തിരുവനന്തപുരം: വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ്. വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാരായ വിശ്വാസികൾക്കും ഇത് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും പിഎംഎ സലാം വ്യക്തമാക്കി.

വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ് നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തിരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏപ്രിൽ 26-ന് നടത്താൻ നിശ്ചയിച്ച ലോക്സഭ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്തയും ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ.കെ. ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തിരഞ്ഞടുപ്പ് കമ്മീഷന് ഇ.മെയിൽ അയച്ചതായും സമസ്ത അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ നിസ്്കാരം നിർവഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും സംഘം ചേർന്ന് നിർവഹിക്കേണ്ട ആരാധനയാണ് ജുമുഅ നിസ്‌കാരം. വോട്ടർമാർക്കും ഡ്യുട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കും. മാത്രമല്ല പോളിങ്ങനെയും ഇത് സാരമായി ബാധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു

കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മൂന്ന മണിയോടെ പ്രഖ്യാപിച്ചത്. ഏഴു ഘട്ടമായി നടത്തുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ നാലിനാണ് ഇത്തവണ വോട്ടെണ്ണൽ.

രാജ്യത്താകെ ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.