വൈക്കം: പൗരത്വത്തെ കുറിച്ച് പറഞ്ഞ നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി ഇപ്പോഴും ആവർത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ചതിലൂടെ കേന്ദ്ര സർക്കാരിന്റെ ഫാഷിസത്തിന്റെ ക്രൂരമുഖം ജനം തിരിച്ചറിഞ്ഞു. ക്രൗഡ് ഫണ്ടിങിലൂടെ തിരഞ്ഞെടുപ്പിനുള്ള പണം കണ്ടെത്തും. ഇടത് യൂണിയൻ പ്രവർത്തകരെ ഉൾപ്പെടുത്തി വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇരട്ട വോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശദീകരിച്ചു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കാസർകോട് പറഞ്ഞ നട്ടാൽ കുരുക്കാത്ത നുണ തന്നെയാണ് മുഖ്യമന്ത്രി ഇപ്പോഴും ആവർത്തിക്കുന്നത്. രാഹുൽ ഗാന്ധി സി.എ.എയ്ക്ക് എതിരെ പാർലമെന്റിൽ വോട്ട് ചെയ്തതിന്റെ രേഖകൾ പുറത്ത് വിട്ടിട്ടും മുഖ്യമന്ത്രി അതേ നുണ ആവർത്തിക്കുന്നു. എംപിമാരായ ശശി തരൂരും എൻ.കെ പ്രേമചന്ദ്രനും ഇ.ടി മുഹമ്മദ് ബഷീറും പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തു. എന്നിട്ടും പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് കള്ളപ്രചരണം നടത്തുകയാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു എന്നതിന് പകരം വ്യാജപ്രചരണം ആരംഭിച്ചു എന്ന് പറയുന്നതാകും ശരി.

എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ പടം വേണമോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ചിഹ്നം സംരക്ഷിക്കാനോ ദേശീയ അംഗീകാരം നഷ്ടപ്പെടാതിരിക്കാനോ അല്ല വർഗീയതയെ കുഴിച്ചുമൂടി ഫാഷിസം ഇല്ലാതാക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ദേശീയതലത്തിലും യു.ഡി.എഫ് കേരളത്തിലും മത്സരിക്കുന്നത്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ആലപ്പുഴ ഉൾപ്പെടെ നേടി ഇരുപതിൽ ഇരുപത് സീറ്റിലും ഉജ്ജ്വല വിജയമുണ്ടാകുമെന്നതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുഖ്യപ്രതിപക്ഷ കക്ഷിയെ ഭരണകൂടം എങ്ങനെ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു എന്നതാണ് ആദായനികുതി വകുപ്പ് കോൺഗ്രിസന് നൽകിയിരിക്കുന്ന നോട്ടീസിലൂടെ ജനങ്ങൾ മനസിലാക്കുന്നത്. ഫാഷിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണിത്. മത്സരിക്കാൻ പണമില്ലെങ്കിൽ ജനങ്ങൾ ഞങ്ങളെ സഹായിക്കും. ക്രൗഡ് ഫണ്ടിങ് നടത്തി കൂലിപ്പണിക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാർ നൽകുന്ന 50 രൂപയും 100 രൂപയും കൊണ്ട് ഞങ്ങൾ തിരഞ്ഞെടുപ്പ് നടത്തും. പണം കൊണ്ടൊന്നും ഞങ്ങളെ തോൽപിക്കാനാകില്ല. ഇവരാണ് വീണ്ടും അധികാരത്തിൽ വരുന്നതെങ്കിൽ ഇന്ത്യയിൽ പ്രതിപക്ഷം പോലും ഉണ്ടാകില്ലല്ലോ. പ്രതിപക്ഷ നേതാവിനെ ജയിലിൽ ഇട്ട് വിഷം കൊടുത്തു കൊന്ന റഷ്യയിലെ പുട്നെ ഓർമ്മിപ്പിക്കുകയാണ് ഇവർ. ബിജെപി അധികാരത്തിൽ വന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിന്റെ സൂചനയാണ് ആദായ നികുതി വകുപ്പ് വഴി നടത്തിയത്. എംപിമാർ ലെവി പോലെ നൽകിയ 14 ലക്ഷത്തിന്റെ പേരിലാണ് അക്കൗണ്ടുകൾ മുഴുവൻ ഫ്രീസ് ചെയ്തത്. അല്ലാതെ അത് കള്ളപ്പണമല്ല. ഭരണത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് കോൺഗ്രസിനെ പ്രവർത്തിപ്പിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. സിബിഐയെയും ഇ.ഡിയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വാങ്ങിയ കോടികൾ ഉപയോഗിച്ചാണ് ബിജെപി തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിലും വലിയ പ്രതിസന്ധികൾ കോൺഗ്രസ് നേരിട്ടിട്ടുണ്ട്. ഈ പ്രതിസന്ധിയെയും ഞങ്ങൾ അതിജീവിക്കും. പണം ഇല്ലാതെ എങ്ങനെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഞങ്ങൾ കാണിച്ചുകൊടും.

കോട്ടയത്ത് രണ്ടിലയിൽ ഒരു കൺഫ്യൂഷനുമില്ല. കഴിഞ്ഞ തവണ പാലയിൽ രണ്ടില ചിഹ്നത്തിൽ മത്സരിച്ചിട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി പതിനയ്യായിരം വോട്ടിനാണ് പരാജയപ്പെട്ടത്. രണ്ടിലയിൽ മത്സരിച്ചിരുന്ന മോൻസ് ജോസഫ് കഴിഞ്ഞ തവണ ചിഹ്നം മാറി മത്സരിച്ചിട്ടും വിജയിച്ചു. അവിടെ രണ്ടിലയല്ല ജയിച്ചത്. കോട്ടയത്തെ വോട്ടർമാർ പ്രബുദ്ധരാണ്. രാഷ്ട്രീയം വീക്ഷിക്കുന്ന അവർക്ക് മാറിയ രാഷ്ട്രീയ സാഹചര്യം എന്താണെന്ന് അറിയാം. ഫ്രാൻസിസ് ജോർജിനെ എന്തുകൊണ്ട് വിജയിപ്പിക്കണമെന്ന ബോധ്യവും അവർക്കുണ്ട്. ക്രൈസ്തവരെല്ലാം ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞത് ഇപ്പോൾ തീർന്നില്ലേ. എല്ലാ ക്രൈസ്തവരും അതിശക്തിമായി ഫാഷിസത്തെ എതിർക്കുകയാണ്. മണിപ്പുർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അവരെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. ചിഹ്നം പോകാതിരിക്കാനല്ല, ഫാഷിസത്തെ എതിർത്ത് തോൽപ്പിക്കുന്നതിന് വേണ്ടിയാണ് ഫ്രാൻസിസ് ജോർജ് ഉൾപ്പെടെയുള്ളവർ പാർലമെന്റിലേക്ക് പോകുന്നത്. അത് തിരിച്ചറിയാനുള്ള രാഷ്ട്രീയ പ്രബുദ്ധത കോട്ടയത്തിനുണ്ട്.

ആറ്റിങ്ങലിൽ പതിനായിരക്കണക്കിന് ഇരട്ട വോട്ടുകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. ഇടതുപക്ഷ യൂണിയൻ പ്രവർത്തകരെ ഉൾപ്പെടുത്തി സംസ്ഥാനത്ത് വ്യാപകമായി വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയിട്ടുണ്ട്. തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളിൽ ചെയ്തതു പോലെ എല്ലാ ബൂത്തിലും പ്രസൈഡിങ് ഓഫീസർമാർക്ക് ഇരട്ട വോട്ടുകളുടെ കോപ്പി നൽകും-സതീശൻ പറഞ്ഞു.