തിരുവനന്തപുരം: സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ടു പേരുടെയും പ്രസ്താവന തയാറാക്കുന്നത് ഒരേ സ്ഥലത്താണെന്നും ആരോപിച്ചു. മുസ്ലിം ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധം ദേശീയതലത്തിൽ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് കേരളത്തിൽ മാത്രമല്ല കോൺഗ്രസുമായി ബന്ധമുള്ളത്. ഇന്ത്യ മുന്നണിയിലും അംഗമാണ്. നാല് പതിറ്റാണ്ടുകാലമായി യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിംലീഗ്. ആ ബന്ധം മറച്ചുവയ്ക്കേണ്ട ആവശ്യം കേരളത്തിലെയോ ദേശീയതലത്തിലെയോ കോൺഗ്രസിനില്ല. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപം ഉന്നയിച്ച് മണിക്കൂറുകൾക്കകം കേന്ദ്രമന്ത്രി സ്മൃതി ഇറാനി അതേ ആരോപണം ഉന്നയിച്ചത് അദ്ഭുതകരമാണെന്ന് സതീശൻ കൂട്ടിച്ചേർത്തു.

സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരവും ഒരേ വാദങ്ങളുമാണ്. രണ്ടു പേരുടെയും പ്രസ്താവന ഒരു സ്ഥലത്താണോ തയാറാക്കിയതെന്ന് സംശയം തോന്നുന്ന തരത്തിലാണ് രാഹുൽ ഗാന്ധിക്കെതിരായ ആക്ഷേരപം. രാജ്യത്താകെ സഞ്ചരിച്ച് രാഹുൽ ഗാന്ധിക്കെതിരെ ആക്ഷേപം ചൊരിയാൻ ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്ന ആളാണ് സ്മൃതി ഇറാനി. ബിജെപി നേതൃത്വം ചെയ്യുന്നതു പോലെ തന്നെ രാഹുൽ ഗാന്ധിയെ ആക്ഷേപിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും ശക്തിയുമാണ് രാഹുൽ ഗാന്ധി. രാഹുൽ ഗന്ധിയെ ആക്ഷേപിച്ചാൽ ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താമെന്നും അതിലൂടെ ബിജെപിയുടെ പ്രീതി സമ്പാദിക്കാനുമാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. മാസപ്പടിയും കരുവന്നൂർ കൊള്ളയും ഉൾപ്പെടെ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെട്ട അഴിമതി കേസുകൾ അന്വേഷിക്കുമെന്ന ഭീതിയിലാണ് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനകളുമായി പിണറായി വിജയൻ രംഗത്തിറങ്ങിയിരിക്കുന്നത്. ബിജെപിയുടെ അതേ വാക്കുകളാണ് പിണറായിയും ആവർത്തിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ സർജറിക്ക് വിധേയയായ സ്ത്രീയെ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അതിജീവിതയെ സിപിഎം സംഘടനയിൽപ്പെട്ടവർ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഇതിനെതിരെ നഴ്സിങ് ജീവനക്കാരിയായ അനിത പരാതി നൽകി. ഈ പരാതിയിൽ അഞ്ച് പേർക്കെതിരെ നടപടിയെടുക്കേണ്ടി വന്നു. അതിജീവിതയ്ക്കൊപ്പം നിന്നതിനും ഭീഷണിപ്പെടുത്തിയവരുടെ പേര് പുറത്ത് പറഞ്ഞതിനും അനിതയെ സ്ഥലം മാറ്റി. ഏപ്രിൽ ഒന്നിന് പുനർനിയമനം നൽകണമെന്ന ഉത്തരവുമായി അനിത ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിൽ കാത്തിരിക്കുകയാണ്. കേരളത്തിൽ ഒരു ആരോഗ്യമന്ത്രിയില്ലേ? അവരും ഒരു സ്ത്രീയല്ലേ? ഐ.സി.യുവിൽ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടപ്പോൾ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചവരുടെ പേര് പുറത്ത് പറഞ്ഞതിന്റെ പേരിൽ ജീവനക്കാരിയെ നിരന്തരമായി സ്ഥലം മാറ്റുകയും ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിയമനം നൽകില്ലെന്നും പറയാൻ നാണംകെട്ട ഈ സർക്കാരിനല്ലാതെ മറ്റാർക്കും സാധിക്കില്ല. ഈ സർക്കാർ ആർക്കൊപ്പമാണ്? ഐ.സി.യുവിൽ കിടന്ന സ്ത്രീയെ പീഡിപ്പിച്ചവർക്കൊപ്പമാണോ ഈ സർക്കാരും ആരോഗ്യമന്ത്രിയും? സ്ത്രീകൾക്ക് പോലും അപമാനമാണ്. കുറ്റവാളികളായ എൻ.ജി.ഒ യൂണിയൻകാരെ സംരക്ഷിക്കുകയാണ്. പാർട്ടിക്കാർ എന്ത് തോന്ന്യവാസം കാണിച്ചാലും സംരക്ഷിക്കുമെന്നതാണ് സർക്കാർ നിലപാട്. എന്ത് തെറ്റാണ് നഴ്സിങ് സ്റ്റാഫ് ചെയ്തത്? മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനനുസരിച്ച് ഭീഷണിപ്പെടുത്തിയവരുടെ ലിസ്റ്റ് നൽകിയതിനാണ് അവരെ പീഡിപ്പിക്കുന്നത്. ഈ നാട്ടിൽ ആരാണ് ഇര, ആരാണ് വേട്ടക്കാർ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. ഇത് അപമാനകരമാണ്.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം പകർത്തിയ തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥനെ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ ഗ്രീൻ റൂമിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി. വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചിട്ടും എന്ത് നടപടിയാണ് സ്ഥാനാർത്ഥിക്കെതിരെ എടുത്തത്? എന്തും ചെയ്യാവുന്ന അവസ്ഥയാണ്. പാനൂരിൽ സിപിഎം പ്രവർത്തകന്റെ വീട്ടിൽ ബോംബ് സ്ഫോടനമുണ്ടായി. തിരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാന നില വഷളാക്കാൻ സിപിഎം പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് ബോംബുണ്ടാക്കുകയാണ്. കേരളത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയില്ലേ? കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും ബോംബ് നിർമ്മാണമുണ്ടായി. തിരഞ്ഞെടുപ്പ് കാലത്ത് പ്രവർത്തകരെ കൊണ്ട് ബോംബ് ഉണ്ടാക്കലാണോ കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ പണി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പത്തനംതിട്ടയിൽ സ്ഥാനാർത്ഥി കുടുംബശ്രീയുടെ സ്റ്റേജിൽ കയറി ഇരിക്കുകയാണ്. അൻപതിനായിരം പേർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. ഇതൊക്കെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തും. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണം.

കേരള രാഷ്ട്രീയത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നണിയും വർഗീയ പാർട്ടികളുടെ പിന്തുണ വേണ്ടെന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ഇങ്ങനെ പറയാൻ സിപിഎമ്മിന് മുട്ടുവിറയ്ക്കും. കള്ളപ്പണം കൈകാര്യം ചെയ്യാൻ സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ അഞ്ച് അക്കൗണ്ടുകളുണ്ടെന്ന്ഇ.ഡി തിരഞ്ഞെടുപ്പ് കമ്മിഷനെയും റിസർവ് ബാങ്കിനെയും അറിയിച്ചിട്ടുണ്ടെന്ന് മാധ്യമ വാർത്തകൾ വന്നിട്ടുണ്ട്. മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്. കരുവന്നൂരിലെ തെളിവുകൾ എല്ലാം ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് വരെ ഇ.ഡി ഒരു നടപടിയും സ്വീകരിച്ചില്ല. സിപിഎം നേതാക്കളെ വിളിച്ചുവരുത്തി തെളിവ് കാട്ടി പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. സിപിഎമ്മും ബിജെപിയും ഒന്നല്ല രണ്ടാണെന്ന് ജനങ്ങളെ കാണിക്കാനുള്ള ഗിമ്മിക്കാണോയെന്ന് കാത്തിരുന്ന് കാണാം. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കവും ഇതുപോലെയാണ്. മനുഷ്യാവകാശ കമ്മിഷനെ നിയമിക്കാൻ സർക്കാരും ഗവർണറും തമ്മിൽ എവിടയാണ് ചർച്ച നടത്തിയത്? സർക്കാരും ഗവർണറും തമ്മിൽ ഒത്തുതീർപ്പിലെത്തി. കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം പരിധി വിടാതിരിക്കാനുള്ള ഇടനിലക്കാരുണ്ട്. സിപിഎം- ബിജെപി അന്തർധാരയൊക്കെ മാറി ബിസിനസ് പാർട്ണർഷിപ്പിൽ എത്തി നിൽക്കുകയാണ്. തിരഞ്ഞെടുപ്പ് ഈ ബന്ധം എവിടെ വരെ പോകുമെന്ന് കാത്തിരുന്ന് കാണാം. കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. ബിജെപി അപ്രസക്തമാണ്. ആ ബിജെപി കേരളത്തിൽ സ്പേസുണ്ടാക്കി കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സുരേന്ദ്രൻ പോലും പറയാത്ത കാര്യങ്ങളാണ് ബിജെപി സ്ഥാനാർത്ഥികളെ കുറിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞത്.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. സിറ്റിങ് എംപിയായിട്ടും വയനാട്ടുകാർ രാഹുൽ ഗാന്ധിയെ ഹൃദയത്തിലേക്കാണ് സ്വീകരിച്ചത്. സിപിഎമ്മുകാരും ബിജെപിക്കാരുമൊക്കെ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യും. രാഹുൽ ഗാന്ധി മത്സരിക്കുന്നത് തന്നെ കേരളത്തിന് അഭിമാനമാണ്. യു.ഡി.എഫ് പ്രചരണം എങ്ങനെ ആയിരിക്കണമെന്ന് എ.കെ.ജി സെന്ററും ദേശാഭിമാനിയും കൈരളിയുമൊന്നും തീരുമാനിക്കേണ്ട. കൊടിയും ചിഹ്നവും പോയി മരപ്പട്ടിയും നീരാളിയുമൊന്നും കിട്ടതിരിക്കാനാണ് സിപിഎം ശ്രമിക്കേണ്ടത്. അങ്ങനെ സംഭവിക്കാതിരിക്കാൻ ഞങ്ങളും പ്രാർത്ഥിക്കാം. പക്ഷെ കൊടിയും ചിഹ്നവും നഷ്ടപ്പെടുത്തി സിപിഎമ്മിനെ കുഴിച്ചുമൂടിയിട്ടേ പിണറായി വിജയൻ പോകൂവെന്നാണ് തോന്നുന്നത്. എഴുതിക്കൊണ്ടു വന്ന ഒരേ പച്ചക്കള്ളമാണ് ഒരു മാസമായി മുഖ്യമന്ത്രി വായിക്കുന്നത്. അതിന് മറുപടി നൽകിയിട്ടുണ്ട്. പക്ഷെ ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്ന മുഖ്യമന്ത്രി അതൊന്നും അറിയുന്നില്ല. മറ്റ് മുഖ്യധാരാ മാധ്യമങ്ങളും മുഖ്യമന്ത്രി കാണണം.

കേരള സ്റ്റോറി എന്ന സിനിമ ദൂരദർശനിലൂടെ പ്രദർശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. കേരളത്തെ അപമാനിക്കുകയും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന സിനിമ ദൂരർദർശൻ പോലുള്ള ഒരു ചാനലിൽ പ്രദർശിപ്പിക്കരുത്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടുമെന്നാണ് കരുതുന്നത്-സതീശൻ പറഞ്ഞു.