പത്തനംതിട്ട: പുൽവാമ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി എംപി. ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞിട്ടില്ല. സത്യം പറഞ്ഞാൽ രാജ്യദ്രോഹിയാകുമെങ്കിൽ ആകട്ടെയെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവാദ പരാമർശം എതിരാളികൾ രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് തിരുത്തും വിശദീകരണവുമായി ആന്റോ ആന്റണി രംഗത്ത് വന്നത്. പുൽവാമയിൽ പാക്കിസ്ഥാന് എന്ത് പങ്കെന്ന് ഇന്നലത്തെ ചോദ്യം വൻ വിവാദമായതോടെ ആന്റോ ആന്റണി തിരുത്തി. പരാമർശം ദേശീയതലത്തിൽ ബിജെപി ചർച്ചയാക്കിയിരുന്നു.

സിപിഎമ്മും കൂടി കളത്തിലേക്ക് എത്തുമെന്ന് കണ്ടാണ് ആന്റോയുടെ തിരുത്ത്. കശ്മീർ ഗവർണ്ണറായിരുന്ന സത്യപാൽ മാലികിന്റെ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് ചെയ്‌തെന്ന് വിശദീകരണം. ആന്റോ ആന്റണിക്കെതിരെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക് രംഗത്തെത്തിയിരുന്നു. ആന്റോ ആന്റണിയുടെ വിവാദ പരാമർശം പുതിയ കാര്യമല്ല. എന്നാൽ പാക്കിസ്ഥാന് എന്ത് പങ്കെന്ന പരാമർശം ശരിയായില്ലെന്നും ഐസക് കൂട്ടിച്ചേർത്തു. ദേശീയ രാഷ്ട്രീയം പറഞ്ഞാൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്താകുമെന്ന് കൂടി തോമസ് ഐസക് പറഞ്ഞുവെയ്ക്കുന്നു.

ആന്റോ ആന്റണിയുടെ പുൽവാമ പരാമർശം കോൺഗ്രസിനെതിരെ ദേശീയതലത്തിൽ ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ആന്റോ ആന്റണിയെ തള്ളി രംഗത്ത് വന്നെങ്കിലും രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുക്കണമെന്ന ബിജെപി നിലപാടിനെ പിന്തുണയ്ക്കാൻ ഇടതുപക്ഷമില്ല. കോൺഗ്രസ് - ബിജെപി നേർക്കുനേർ ഏറ്റുമുട്ടലിലേക്ക് കളംമാറിയാൽ തെരഞ്ഞെടുപ്പ് ചർച്ചകളിൽ കാഴ്ചക്കാരാകേണ്ടിവരുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്.

വിവാദ പരാമർശത്തിൽ ആന്റോ ആന്റണിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഭീകരവാദികളുടെ കൈയടി വാങ്ങാനും നാലുവോട്ടിനും വേണ്ടി നാടിനെ ഒറ്റുകൊടുക്കുകയാണ് കോൺഗ്രസ് നേതാക്കളെന്നും സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.

പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണറുടെ വാക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആന്റോ ആന്റണി എംപിയുടെ വിവാദ പ്രസ്താവന. 'ഇന്ത്യൻ അതിർത്തിക്കകത്ത് നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. ജവാന്മാരുടെ ജീവൻ ബലികൊടുത്തത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് ബിജെപി. നിശ്ചയിച്ച അന്നത്തെ ഗവർണർ പോലും പറഞ്ഞതാണ്. ജവാന്മാരെ കൊണ്ടുപോകേണ്ടത് ഹെലികോപ്റ്ററിലാണ്. ഒരിക്കലും ഇത്രയും ആളുകൾ ഒരുമിച്ച് യാത്രചെയ്യാൻ അനുവാദമില്ല. ആ മാനദണ്ഡങ്ങൾ ലംഘിച്ച് മനപ്പൂർവ്വം ഈ വഴിയിലോട്ട് വിടുകയും സ്‌ഫോടനം ഉണ്ടാകുകയും മരിക്കുകയും ചെയ്തു എന്ന് പറഞ്ഞത് ബിജെപി. നിശ്ചയിച്ച ഗവർണറാണ്. കൃത്രിമമായി സൃഷ്ടിച്ചതാണ് സ്‌ഫോടനം എന്നും 42 ജവാന്മാരുടെ മരണത്തിന് സർക്കാരിന് ഉത്തരവാദിത്വം ഉണ്ടാകുമെന്നും പറഞ്ഞില്ലേ?', എന്നായിരുന്നു ആന്റോ ആന്റണിയുടെ പ്രസ്താവന.

വീരമൃത്യുവരിച്ച ജവാന്മാരേയും അവരുടെ കുടുംബാംഗങ്ങളേയും രാജ്യത്തെയുമാണ് ആന്റോ ആന്റണി എംപി. അപമാനിച്ചതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. 'നാടിന്റെ അതിർത്തി കാക്കാൻ വീരമൃത്യുവരിച്ച ധീരജവാന്മാരേയും അവരുടെ കുടുംബാംഗങ്ങളേയും ഈ രാജ്യത്തേയുമാണ് ആന്റോ ആന്റണി അപമാനിച്ചിരിക്കുന്നത്. ഭീകരവാദികളുടെ കയ്യടി വാങ്ങാനും നാലുവോട്ടിനും വേണ്ടി ഈ നാടിനെ ഒറ്റുകൊടുക്കുകയാണ് തുടർച്ചയായി കോൺഗ്രസ്സ് നേതാക്കൾ. ആന്റോ ആന്റണി പ്രസ്താവന പിൻവലിച്ച് രാജ്യത്തോട് മാപ്പു പറയണം. അതിന് തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിക്കണം. കോൺഗ്രസ്സിന്റെ കേന്ദ്ര-സംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ എന്തു പറയുന്നു എന്ന് കേൾക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു', സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.