- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യം അനുവദിച്ചാൽ പത്തനംതിട്ടയിൽ പ്രചാരണത്തിനെത്തും: എ.കെ. ആന്റണി
തിരുവനന്തപുരം: ലോക്സഭയിലേക്ക് ഇത്തവണ നടക്കുന്നത് 'ഡു ഓർ ഡൈ' തിരഞ്ഞെടുപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഇന്ത്യയെന്ന ആശയം നിലനിൽക്കണോയെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരോഗ്യം അനുവദിച്ചാൽ പത്തനംതിട്ടയിലെത്തുമെന്നും എ കെ ആന്റണി പറഞ്ഞു. ഇന്ത്യാ മുന്നണി അധികാരത്തിൽവന്നാൽ പൗരത്വനിയമഭേദഗതി ചവറ്റുകൊട്ടയിൽ എറിയുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ഇന്ത്യയെന്ന ആശയം നിലനിൽക്കണോയെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഭരണഘടനയും മൗലികാവകാശങ്ങളും കാറ്റിൽപ്പറത്താൻ ശ്രമിക്കുന്ന നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വരാതിരിക്കാൻവേണ്ടി എന്തൊക്കെ ചെയ്യാൻ സാധിക്കുമോ, അതൊക്കെ ചെയ്യാൻ എന്റെ ആരോഗ്യം അനുവദിക്കുമെങ്കിൽ ഞാൻ തയ്യാറാവും. മതത്തിന്റെ പേരിലുള്ള പൗരത്വത്തെ എതിർക്കാൻ കോൺഗ്രസ് ഏതറ്റംവരേയും പോകും', ആന്റണി വ്യക്തമാക്കി.
മകൻ അനിൽ ആന്റണി ബിജെപി. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പത്തനംതിട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്കുവേണ്ടി പ്രചാരണത്തിന് പോകുമോയെന്ന ചോദ്യത്തിന്, 'അപ്പോഴത്തെ ആരോഗ്യസ്ഥിതി അനുസരിച്ചിരിക്കും' എന്നായിരുന്നു എ.കെ. ആന്റണിയുടെ മറുപടി.
നിയമസഭാ തിരഞ്ഞെടുപ്പിൽ കെപിസിസി. ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. പിന്നീട് തിരുവനന്തപുരം വിട്ടുപോയത് തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പിന് മാത്രമാണ്. ഇത്തവണത്തെ പ്രചാരണം എങ്ങനെയാവുമെന്ന് വരുംദിവസങ്ങളിലെ അരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും തീരുമാനിക്കും. ആരോഗ്യം അനുവദിക്കുന്നത് പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം അറിയിച്ചു.
ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിക്ക് വേണ്ടി പത്തനംതിട്ടയിൽ നിന്നാണ് മത്സരിക്കുന്നത്. മകനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് വേണ്ടിയാണ് ആന്റണി പത്തനംതിട്ടയിലെത്തുക.