- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുൽവാമ പരാമർശത്തിലൂടെ ആന്റോ ആന്റണി അവഹേളിച്ചത് ഇന്ത്യൻ സൈനികരെ
കൊച്ചി: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ആന്റോ ആന്റണിയുടെ വിവാദ പുൽവാമ പരാമർശം രാഷ്ട്രീയ വിഷയമായി ബിജെപി ദേശീയ തലത്തിൽ ഉയർത്തിക്കാണിക്കുന്നതിനിടെ രൂക്ഷവിമർശനവുമായി എൻഡിഎ സ്ഥാനാർത്ഥിയായ അനിൽ ആന്റണി രംഗത്ത്. ആന്റോ ആന്റണിയുടെ പുൽവാമ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്ന് അനിൽ ആന്റണി കൊച്ചിയിൽ പറഞ്ഞു. പാക്കിസ്ഥാൻ കേന്ദ്ര മന്ത്രി അന്ന് അവരുടെ പാർലമെന്റിൽ പറഞ്ഞത് പുൽവാമ അവരുടെ വിജയം എന്നാണ്. തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുന്നവരെയാണ് എംപി അവഹേളിച്ചത്.
വിവാദ പരാമർശത്തിലൂടെ ഇന്ത്യൻ സൈനികരെയാണ് ആന്റോ ആന്റണി അവഹേളിച്ചത്. ആന്റോ ആന്റണിയുടെ പരാമർശം ഞെട്ടിപ്പിക്കുന്നതാണ്. ആന്റോ ആന്റണി മാപ്പ് പറയണം. ഇല്ലെങ്കിൽ നിയമനടപടികൾ ആലോചിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു. ചില വിഭാഗക്കാരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ പലതും പറയുന്നത്. രാഹുൽ ഗാന്ധിയും ഇതുതന്നെയാണ് ചെയ്യുന്നത്.
ആന്റോ ആന്റണിക്ക് പാർലമെന്റിൽ കാലുകുത്താൻ അവകാശമില്ലെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തിനെതിരെ നിയമ നടപടികൾക്ക് ബിജെപി ഇറങ്ങുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രത്തിന്റേതാണ് അവസാന വാക്ക്. ഇത് നടപ്പാക്കില്ല എന്നു പറയുന്നവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. പല മുഖ്യമന്ത്രിമാരും ഇങ്ങനെ പറയുന്നുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു. കേരളത്തിലെ വനം - വന്യ ജീവി വിഷയത്തിൽ പ്രശ്ന പരിഹാരമുണ്ടാകാത്തതിന് കാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പുക്കേടാണ്. ഇതിൽ കേന്ദ്രത്തിനെ പഴിചാരിയിട്ട് കാര്യമില്ല. അശാസ്ത്രീയമയാണ് കേരള സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.
ഇതിനിടെ, പുൽവാമ പരാമർശം വിവാദമായതോടെ വിശദീകരണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി രംഗത്തെത്തി. പാക്കിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആന്റോയുടെ ഇന്നത്തെ വിശദീകരണം. എന്നാൽ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് എതിരാളികൾ.
പുൽവാമയിൽ പാക്കിസ്ഥാന് എന്ത് പങ്കെന്ന് ഇന്നലത്തെ ചോദ്യം വൻ വിവാദമായതോടെയാണ് ആന്റോ ആന്റണി തിരുത്തിയത്. പരാമർശം ദേശീയതലത്തിൽ ബിജെപി ചർച്ചയാക്കി. സിപിഎമ്മും കൂടി കളത്തിലേക്ക് എത്തുമെന്ന് കണ്ടാണ് ആന്റോയുടെ തിരുത്ത്. കശ്മീർ ഗവർണ്ണറായിരുന്ന സത്യപാൽ മാലികിന്റെ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് ചെയ്തെന്ന് വിശദീകരണം. ആന്റോ ആന്റണിക്കെതിരെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്കും രംഗത്തെത്തി. ദേശീയ രാഷ്ട്രീയം പറഞ്ഞാൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്താകുമെന്ന് കൂടി തോമസ് ഐസക് പറഞ്ഞുവെയ്ക്കുന്നു.
ആന്റോ ആന്റണിയുടെ പുൽവാമ പരാമർശം കോൺഗ്രസിനെതിരെ ദേശീയതലത്തിൽ ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ആന്റോ ആന്റണിയെ തള്ളി രംഗത്ത് വന്നെങ്കിലും രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുക്കണമെന്ന ബിജെപി നിലപാടിനെ പിന്തുണയ്ക്കാൻ ഇടതുപക്ഷമില്ല. കോൺഗ്രസ് - ബിജെപി നേർക്കുനേർ ഏറ്റുമുട്ടലിലേക്ക് കളംമാറിയാൽ തെരഞ്ഞെടുപ്പ് ചർച്ചകളിൽ കാഴ്ചക്കാരാകേണ്ടിവരുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്.
പുൽവാമ ആക്രമണം സംബന്ധിച്ച് ഗുരുതര ആരോപണമാണ് ആന്റോ ആന്റണി എംപി ഉന്നയിച്ചത്. 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്നായിരുന്നു ആന്റോ ആന്റണിയുടെ ഗുരുതര ആരോപണം. സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ഗവർണറായിരുന്ന സത്യപാൽ മാലിക് ആണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീർ ഗവർണർ വെളിപ്പെടുത്തി. പുൽവാമ സ്ഫോടനത്തിൽ പാക്കിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചിരുന്നു.