- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുരേഷ് ഗോപി കിരീടം സമർപ്പിച്ചതിനെ രാഷ്ട്രീയമായി കാണുന്നില്ല': കെ മുരളീധരൻ
തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി മകളുടെ വിവാഹത്തിന് മുന്നോടിയായി നേർച്ചയുടെ ഭാഗമായി നടത്തിയ കിരീട സമർപ്പണം വിവാദമാക്കേണ്ടെന്നു യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. ഒരു വിശ്വാസിയുടെയും വിശ്വാസത്തെ താൻ ചോദ്യം ചെയ്യില്ലെന്നും മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃശൂർ ലൂർദ് പള്ളിയിൽ എത്തിയപ്പോഴായിരുന്നു മുരളിയുടെ പ്രതികരണം.
"ഞാനൊരു വിശ്വാസിയാണ്. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യില്ല. വിശ്വാസികൾ ഏതു രീതിയിലാണോ ആരാധനലായങ്ങൾക്കു കാണിക്ക സമർപ്പിക്കുന്നതെന്നത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അതിനെ രാഷ്ട്രീയമായി കാണുന്നില്ല. സുരേഷ് ഗോപി കിരീടം സമർപ്പിച്ചതിനെ രാഷ്ട്രീയമായി കണ്ടിട്ടില്ല" മുരളീധരൻ പറഞ്ഞു. ബിജെപി, എൽഡിഎഫ് മുന്നണികൾ തൃശൂരിൽ വൻതോതിൽ പണമൊഴുക്കിയെന്നും മുരളീധരൻ ആരോപിച്ചു. പണംകൊടുത്ത് വോട്ട് വിലക്ക് വാങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായാണു ലൂർദ് കത്തീഡ്രൽ ദേവാലയത്തിലെ മാതാവിന്റെ രൂപത്തിൽ സുരേഷ് ഗോപി കിരീടം സമർപ്പിച്ചത്. അടുത്തിടെ, ഈ കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ രംഗത്തെത്തിയിരുന്നു. ലൂർദ് ഇടവക പ്രതിനിധി യോഗത്തിലാണ് കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് ഇക്കാര്യം ഉന്നയിച്ചത്. സ്വർണക്കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണം പൂശി നൽകിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണു നീക്കം.
അതേ സമയം മണിപ്പൂരിൽ പള്ളി തകർത്തതിന്റെ പാപപരിഹാരമായാണ് സുരേഷ് ഗോപി കിരീടം സമർപ്പിച്ചതെന്ന ടി എൻ പ്രതാപന്റെ ആരോപണത്തെ തള്ളുന്നതാണ് മുരളീധരന്റെ പ്രതികരണം. മകളുടെ വിവാഹത്തിന് മുന്നോടിയായി നേർച്ചയുടെ ഭാഗമായാണ് സുരേഷ് ഗോപി സ്വർണ്ണക്കിരീടം സമർപ്പിച്ചത്. നടപടിയിൽ 'പാപക്കറ കഴുകിക്കളയാൻ സ്വർണ്ണക്കിരീടം കൊണ്ട് ആവില്ല' എന്നും പ്രതാപൻ പ്രതികരിച്ചിരുന്നു.
സുരേഷ് ഗോപി നൽകിയത് ചെമ്പിൽ സ്വർണം പൂശിയ കിരീടമാണെന്ന ആക്ഷേപവും പിന്നാലെ ഉയർന്നിരുന്നു. കിരീടത്തിലെ സ്വർണത്തിന്റെ തൂക്കം അറിയാൻ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. പള്ളി വികാരിയെയും ട്രസ്റ്റിയെയും കൈക്കാരന്മാരെയും ചേർത്താണ് കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വർണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കും.