തിരുവനന്തപുരം: പത്മജ വേണുഗോപാലുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് മറുപടി ടി ജി നന്ദകുമാർ. ദല്ലാൾ നന്ദകുമാറിനെ അറിയില്ല, പത്മജയെ ബിജെപിയിലെത്തിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമുള്ള ഇ പി ജയരാജന്റെ വാദങ്ങൾ തള്ളിയാണ് ദല്ലാൾ നന്ദകുമാർ രംഗത്തെത്തിയത്. ദല്ലാൾ നന്ദകുമാറിനെ അറിയില്ലായിരിക്കും എന്നാൽ ടി ജി നന്ദകുമാറിനെ ഇ പി ജയരാജന് അറിയാം. പത്മജയെ സിപിഐഎമ്മിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്നുവെന്നും നന്ദകുമാർ ആവർത്തിച്ചു.

തന്നെ അറിയില്ലെന്ന് ഇ പി ജയരാജന് പറയാൻ കഴിയില്ലെന്നും ഇപിയുമായി തനിക്ക് നേരത്തെ പരിചയമുണ്ടെന്നും നന്ദകുമാർ വ്യക്തമാക്കി. പത്മജയെ ഇപി എൽഡിഎഫിലേക്ക് ക്ഷണിച്ചത് തന്റെ ഫോണിലൂടെയാണെന്ന് വെളിപ്പെടുത്തിയ നന്ദകുമാർ ഇക്കാര്യം ജയരാജന് നിഷേധിക്കാൻ കഴിയില്ലെന്നും ആവർത്തിച്ചു. ദീപ്തി മേരി വർഗീസിനെയും തന്റെ സാന്നിദ്ധ്യത്തിൽ ഇ പി ജയരാജൻ കണ്ടിരുന്നു എന്നും നന്ദകുമാർ വെളിപ്പെടുത്തി.

ഇപി ജയരാജൻ പറഞ്ഞിട്ട് പത്മജ വേണുഗോപാലിനെ എൽഡിഎഫിലേക്ക് കൊണ്ടുവരാൻ ശ്രമം നടന്നുവെന്ന ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ നേരത്തെ ഇ പി ജയരാജൻ തള്ളിയിരുന്നു. പത്മജയെ എൽഡിഎഫിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. ക്ഷണിച്ചിരുന്നെങ്കിൽ അവർ എൽഡിഎഫിലേക്ക് വരില്ലേയെന്നും ഇപി ചോദിച്ചു. ദല്ലാൾ നന്ദകുമാറിനെ അറിയില്ലെന്നുമാണ് ഇ പി പറഞ്ഞത്. ഇതിനെതിരെയാണ് ടി ജി നന്ദകുമാർ രംഗത്തുവന്നിരിക്കുന്നത്. രണ്ട് വർഷം മുമ്പ് നടന്നതുകൊണ്ടാണ് ഇ പി ജയരാജൻ നിഷേധിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

എൽഡിഎഫ് കൺവീനറായ ഇ പി ജയരാജന്റെ നിർദേശപ്രകാരം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് മൂന്ന് തവണ പത്മജയുമായി എൽഡിഎഫ് പ്രവേശത്തെ കുറിച്ച് ചർച്ച ചെയ്തുവെന്നായിരുന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. ബിജെപിയിലേക്ക് ചേരുന്നതിന് മുമ്പ് തനിക്ക് എൽഡിഎഫിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുള്ളതായി പത്മജ വേണുഗോപാൽ നേരത്തെ വ്യക്തമാക്കിയത് വലിയ ചർച്ചയായിരുന്നു. അതിനെ തുടർന്നാണ് അന്ന് എൽഡിഎഫിന് വേണ്ടി പത്മജയ്ക്ക് ഇടനിലക്കാരൻ ആയി നിന്നു എന്ന് അവകാശപ്പെടുന്ന നന്ദകുമാർ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

പ്രതീക്ഷിച്ച സൂപ്പർ പദവി കിട്ടാത്തതുകൊണ്ടാണ് പത്മജ വേണുഗോപാലിന്റെ എൽഡിഎഫ് പ്രവേശം മുടങ്ങിയത് എന്നാണ് ടി ജി നന്ദകുമാർ പറയുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കളും നിയോജകമണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ പത്മജ വേണുഗോപാൽ ദുബായിലായിരുന്നു, അങ്ങനെ ഇപി ജയരാജൻ പത്മജയോട് സംസാരിക്കാൻ പറഞ്ഞു.

ആദ്യം ആവശ്യപ്പെട്ടത് അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാര്യക്കെതിരായി വന്ന വീഡിയോ കമന്റിനെതിരെ പ്രതികരിക്കാൻ ആണ്, അത് പത്മജ ചെയ്തു. പത്രങ്ങളിലും ഇതിന്റെ വാർത്ത വന്നിരുന്നു, എൽഡിഎഫിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പത്മജ വേണുഗോപാലിനെ പരിഗണിക്കാനുള്ള മാർഗങ്ങൾ ഇടതുമുന്നണി കണ്ടെത്തി, പക്ഷേ ആ പൊസിഷൻ അവർക്ക് സ്വീകാര്യമായിരുന്നില്ല, അവരൊരു സൂപ്പർ പൊസിഷനാണ് ഉദ്ദേശിച്ചിരുന്നത്. വനിതാ കമ്മീഷൻ പോലൊരു പൊസിഷൻ പോര എന്നവർക്ക് തോന്നിക്കാണും. അവർ ആവശ്യപ്പെട്ടതല്ല, പ്രതീക്ഷിച്ചത് കിട്ടാതെ പോയതാണ് കാര്യമെന്നും നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു.

കെപിസിസി ജനറൽ സെക്രട്ടറിയും എഐസിസി അംഗവുമായ ദീപ്തി മേരി വർഗീസ് യുഡിഎഫ് നീക്കങ്ങൾ ചോർത്തിയെന്നും ടി ജി നന്ദകുമാർ ആരോപിച്ചു. ദീപ്തി മേരി വർഗീസ് ഇപി ജയരാജനെ വന്നുകാണുകയായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രധാന ചുമതല ദീപ്തി മേരി വർഗീസിനായിരുന്നു. കോൺഗ്രസിന്റെ നീക്കങ്ങൾ അറിയാനാണ് ദീപ്തിയെ ബന്ധപ്പെട്ടത്. യുഡിഎഫ് നീക്കങ്ങൾ അവർ ചോർത്തി നൽകി. യുഡിഎഫ് ക്യാമ്പിലെ വിവരങ്ങൾ കൃത്യമായി കൈമാറിയെന്നും നന്ദകുമാർ ആരോപിച്ചു. ദീപ്തി വോട്ട് മറിച്ചെന്ന ആരോപണം ആവർത്തിച്ച ടി ജി നന്ദകുമാർ ദീപ്തിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. ഒരേ വേദിയിൽ നിഷേധിച്ചാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും നന്ദകുമാർ പറഞ്ഞു.

ദീപ്തി മേരി വർഗീസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും സിപിഐഎമ്മിലേക്ക് മാറുന്ന കാര്യം ചർച്ച ചെയ്തെന്നുമാണ് നേരത്തെ ടി ജി നന്ദകുമാർ ആരോപിച്ചത്. ഇപിയുടെ വിശ്വാസം നേടുന്നതിനായി ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിനെതിരെ വോട്ട് ചെയ്ത് വിവിപാറ്റ് സ്ലിപ്പിന്റെ ദൃശ്യം തനിക്ക് മൊബൈലിൽ അയച്ചുതന്നെന്നും നന്ദകുമാർ പറഞ്ഞിരുന്നു. നന്ദകുമാറിന്റെ ആരോപണം തള്ളി ദീപ്തി മേരി വർഗീസ് രംഗത്തെത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങളിൽ എത്രത്തോളം കഴമ്പുണ്ടെന്ന് നേതൃത്വത്തിന് അറിയാമെന്നും നേതൃത്വത്തിന് തന്നെ വിശ്വാസമുണ്ടെന്നുമായിരുന്നു ദീപ്തി മേരി വർഗീസ് പ്രതികരിച്ചത്.