- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്ടെ ബിജെപി കൺവെൻഷനിൽ പ്രതിഷേധമോ?
കാസർകോട്: ബിജെപി നേതൃത്വത്തിനെതിരെ സികെ പത്മനാഭൻ പൊട്ടിത്തെറിക്കുമ്പോൾ ചർച്ചയാകുന്നത് മറ്റു പാർട്ടികൾ വിട്ട് ബിജെപിയിലെത്തുന്നവർക്ക് നൽകുന്ന അമിത പ്രാധാന്യം. എൻഡിഎ കാസർകോട് മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷനിലായിരുന്നു നാടകീയ രംഗങ്ങൾ. സികെപി എന്ന് വിളിക്കുന്ന സികെ പത്മനാഭൻ കേരളത്തിലെ മുതിർന്ന ബിജെപി നേതാവ്. മുൻ സംസ്ഥാന അധ്യക്ഷൻ. പതിറ്റാണ്ടുകൾക്ക് മുമ്പ് സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തിയ നേതാവ്. പാർട്ടിയുടെ വളർച്ചയ്ക്ക് മുന്നിൽ നിന്നു. എന്നിട്ടും കാസർകോട് അപമാനം നേരിട്ടുവെന്നാണ് വിലയിരുത്തൽ.
കൺവെൻഷൻ ഉദ്ഘാടനം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ ഏൽപിച്ചതിലായിരുന്നു സികെപിയുടെ പരസ്യമായ പ്രതിഷേധം. കാസർകോട് ടൗൺഹാളിലെ ഉദ്ഘാടന ചടങ്ങിൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കാൻ സംഘാടകർ വേദിയിലേക്കു ക്ഷണിച്ചത് പത്മജയെ ആയിരുന്നു. പത്മജ നിലവിളക്കു കൊളുത്തുമ്പോൾ സി.കെ.പത്മനാഭൻ കസേരയിൽ നിന്ന് എഴുന്നേറ്റതുമില്ല. ഇത് പ്രതിഷേധത്തിന്റെ ഭാഗമാണ്. അനുനയത്തിന് നേതാക്കൾ ശ്രമിച്ചെങ്കിലും സികെപി വഴങ്ങിയില്ല. അപമാനിതനായെന്ന നിലപാടിൽ ഉറച്ചു നിന്നു.
പത്മജയുടെ പ്രസംഗം തീരുന്നതിനു മുൻപേ സി.കെ.പത്മനാഭൻ വേദി വിടുകയും ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടകനെന്നു പറഞ്ഞ് സി.കെ.പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. വേദിയിലുണ്ടായിരുന്ന സ്ഥാനാർത്ഥി എം.എൽ.അശ്വിനി, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, സംസ്ഥന സമിതിയംഗം എം.നാരായണ ഭട്ട് എന്നിവരെല്ലാം നിലവിളക്ക് കൊളുത്തുമ്പോൾ അതിന്റെ അടുത്തെത്തി. എന്നാൽ പത്മനാഭൻ വന്നില്ല.
ഉദ്ഘാടകനെന്ന് അറിയിച്ചശേഷം മാറ്റിയതിൽ തനിക്ക് അതൃപ്തിയുള്ള കാര്യം അദ്ദേഹം നേതാക്കളോട് പ്രകടിപ്പിക്കുകയും ചെയ്തു. ബിജെപി എന്ന സംഘടനയ്ക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അതു ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി.കെ.പത്മനാഭൻ പിന്നീട് പ്രതികരിച്ചക്കുകയും ചെയ്തു. ഇവിടെ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകൾ മറ്റ് പാർട്ടി വിട്ട് ബിജെപിയിലേക്ക് വരുന്നത്. മറ്റൊരു പാർട്ടിയിൽ നിന്ന് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണ് ഇവർ.
ഇങ്ങനെ വരുന്നവർക്ക് പാർട്ടിയിൽ എന്തു സ്ഥാനമാണു നൽകേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്. പാർട്ടി ഒന്നുമല്ലാതിരുന്നപ്പോൾ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയിൽ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ നൽകുന്നതിൽ പ്രവർത്തകർക്കു തന്നെ അമർഷമുണ്ട് സി.കെ.പത്മനാഭൻ പറഞ്ഞു.
വിവാദങ്ങൾ ബിജെപി നേതൃത്വം തള്ളിക്കളയുകയാണ്. ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത് പത്മജയെ തന്നെ ആയിരുന്നെന്നും വിളക്കു കൊളുത്തുമ്പോൾ പത്മനാഭൻ എഴുന്നേൽക്കാതിരുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്നുമാണ് ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചത്.