- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ രാഹുലിനെതിരെ, തമിഴ്‌നാട്ടിൽ രാഹുലിനെ ഒപ്പംനിർത്തി സിപിഎം
വയനാട്: 'ഇന്ത്യ' സഖ്യത്തിലെ കോൺഗ്രസും സിപിഎമ്മും നേർക്കുനേർ പോരാടുന്ന കേരളത്തിൽ നിന്നും വിഭിന്നമായ കാഴ്ചയാണ് അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലേത്. ഇരു സംസ്ഥാനങ്ങളിലായി സിപിഎം നേതൃത്വം സ്വീകരിക്കുന്ന ഇരട്ടത്താപ്പ് ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ സിപിഐ സ്ഥാനാർത്ഥിക്കായി വോട്ട് തേടുമ്പോൾ മധുരയിലെ സ്വന്തം സ്ഥാനാർത്ഥിയുടെ താരപ്രചാരകനാണ് രാഹുൽ ഗാന്ധി. സ്വന്തം പാർട്ടി നേതാക്കളുടെ സ്ഥാനത്ത് രാഹുലിന്റെ ചിത്രംവച്ചാണ് സിപിഎം സ്ഥാനാർത്ഥി വോട്ടുതേടുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വയനാട് മണ്ഡലത്തിൽ ഏതുവിധേനയും തോൽപിക്കാനുറച്ചാണ് കേരളത്തിലെ സിപിഎം ഇക്കുറി പോരാട്ടം കൊഴുപ്പിക്കുന്നത്. പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇന്ന് വയനാട്ടിലെത്തുകയാണ്.
#AgainSuVe #Madurai #Election2024 #மீண்டும்சுவெ #மதுரை #INDIA pic.twitter.com/om2I2zNxr4
— Su Venkatesan MP (@SuVe4Madurai) March 15, 2024
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സിപിഐ ദേശീയ നേതാവ് ആനി രാജയാണ് വയനാട്ടിൽ മത്സരരംഗത്തെങ്കിലും സി.പിഐയേക്കാൾ വാശിയോടെ രാഹുലിനെതിരെ പടയൊരുക്കം നടത്തുന്നത് സിപിഎമ്മാണ്. രാഹുൽ ഗാന്ധിയുടെ രണ്ടാം വരവ് തോൽവി ഏറ്റുവാങ്ങാനാണെന്ന് സിപിഎമ്മിന്റെ ജില്ല നേതാക്കൾ അവകാശവാദം മുഴക്കുമ്പോൾ അതിന് ഊർജം പകരാൻ പിണറായി വിജയൻ ഇന്ന് സുൽത്താൻ ബത്തേരിയിലും പനമരത്തും ഇടതുമുന്നണി റാലികളിൽ പങ്കെടുക്കും.
വയനാട്ടിൽ രാഹുലിനെതിരെ പ്രചണ്ഡ പ്രചാരണങ്ങളുമായി സിപിഎം അരയും തലയും മുറുക്കുമ്പോൾ, ജില്ലക്ക് തൊട്ടുകിടക്കുന്ന തമിഴ്‌നാട്ടിൽ പക്ഷേ, ഇതിനു നേർവിപരീതമാണ് കാര്യങ്ങൾ. അവിടെ സിപിഎമ്മിന്റെ ഏറ്റവും വലിയ താരപ്രചാരകരിൽ ഒരാളായാണ് രാഹുലിനെ അവതരിപ്പിക്കുന്നത്. രാഹുലിനെതിരെ പിണറായി വിജയൻ വയനാട്ടിൽ പ്രചാരണത്തിനെത്തുന്ന അതേദിവസം, മധുര മണ്ഡലത്തിലെ സിപിഎമ്മിന്റെ സിറ്റിങ് എംപി യും സ്ഥാനാർത്ഥിയുമായ എസ്. വെങ്കടേശൻ പങ്കുവെച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
திமுக தலைமையிலான இந்தியா கூட்டணியில் போட்டியிடும்
— Su Venkatesan MP (@SuVe4Madurai) March 16, 2024
மார்க்சிஸ்ட் கம்யூனிஸ்ட் கட்சியின்
மதுரை மக்களவைத் தொகுதி வெற்றி வேட்பாளர்
“ வைகையின் புதல்வன் “
தோழர் சு.வெங்கடேசன் அவர்களுக்கு
சுத்தியல் அரிவாள் நட்சத்திரம் சின்னத்தில் வாக்களிப்பீர் ! #மீண்டும்சுவெ #மதுரை #againsuve… pic.twitter.com/E6V1cq5oQr
തമിഴ്‌നാട്ടിൽ സു വെങ്കടേശൻ എന്നറിയപ്പെടുന്ന അദ്ദേഹം, സമൂഹ മാധ്യമങ്ങളായ എക്‌സിലും ഫേസ്‌ബുക്കിലുമൊക്കെ പങ്കുവെച്ച തെരഞ്ഞെടുപ്പ് പോസ്റ്ററിൽ രാഹുൽ ഗാന്ധിയും ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളാണ് പ്രധാനമായും ഉള്ളത്. സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയുടേതോ മുൻ സെക്രട്ടറി പ്രകാശ് കാരാട്ടിന്റേതോ ചിത്രങ്ങളില്ലാത്ത ഇലക്ഷൻ പോസ്റ്ററിൽ നടൻ കമൽ ഹാസനും ലീഗ് നേതാവ് ഖാദർ മൊയ്തീനും ഉൾപ്പെടെ മുന്നണിയിലെ പ്രാദേശിക നേതാക്കളുടെയും ചിത്രങ്ങളുമുണ്ട്.
യെച്ചൂരിയും കാരാട്ടുമില്ലാത്ത തന്റെ ഇലക്ഷൻ പോസ്റ്ററിൽ കൈവീശി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ മുഴുനീള ചിത്രം നൽകി സിപിഎം സ്ഥാനാർത്ഥി വോട്ടുപിടിക്കുന്നത് കേരളത്തിലെ കോൺഗ്രസ് സൈബർ ഹാൻഡിലുകളും കാര്യമായി പ്രചരിപ്പിക്കുന്നുണ്ട്.
തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിലാണ് സിപിമ്മും കോൺഗ്രസും മത്സരിക്കുന്നത്. ഡിഎംകെ 21 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും സിപിഎം 2 സീറ്റിലുമാണ് മത്സരിക്കുക. മധുരയ്ക്ക് പുറമെ ദിണ്ടിഗലിലാണ് സിപിഎം മത്സരിക്കുന്നത്. 2019ൽ തമിഴ്‌നാടിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ഡിഎംകെ ജയിച്ച മണ്ഡലമാണ് ഇത്. ഡിഎംകെയുടെ പി വേലുസാമി 5.38 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ 2019 ൽ വെന്നിക്കൊടി പാറിച്ചത്.
ദിണ്ടിഗൽ ലോക്സഭാ മണ്ഡലത്തിന് കീഴിലെ നിയോജക മണ്ഡലങ്ങളിൽ പലതിലും സിപിഎം ഒരുപാട് തവണ വിജയിച്ചിട്ടുണ്ട്. എന്നാൽ 2014 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ 20000 വോട്ട് പോലും പാർട്ടി സ്ഥാനാർത്ഥിക്ക് കിട്ടിയിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറിയായ സച്ചിദാനന്ദൻ മണ്ഡലത്തിൽ വിജയിച്ചാൽ ദിണ്ടിഗലിലെ ആദ്യ സിപിഎം എംപിയാകും അദ്ദേഹം.
പകരം സിപിഎം മത്സരിച്ചികൊണ്ടിരുന്ന കോയമ്പത്തൂരിൽ ഡിഎംകെ സ്ഥാനാർത്ഥി ജനവിധി തേടും. അവസാനം നടന്ന നാല് തെരഞ്ഞെടുപ്പിലും ഇടതു പാർട്ടികൾ വിജയിച്ച മണ്ഡലമാണ് കോയമ്പത്തൂർ. 176918 വോട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പിആർ നടരാജന് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം. കോയമ്പത്തൂർ അടങ്ങുന്ന പടിഞ്ഞാറൻ മേഖലയിൽ പാർട്ടിക്ക് സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കേണ്ട അവസരമെന്ന് വിലയിരുത്തിയാണ് സിപിഎമ്മിൽ നിന്ന് ഡിഎംകെ സീറ്റ് എറ്റെടുത്തത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപിക്കായി കോയമ്പത്തൂരിൽ ഇറങ്ങുമെന്ന അഭ്യൂഹം കൂടിയായതോടെ രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിന് സ്റ്റാലിൽ തീരുമാനിക്കുകയായിരുന്നു. മണ്ഡലത്തിൽ ഉദയനിധി സ്റ്റാലിന് പ്രചാരണ ചുമതല നൽകുമെന്നാണ് റിപ്പോർട്ട്.
പ്രമുഖ തമിഴ് നോവലിസ്റ്റും തമിഴ്‌നാട് മുർപ്പോക്ക് എഴുത്താളർ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമാണ് മധുരയിലെ സിപിഎം സ്ഥാനാർത്ഥി സു. വെങ്കിടേശൻ. 2011ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിന്റെ 'കാവൽ കോട്ടം' എന്ന തമിഴ് നോവലിനായിരുന്നു. 28 വർഷമായി പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായ വെങ്കിടേശൻ നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. 16 പുസ്തകങ്ങൾ രചിച്ച അദ്ദേഹം മികച്ച പ്രാസംഗികനുമാണ്.