തിരുവനന്തപുരം: ബിജെപിക്ക് കേരളത്തിൽ പലയിടങ്ങളിലും നല്ല സ്ഥാനാർത്ഥികളാണുള്ളതെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് നന്ദി പറഞ്ഞ് ബിജെപി നേതാക്കൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം, പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാർത്ഥികളാണ് ഉള്ളതെന്നുമായിരുന്നു ഇപിയുടെ പ്രസ്താവന.

ഇത് വിവാദമായതോടെ തിരുത്തുമായി മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തി. കേരളത്തിൽ എൽഡിഎഫ് -യുഡിഎഫ് മത്സരം തന്നെയാണ് നടക്കുന്നത്, ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിശദീകരണവുമായി രംഗത്തുവന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഇപി പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ല,കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ഇപ്പോഴിതാ ഇപി ജയരാജന് പിണഞ്ഞ അബദ്ധം ബിജെപി നേതാക്കൾ ഏറ്റെടുത്തിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിജെപി നേതാവും ആലപ്പുഴ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രനും ഇപിയുടെ പ്രസ്താവനയെ പിൻതാങ്ങി.

"ഇ.പി. ജയരാജനെ അവമതിക്കുന്ന പ്രസ്താവന നടത്തില്ല. രണ്ടാം സർക്കാർ വന്നശേഷം ഇ.പി. ജയരാജൻ പറയുന്നതിൽ വസ്തുതയുണ്ട്. സത്യം ഒരു പ്രാവശ്യമെങ്കിലും ഇ.പി. ജയരാജൻ പറഞ്ഞല്ലോ. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും ജയരാജന്റെ വായടപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല" കെ. സുരേന്ദ്രൻ പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനത്തുനിന്നു പ്രമുഖരെ മാറ്റിയത് പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിനു വേണ്ടിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. "കുടുംബാധിപത്യ പാർട്ടിയായി സിപിഎം മാറി. റിയാസ് എല്ലാ വകുപ്പിലും കൈയിട്ടു വാരുകയാണ്. സുധാകരനും ഇ.പി. ജയരാജനും ഇക്കാര്യം അറിയാം. മറ്റു മന്ത്രിമാർ നോക്കുകുത്തികളായി നിൽക്കുകയാണ്.

ഇപി വസ്തുതകൾ പരിശോധിച്ച ശേഷമായിരിക്കും ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നാണ് ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്. അതേസമയം പാർട്ടിക്ക് അകത്തുനിന്ന് തന്നെ ഇപിക്ക് തിരുത്തലുകൾ നേരിടേണ്ടി വന്നപ്പോൾ പ്രതിപക്ഷവും ശക്തമായാണ് ഇപിയെ നേരിട്ടത്. ഇപിയെ വിമർശിച്ചും പരിഹസിച്ചും രമേശ് ചെന്നിത്തല, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.