- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ രാഹുൽ ഗാന്ധി ബുധനാഴ്ച പത്രിക സമർപ്പിക്കും
കൽപ്പറ്റ: കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി എംപി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നാമനിർദേശപത്രിക സമർപ്പിക്കുമെന്നു വയനാട് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്രികാസമർപ്പണത്തിനു മുന്നോടിയായി കൽപ്പറ്റ ടൗണിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടക്കും. മാനന്തവാടി, ബത്തേരി, കൽപ്പറ്റ, ഏറനാട്, വണ്ടൂർ നിലമ്പൂർ, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിനു പ്രവർത്തകർ റോഡ് ഷോയിൽ അണിനിരക്കും.
രാജ്യത്ത് ശ്രദ്ധേയമായ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വയനാട്. വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടെ പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയുടെ അവസാനം ഉച്ചക്ക് 12 മണിക്ക് ആയിരിക്കും പത്രിക സമർപ്പിക്കുകയെന്ന് വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറും എംഎൽഎയും ആയ എപി അനിൽകുമാറും ടി സിദ്ദീഖ് എംഎൽഎയും അറിയിച്ചു. രാഹുൽ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെ സുധാകരൻ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും.
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന രാഹുൽഗാന്ധി റോഡ് മാർഗം റോഡ് ഷോ ആരംഭിക്കുന്ന കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തും. ഇവിടെ നിന്നും അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരായിരിക്കും റോഡ് ഷോയിൽ പങ്കെടുക്കുക. സുൽത്താൻബത്തേരി, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകർ എം പി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്ഷോയുടെ ഭാഗമാവും. തുടർന്ന് സിവിൽസ്റ്റേഷൻ പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകലക്ടർ ഡോ. രേണുരാജിന് നാമനിർദേശ പത്രിക സമർപ്പിക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുൽഗാന്ധി എംപിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടക്കുന്ന റോഡ്ഷോയെന്ന് നേതാക്കൾ പറഞ്ഞു.
വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് ബൈപാസ് റോഡിൽ
റോഡ് ഷോക്ക് പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ കൽപ്പറ്റ ബൈപ്പാസിന്റെ ഇരുവശങ്ങളിലുമായി പാർക്ക് ചെയ്യാവുന്നതാണ് നിലവിൽ പൊലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. സുൽത്താൻബത്തേരി, മാനന്തവാടി മണ്ഡലങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കൈനാട്ടി ഭാഗത്ത് കൂടിയും വണ്ടൂർ നിലമ്പൂർ ഏറനാട് തിരുവമ്പാടി മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരുമായ എത്തുന്ന വാഹനങ്ങൾ കൽപ്പറ്റ നഗരത്തിന് തൊട്ടുമുമ്പും വെച്ച് ബൈപ്പാസിലേക്ക് പ്രവേശിക്കണം. കൽപ്പറ്റ നഗരത്തിൽ ബുധനാഴ്ച അതിരാവിലെ മുതൽ തന്നെ ഗതാഗത നിയന്ത്രണം ഉണ്ടായേക്കും. രാഹുൽ ഗാന്ധി എത്തുന്നതുമായി ബന്ധപ്പെട്ട പൊലീസിന്റെ തീരുമാനങ്ങൾ ഒന്നും തന്നെ ഇതുവരെ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടില്ല.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക തുടക്കം മാത്രമാണ് ബുധനാഴ്ച നടക്കുന്നതെന്നും പ്രചാരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം ഇതിനകം തന്നെ പൂർത്തിയാക്കിയതായും നേതാക്കൾ അറിയിച്ചു.
അതേസമയം, കാട്ടാന ആക്രമിച്ചുകൊന്ന അജീഷിന്റെ വീട്ടിൽ പോയി ക്ഷമാപണം നടത്തിയിട്ടുവേണമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റും സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ പ്രചാരണം ആരംഭിക്കേണ്ടിയിരുന്നതെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. രാഹുൽ ഗാന്ധി വീട്ടിലെത്തിയ സമയത്ത് കുടുംബാംഗങ്ങൾ ബുദ്ധിമുട്ടുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു കർണാടക സർക്കാരുമായി അദ്ദേഹം ബന്ധപ്പെടുകയും 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്. എന്നാൽ ഈ തുക കൊടുക്കാനാവില്ലെന്നു പറഞ്ഞു ബിജെപി ശക്തമായ പ്രതിഷേധമാണു നടത്തിയത്. ഇതേതുടർന്നായിരുന്നു അജീഷിന്റെ കുടുംബം ഈ തുക വേണ്ടെന്നു വച്ചത്. ബിജെപി ചെയ്തതു തെറ്റായിപ്പോയെന്നു പറയാൻ സുരേന്ദ്രൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.