്. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരിക്കെ 2015ൽ ദേശീയ ഗെയിംസ് കേരളത്തിൽ സംഘടിപ്പിച്ചു. കോളജ് ഗെയിംസും പുനരാരംഭിച്ചു.

