- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴൽനാടന്റെ ഹർജി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജിയിൽ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് വിജിലൻസ് തങ്ങളുടെ നിലപാട് അറിയിച്ചത്. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജി പരിഗണിക്കുന്നത് കോടതി മാർച്ച് 27-ലേക്ക് മാറ്റി. കുഴൽനാടന്റെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി.
വീണാ വിജയന്റെ കമ്പനിയും എക്‌സാലോജിക്കും തമ്മിലുള്ള പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാത്യു കുഴൽനാടൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ, ഈ ആവശ്യത്തെ വിജിലൻസ് കോടതിയിൽ എതിർത്തു. കേസിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് സാധ്യതയില്ലെന്നും വിജിലൻസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട മുഴുവൻ വിഷയവും കോടതിയുടെ പരിഗണനയിലാണ്. അത്തരമൊരു സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം സാധ്യമല്ലെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. കേസിൽ പ്രത്യേകമായി വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസിൽ ഇരുഭാഗത്തിന്റെയും വാദം കേൾക്കുന്നതിനായി ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.
ധാതുമണൽ ഖനനത്തിനു സിഎംആർഎൽ കമ്പനിക്കു വഴിവിട്ടു സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾക്ക് സിഎംആർഎൽ കമ്പനി മാസപ്പടി കൊടുത്തുവെന്നാണ് മാത്യു കുഴൽനാടൻ ഹർജിയിൽ ആരോപിക്കുന്നത്. മുഖ്യമന്ത്രി, മകൾ അടക്കം ഏഴ് പേർക്കെതിരെയാണ് മാത്യു കുഴൽനാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29നാണ് ഹർജി സമർപ്പിച്ചത്.
മാസപ്പടി അന്വേഷണത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നേരത്തെ വിജിലൻസിൽ പരാതി സമർപ്പിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വാർത്താ സമ്മേളനങ്ങളിൽ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. രേഖകൾ സഹിതമാണ് അദ്ദേഹം വിജിലൻസിന് പരാതി സമർപ്പിച്ചത്.