തിരുവനന്തപുരം: പൂക്കോട് വെറ്റനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണ് വൈസ് ചാൻസലർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നിയമോപദേശം പോലും തേടാതെയാണ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ വി സി പിൻവലിച്ചത്. പ്രതിപ്പട്ടികയിലുള്ള ഉന്നതരെ രക്ഷിക്കുകയെന്നതാണ് ലക്ഷ്യം. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിന് പിന്നിൽ വൻ ഇടപെടലുകളുണ്ട്.

എസ്.എഫ്.ഐ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസാണിത്. വിദ്യാർത്ഥി, മഹിളാ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടത്തിയ സമരത്തെ തുടർന്നാണ് സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സമരങ്ങളെ ഭയന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാർ തയാറായത്.

കൊന്ന് കെട്ടിത്തൂക്കിയവർ തന്നെയാണ് അഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. കേസ് കൈമാറുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാതെ സിബിഐ വരുന്നതിന് മുൻപ് തെളിവുകൾ നശിപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പ്രതികളെ രക്ഷിക്കാനാണ് സർക്കാരും സർവകലാശാലയും ശ്രമിക്കുന്നത്. മാധ്യമ വാർത്തകൾ തിരഞ്ഞെടുപ്പിലേക്ക് മാറിയപ്പോൾ വീണ്ടും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കും. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സിദ്ധാർത്ഥിന്റെ കുടുംബത്തിനൊപ്പമാണ് പ്രതിപക്ഷം.

സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ നിന്നുംനഎസ്.എഫ്.ഐ ക്രിമിനലുകൾ ഒന്നും പഠിച്ചില്ല. കൊയിലാണ്ടിയിൽ അമൽ എന്ന വിദ്യാർത്ഥിയെ ഇടി വീട്ടിൽ എത്തിച്ച് മർദ്ദിച്ചു. തിരുവനന്തപുരത്ത് 51 വയസുകാരനായ നൃത്താധ്യാപകനെ മുറിയിൽ കൊണ്ടു പോയി തല്ലിച്ചതച്ചു. അദ്ധ്യാപകൻ പിന്നീട് ആത്മഹത്യ ചെയ്തു. ഇതു സംബന്ധിച്ച അന്വേഷണം എന്തായി?

പിണറായി വിജയനാണ് എസ്.എഫ്.ഐ ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്നത്. ജീവൻരക്ഷാ പ്രവർത്തനമെന്ന് ന്യായീകരിച്ച് തെറ്റുകൾക്ക് കുടപിടിച്ച മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും-സതീശൻ പറഞ്ഞു.