പത്തനംതിട്ട: മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന്റെ മൊഴിയെടുക്കൽ അനിവാര്യമെന്ന ഇഡിയുടെ വാദത്തിന് മറുപടിയുമായി തോമസ് ഐസക്. വിരട്ടാൻ നോക്കണ്ടായെന്നും പൗരന്റെ അവകാശങ്ങൾക്ക് വേണ്ടിയാണ് താൻ പോരാടുന്നതെന്നും തോമസ് ഐസക് പറഞ്ഞു. എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് പറയട്ടെ. വിരട്ടാമെന്ന് വിചാരിക്കണ്ട. നിയമ പോരാട്ടം തുടരും.

ഡൽഹിയിൽ ഇരിക്കുന്ന ആരുടെയെങ്കിലും ആഗ്രഹം കാരണമാകും തന്റെ പിന്നാലെ ഇഡി വരുന്നതെന്നും തോമസ് ഐസക് ആരോപിച്ചു. പത്തനംതിട്ടയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ടും തോമസ് ഐസക് പ്രതികരിച്ചു. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കണ്ടെന്നും രണ്ടു പേരും പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞുവെന്നും പാർട്ടിയിൽ ഒരു തർക്കവും പ്രശ്‌നവുമില്ലെന്നും തോമസ് ഐസക് പറഞ്ഞു. സുഗമമായി പ്രചാരണം നടക്കുകയാണെന്നും പാർട്ടിയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഐസക് പറഞ്ഞു.

മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ ഐസക്കിന്റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡി ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനം തോമസ് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നതായി ഇഡി പറഞ്ഞുയ കിഫ്ബിയുടെ മറുപടിയിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ബോണ്ട് സംബന്ധിച്ച് തീരുമാനമെടുത്ത പ്രധാന വ്യക്തി ഐസക്കെന്നും ഇ ഡി ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇടപാടിലെ നിയമസാധുത പരിശോധിക്കാൻ ഐസക്കിന്റെ മൊഴിയെടുക്കൽ അനിവാര്യമെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.

അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാലാണ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത്. അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നതും പ്രധാനമാണ്. ഇ .ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയേയും, അധികാരികളെയും വെല്ലുവിളിക്കുന്നു. അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇ.ഡി വ്യക്തമാക്കി

കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു. ഹർജികൾ വേനൽ അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അടിയന്തര സാഹചര്യമുണ്ടായാൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി പറഞ്ഞു. കേസ് ഇനി മെയ് 22 ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്നാണ് ഇഡി നിലപാട്.

എന്നാൽ, ഇഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് ഐസക്കിന്റെ വാദം. തോമസ് ഐസക്കിന്റെ ഹരജി പരിഗണിക്കുന്നതിനിടെ എന്തിനാണ് അദ്ദേഹത്തിന് സമൻസ് അയക്കുന്നതെന്ന് കോടതി ഇഡിയോട് നേരത്തെ ചോദിച്ചിരുന്നു. ഇതിലാണ് ഇഡി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.