തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ - ഇ.പി. ജയരാജൻ ബിസിനസ് കൂട്ടുകെട്ട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ നൽകാൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെളിവ് വേണമെന്നുള്ളവർ കേസ് കൊടുക്കട്ടെയെന്നും കോടതിയിൽ മുഴുവൻ രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ബിജെപി.-സിപിഎം. എന്ന് പറയുന്നതുപോലെയാണ് നിരാമയ-വൈദേകം റിസോർട്ട് എന്ന പേരുമാറ്റമെന്നും അദ്ദേഹം വിമർശിച്ചു.

'രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് നിരാമയ റിസോർട്ട് എന്നതിൽ എം വി ഗോവിന്ദന് എന്തെങ്കിലും സംശയമുണ്ടോ? 11 വർഷം മുൻപ് കോവളത്ത് നടന്ന നിരാമയ റിസോർട്ട് ഉദ്ഘാടനത്തിൽ രാജീവ് ചന്ദ്രശേഖർ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. വൈദേകം റിസോർട്ടുമായി ഇ.പി. ജയരാജനും കുടുംബത്തിനും ബന്ധമുണ്ട്. ആ റിസോർട്ടിന്റെ അഡൈ്വസറാണ് താനെന്ന് ജയരാജൻ തന്നെ പറഞ്ഞിട്ടുണ്ട്.' റിസോർട്ട് നടത്തിപ്പിന് അഡൈ്വസ് നൽകുന്നതിൽ ജയരാജൻ എന്നാണ് വിദഗ്ധനായതെന്നും സതീശൻ ചോദിച്ചു.

'നിരാമയ റിസോർട്ടും വൈദേകവും തമ്മിൽ ഒരു കാരാറുണ്ട്. ആ കരാർ അനുസരിച്ച് വൈദേകത്തിന്റെ നടത്തിപ്പ് ചുമതല നിരാമയയ്ക്കാണ്. ഇപ്പോൾ ആ സ്ഥാപനത്തിന്റെ പേര് നിരാമയ-വൈദേകം റിസോർട്ട് എന്നാണ്. ഇത്രയും തെളിവുകൾ മതിയോ എം.വി ഗോവിന്ദന്. കരാർ ഒപ്പുവെച്ചതിന് ശേഷം നിരാമയയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർക്കൊപ്പം ഇ.പി. ജയരാജന്റെ കുടുംബം നിൽക്കുന്നതിന്റെ ചിത്രവുമുണ്ട്.' രാജീവ് ചന്ദ്രശേഖറോ ഇ.പി ജയരാജനോ ഇക്കാര്യം നിഷേധിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടില്ലെന്നാണ് ഇ.പി. ജയരാജൻ പറഞ്ഞത്. രാജീവ് ചന്ദ്രശേഖറും ഇ.പി. ജയരാജനും കണ്ടിട്ടുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇരുവരും തമ്മിൽ കൂടിയാലോചന നടത്തിയെന്ന ആരോപണവും ഉന്നയിച്ചിട്ടില്ല. പക്ഷെ രണ്ടുപേരുടെയും സ്ഥാപനങ്ങൾ തമ്മിൽ കരാറുണ്ട്.' ആ കരാറിനെ തുടർന്നാണ് രണ്ട് സ്ഥാപനങ്ങളും ഒന്നായതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

'പല മണ്ഡലങ്ങളിലും ബിജെപി. രണ്ടാം സ്ഥാനത്ത് വരുമെന്നും ബിജെപിയുടെ പല സ്ഥാനാർത്ഥികളും മികച്ചതാണെന്നുമാണ് എൽ.ഡി.എഫ്. കൺവീനർ പറഞ്ഞത്. കെ. സുരേന്ദ്രനോ ബിജെപിക്കാരോ പറയാത്തതാണ് ജയരാജൻ പറഞ്ഞത്.' കേന്ദ്രത്തിലെ ബിജെപിയെ സന്തോഷിപ്പിക്കാൻ പിണറായി വിജയനാണ് ഈ പാവത്തിനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിൽ ഒരിടത്തും ബിജെപി. രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. സിപിഎമ്മും ബിജെപിയും ഒന്നിച്ചാലും തൃശൂരിൽ യു.ഡി.എഫ് വിജയിക്കുമെന്നും മാസപ്പടി, ലാവലിൻ കേസുകളിലെ അന്വേഷണങ്ങളെ ഭയപ്പെടുന്ന പിണറായി കേരളത്തിൽ ബിജെപിക്ക് ഇല്ലാത്ത സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുകയാണെന്നും വി.ഡി. സതീശൻ വിമർശിച്ചു.

രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും കേരളത്തിൽ മത്സരിക്കുന്നതിൽ പ്രതിഷേധമുണ്ടെങ്കിൽ കോൺഗ്രസ് മുന്നണിയിൽ മത്സരിക്കുന്ന തമിഴ്‌നാട്ടിലെ രണ്ട് സിപിഎം. സ്ഥാനാർത്ഥികളെ പിൻവലിക്കാൻ സിപിഎം. തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വിരലിൽ എണ്ണാവുന്ന സീറ്റുകളിൽ മാത്രം മത്സരിക്കുന്ന സിപിഎമ്മാണ് നരേന്ദ്ര മോദിയെ താഴെയിറക്കാൻ നടക്കുന്നതെന്നും വി.ഡി. സതീശൻ പരിഹസിച്ചു.