തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, എലിപ്പെട്ടി, തേൾ, നീരാളി തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്റെ പ്രസ്താവന തോൽവി മുന്നിൽകണ്ടുള്ള ബാലമനസ്സിന്റെ നിലവിളിയാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. വംശനാശം നേരിടുന്ന ഈനാംപേച്ചിയും മരപ്പെട്ടിയുമൊക്കെ സിപിഎമ്മിന് ഏറ്റവും ഉചിതമായ ചിഹ്നം തന്നെയാണ്.

മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളുമാണ്. ലോകമെമ്പാടും വംശനാശം സംഭവിച്ച കമ്യൂണിസം അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയെ കാണണമെങ്കിൽ മ്യൂസിയത്തിൽ പോകേണ്ടി വരുമെന്നും ഹസൻ പരിഹസിച്ചു.

'അടുത്ത തിരഞ്ഞെടുപ്പിൽ ആരുടെ മയ്യത്താണ് എടുക്കാൻ പോകുന്നതെന്ന് ഫലം വരുമ്പോൾ അറിയാം. എന്തായാലും അതു കോൺഗ്രസിന്റെ ആയിരിക്കില്ല. ബിജെപിയുടെ പിന്തുണ ഇല്ലെങ്കിൽ സ്വന്തം ചിഹ്നത്തിൽ സിപിഎം മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞടുപ്പായിരിക്കുമിത്. അവർക്ക് നിശ്ചിത ശതമാനം വോട്ടും ഒരൊറ്റ സീറ്റും കേരളത്തിൽ നിന്നു ലഭിക്കില്ലെന്ന് കോൺഗ്രസ് ഉറപ്പാക്കും. തീവ്രവലതുപക്ഷ വ്യതിയാനവും ബിജെപി ബാന്ധവവും മുഖമുദ്രയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം മൂലം ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മയ്യത്തെടുക്കുമെന്ന് ആർക്കാണ് അറിയാത്തത്?' ഹസൻ ചോദിച്ചു.

ബിജെപിയുടെ കാരുണ്യത്തിലാണ് സിപിഎം ഇപ്പോൾ നിലനിൽക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഹായിച്ചതിനാലാണ് സിപിഎമ്മിനു രക്ഷപ്പെടാനായത്. ഇത്തവണ അവരുടെ സഹകരണം കുറെക്കൂടി പ്രകടമാണ്. ഇ.പി.ജയരാജന്റെ രാജീവ് ചന്ദ്രശേഖറുമായുള്ള ബിസിനസ് ഡീൽ അതിന്റെ ഭാഗമാണ്. ബിജെപിയെ തറപറ്റിക്കാനല്ല, തങ്ങളുടെ നില ഈനാംപേച്ചിയുടേത് ആകാതിരിക്കാനാണ് സിപിഎം മത്സരിക്കുന്നതെന്നും ഹസൻ പറഞ്ഞു.

കോൺഗ്രസിനെതിരായ വിമർശനത്തിൽ സിപിഎം നേതാവ് എകെ ബാലനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും നേരത്തെ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് തോൽക്കുമെന്ന് ബാലൻ പറഞ്ഞതിന്റെ അർത്ഥം ബിജെപി ജയിക്കും എന്നാണോ എന്ന് വിഡി സതീശൻ ചോദിച്ചു. രാജ്യത്ത് കോൺഗ്രസിന്റെ മയ്യത്ത് എടുക്കും എന്ന് വച്ചാൽ അതല്ലേ അർത്ഥം?ബിജെപിയെ സഹായിക്കുകയാണ് സിപിഎം ചെയ്യുന്നത്. സിപിഎം വംശനാശം നേരിടുകയാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എതിരെയാണ് കോൺഗ്രസ് മത്സരിക്കുന്നത്. എന്നാൽ സിപിഎം സ്വന്തം നിലനിൽപ്പാണ് നോക്കുന്നത്. സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി ഇലക്ഷൻ സ്റ്റണ്ട് ആണ്. നേരത്തെ ആകാമായിരുന്നല്ലോ. കേന്ദ്ര സർക്കാരിനെതിരെ പോരാട്ടം നടത്തുകയാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം.

ഇതിനെല്ലാം പിന്നിൽ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ആകെ പേടിച്ച് ഇരിക്കുകയാണ്. ബിജെപി -സിപിഎം ബാന്ധവം ആണ്. അവർ ഒരുമിച്ച് നിന്നാലും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപിക്ക് ഇല്ലാത്ത സ്‌പേസ് കേരളത്തിൽ സിപിഎം ഉണ്ടാക്കുകയാണ്. ബിജെപി നേതാക്കളെ ഡൽഹിയിൽ പോയി കണ്ട രാജേന്ദ്രനെതിരെ നടപടിയെടുക്കാൻ ധൈര്യം ഇല്ലാത്ത ഭീരുക്കളുടെ പാർട്ടി ആണ് സിപിഎം. ബിജെപിയുടെ ബി ടീം ആയി കേരളത്തിൽ സിപിഎം പ്രവർത്തിക്കുകയാണ്.കേരളത്തിലെ സിപിഎമ്മിന്റെ കാലനായി പിണറായി മാറി. തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു. കോൺഗ്രസ് വിരുദ്ധത പറഞ്ഞ് ബിജെപിയേ സിപിഎം നേതാക്കൾ സന്തോഷിപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

മോദിയെയും പിണറായിയും ജനങ്ങൾ മടുത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തലപറഞ്ഞു. ചിഹ്നം രക്ഷിക്കാൻ അല്ല മത്സരിക്കുന്നത് എ കെ ബാലൻ പറഞ്ഞത് ശരിയാണ്. മരപ്പട്ടിക്ക് ഈനാംപേച്ചിക്കും വോട്ട് പിടിക്കാതിരിക്കാൻ നടത്തുന്ന തെരഞ്ഞെടുപ്പാണിത്. സിപിഎം ചിഹ്നം നിലനിർത്താനാണ് വോട്ടുപിടിക്കുന്നത്. കേരളത്തിൽ ഇഡി വരില്ല. പിണറായി മോദിയും തമ്മിലുള്ള അന്തർധാര അത്ര നല്ലതാണ്. പ്രിയങ്കയുടെ ഭർത്താവുമായി ബന്ധപ്പെട്ട ഡിഎൽഎഫ് ബന്ധം സിപിഎം പ്രചരിപ്പിക്കുന്നത് വെറും കള്ളമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.