ന്യൂഡൽഹി: അഴിമതിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന കർക്കശവും അചഞ്ചലവുമായ നടപടികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ന് മുൻപ് ഇ.ഡിക്ക് ജോലിയെടുക്കാൻ അനുവാദമുണ്ടായിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട് ഇഡിയെയാണ് പ്രതിപക്ഷം പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഈ സാഹചര്യത്തിലാണ് മോദിയുടെ വിശദീകരണം. ഇന്ത്യാ ടുഡേ കോൺക്ലേവിലായിരുന്നു അഭിപ്രായ പ്രകടനം.

അഴിമതിക്കെതിരേ പ്രവർത്തിക്കാൻ ഏജൻസിക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് മോദി പറഞ്ഞു. അന്വേഷണ ഏജൻസിയുടെ നടപടികളിൽ പ്രതിപക്ഷ പാർട്ടികൾ ആശങ്കാകുലരാണെന്ന് പരിഹസിച്ച മോദി, സർക്കാരിന്റെ പ്രധാന കാഴ്ചപ്പാടുകളിലൊന്ന് അഴിമതിയോടു വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നുള്ളതാണെന്നും വ്യക്തമാക്കി. വീണ്ടും അധികാരത്തിൽ എത്തിയാലും ഇഡിക്ക് മുമ്പോട്ടു പോകാൻ കഴിയുമെന്ന സന്ദേശമാണ് മോദി നൽകുന്നത്.

"എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന്റെ കാര്യമെടുക്കാം. 2014 വരെ പിഎംഎൽഎയുടെ കീഴിൽ 1800 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ 4700 കേസുകൾ രജിസ്റ്റർ ചെയ്തു. 2014 വരെ 5000 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയതെങ്കിൽ, കഴിഞ്ഞ പത്തു വർഷം അത് ഒരുലക്ഷം കോടിയുടെ അനധികൃതസ്വത്ത് ഇഡി പിടിച്ചെടുത്തു." പ്രധാനമന്ത്രി വിശദീകരിച്ചു.

"തീവ്രവാദത്തിന് ധനസഹായം, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി വ്യക്തികളെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുള്ളതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വലിയ കുറ്റകൃത്യങ്ങൾക്ക് തടയിട്ട ഇ.ഡി ആയിരം കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തുമ്പോൾ കുറച്ചുപേർക്ക് ബുദ്ധിമുട്ടുണ്ടാകുക സ്വാഭാവികമാണ്.

"ഇതേ കാരണത്താലാണ് പ്രതിപക്ഷം രാവും പകലും മോദിയെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. അവരോട് വളരെയധികം ഖേദമുണ്ടെന്നു മാത്രമേ രാജ്യം പറയുന്നുള്ളൂ. പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് കടലാസിൽ കണക്കുകൂട്ടി പ്രതിപക്ഷം സ്വപ്നങ്ങൾ നെയ്തുകൊണ്ടിരിക്കുകയാണ്. പക്ഷേ മോദി സ്വപ്നങ്ങൾക്കപ്പുറത്ത് ഗ്യാരണ്ടിയിലേക്ക് കടന്നുകഴിഞ്ഞു." പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനിടയിലാണ് ഇഡി ആരോപണങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ആദ്യമായാണ് ആരോപണത്തിന് മോദി മറുപടി നൽകുന്നത്.

ഇന്ത്യ ടുഡേ കോൺക്ലേവ് 2024-ൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, താൻ വീണ്ടും കോൺക്ലേവിലേക്ക് വരുമെന്ന് പറഞ്ഞു.'ഭാരതത്തെ പുനർനിർവചിക്കുക' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വികസന സങ്കൽപ്പങ്ങളും ഇന്ത്യയിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളെ കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ അദ്ദേഹം വിവിധ വിഷയങ്ങളെ കുറിച്ച് പ്രതിപാദിച്ചു.

ഞാൻ വീണ്ടും കോൺക്ലേവിൽ വരുമെന്നും ഇന്ന് നൽകിയ വികസന വാഗ്ദാനങ്ങളെ കുറിച്ച് അന്ന് ഞാൻ വീണ്ടും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതം വേഗത്തിൽ വികസിക്കുമെന്നതിൽ സംശയമില്ല. ആഗോള അനിശ്ചിതാവസ്ഥ മറികടന്നും ഇന്ത്യ വളർച്ച കൈവരിക്കും. താൻ ഹെഡ് ലൈനുകൾക്ക് വേണ്ടിയല്ല, ഡെഡ് ലൈനുകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യ ഉടൻ ലോകത്തിലെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാകും. താൻ പദ്ധതിയിടുന്നത് 2047ന് വേണ്ടിയാണെന്നും മോദി പറഞ്ഞു.

ഭാരതം വേഗത്തിൽ വികസിക്കുമെന്നതിൽ സംശയമില്ലെന്ന്അദ്ദേഹം പറഞ്ഞു. ആഗോള അനിശ്ചിതാവസ്ഥ മറികടന്നും ഇന്ത്യ വളർച്ച കൈവരിക്കും. താൻ ഹെഡ് ലൈനുകൾക്ക് വേണ്ടിയല്ല, ഡെഡ് ലൈനുകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യ ഉടൻ ലോകത്തിലെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാകും. താൻ പദ്ധതിയിടുന്നത് 2047ന് വേണ്ടിയാണെന്നും മോദി പറഞ്ഞു.