- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വംകൊണ്ട്': മുഖ്യമന്ത്രി
പത്തനംതിട്ട: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കൾ സന്ദർശിച്ചതിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കൾ മരിച്ചയാളുടെ വീട്ടിൽ പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷെറിന്റെ സംസ്‌കാരച്ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സന്ദർശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് അടൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട്, 'നിങ്ങളുടെ വീട് എവിടെയാ?' എന്നു മറുചോദ്യം ചോദിച്ചാണ് മുഖ്യമന്ത്രി മറുപടി ആരംഭിച്ചത്. ഒരു ഉത്തരം പറയാനാണ്, വേറെ ഒന്നിനുമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"നിങ്ങളുടെ വീടിന്റെ അടുത്ത് ഒരാൾ മരണപ്പെട്ടു എന്നു വിചാരിക്കുക, നിങ്ങളുടെ തൊട്ടടുത്താണ് വീട്. നിങ്ങൾ അവിടെ പോകില്ലേ? സാധാരണ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങൾ നാട്ടിൽ നടക്കാറില്ലേ? അതിന്റെ അർഥം കുറ്റത്തോട് മൃദൃസമീപനം ഉണ്ടെന്നാണോ? കുറ്റത്തോട് ഒരുതരത്തിലുള്ള മൃദുസമീപനവുമില്ല. മനുഷ്യർ എപ്പോഴും മനുഷ്യത്വം പാലിച്ചു പോകാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്." മുഖ്യമന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച ചോദ്യം ആവർത്തിച്ചപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: "എന്റെ അഭിപ്രായം ഞാൻ പറഞ്ഞല്ലോ, നാട്ടിൽ ഒരു മരണം നടന്നാൽ, ആ മരണവീട്ടിൽ ഒരു കൂട്ടർ പോകുന്നത് നിഷിദ്ധമായ കാര്യമല്ല. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കുന്നുണ്ടോ എന്നാണ് പ്രശ്‌നം. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കാൻ പാടില്ല. കുറ്റവാളികളോടു മൃദുവായ സമീപനം കാണിക്കുന്നുണ്ടെങ്കിൽ മാത്രമാണ് തെറ്റ്. മരണം നടന്ന വീട്ടിൽ പോകുന്നതും അവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും ഒരുതരത്തിലും തെറ്റായ കാര്യമല്ല." മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ സംസ്‌കാരച്ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനൻ എംഎൽഎയും പങ്കെടുത്തിരുന്നു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ.സുധീർകുമാർ, എൻ.അനിൽകുമാർ, ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം എ.അശോകൻ എന്നിവരാണു ഷെറിന്റെ വീട്ടിലെത്തിയത്. കുന്നോത്തുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് ഷെറിന്റെ വീട്ടിൽ പോയതെന്ന നിലപാടിലാണ് എൻ.അനിൽകുമാർ. പാർട്ടി തള്ളിപ്പറഞ്ഞ വിഷയത്തിൽ, സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഉത്തരവാദപ്പെട്ടവർ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് സിപിഎം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുല്ല പറഞ്ഞു. കുടുംബബന്ധങ്ങളായാലും സുഹൃദ്ബന്ധങ്ങളായാലും ശ്രദ്ധിക്കേണ്ടതായിരുന്നു. പോകാനിടയായ സാഹചര്യം പാർട്ടിതലത്തിൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കോൺഗ്രസിനും ബിജെപിക്കുമെതിരെ കടുത്ത വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. കേരളത്തോട് ശത്രുതാ മനോഭാവമാണ് ബിജെപിക്കും കോൺഗ്രസിനുമുള്ളത്. അതിനെതിരെ ഒരു വികാരം സംസ്ഥാനത്ത് ഉയർന്നുവന്നിട്ടുണ്ട്. അതിനനുസൃതമായ ഒരു വിധിയായിരിക്കും തിരഞ്ഞെടുപ്പിലുണ്ടാകുക. തിരഞ്ഞെടുപ്പ് പോരാട്ടമാകുമ്പോൾ രാജ്യംനേരിടുന്ന പ്രശ്നങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളുമാണ് സാധാരണ ചർച്ചചെയ്യുക. എന്നാൽ, ഇവർ രണ്ട് കൂട്ടരും ഇത്തരംപ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാരബുദ്ധിയുമാണ് സംസ്ഥാനത്ത് ഇന്നുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുള്ളത്. അത് മറച്ചുവെക്കാനാണ് ഇവർക്ക് താത്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം കടമെടുത്ത് മുടിയുകയാണെന്ന് ബിജെപിയുടെ വാദംതന്നെയാണ് കോൺഗ്രസിനുമുള്ളത്. രാജ്യവും കടമെടുക്കുന്നുണ്ട്, എല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്. 1957 മുതൽ കേരളത്തിൽ നിലവിൽവന്ന എല്ലാ സർക്കാരുകളും കടമെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് കടമെടുക്കേണ്ടതായി വരും. കൂടുതൽ കടമെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏതായാലും കേരളത്തെ കാണാൻ കഴിയില്ല. പലരും ചിത്രീകരിക്കുന്നത് പോലെ നമ്മൾ കടക്കെണിയിൽപ്പെട്ട ഒരു സംസ്ഥാനമല്ല.
കേരള വികസന മാതൃക ലോകംപൊതുവെ അംഗീകരിച്ചിട്ടുണ്ട്. സാമൂഹ്യ വികസന സൂചികയിൽ കേരളമാണ് മുന്നിൽ. ധനകാര്യ മിസ്മാനേജ്മെന്റ് എന്നാണ് കേന്ദ്ര ധനമന്ത്രിയടക്കം കേരളത്തെ ആക്ഷേപിക്കുന്നത്. അത് കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെ ഉയർത്തുന്ന വാദമാണ്. കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പോലുള്ള സംവിധാനങ്ങൾ കേരളത്തിന് 24 അവാർഡുകളാണ് സമ്മാനിച്ചത്.
നാടിന്റെ അതിജീവിനത്തിന്റെയും വികസനത്തിന്റെയും പര്യായമായി കിഫ്ബി മാറി. ഇപ്പോൾ അതിന്റെ മുകളിലാണ് സർക്കാരിനുമേൽ കുതിര കയറാൻ ചിലർ മെനക്കെടുന്നത്. കേന്ദ്ര ഏജൻസികളുടെ റഡാറുകളും കിഫ്ബിയിലേക്ക് തിരിച്ചുവെച്ചിട്ടുണ്ട്. പക്ഷേ, എത്ര തപ്പിയിട്ടും ഒന്നും കിട്ടുന്നില്ല. കിഫ്ബിയിലെ തീരുമാനങ്ങളെടുക്കുന്നത് തോമസ് ഐസക്കല്ല. പ്രൊഫഷണലുകളടങ്ങിയ ബോർഡാണ് തീരുമാനങ്ങളെടുക്കുന്നത്. ഒരു കളി കളിച്ച് നോക്കുകയാണ്. എന്തോ ഉണ്ടെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിൽ പരത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രതിപക്ഷം കേന്ദ്ര ഏജൻസികളെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇത് സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ്.
കേന്ദ്ര അന്വേഷണ ഏജൻസികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള ഏജൻസി പണി കോൺഗ്രസ് മതിയാക്കണം. കെജ്രിവാളിന്റെ അനുഭവം അവർക്കുള്ളതാണല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
തോമസ് ഐസക്കിനെയോ മറ്റുള്ളആരെയെങ്കിലുമോ ഒറ്റത്തിരിഞ്ഞ് അക്രമിച്ച് വശംകെടുത്തി കളയാണെന്ന ചിന്തയുണ്ടെങ്കിൽ അത് വേണ്ടെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. കിഫ്ബിയിൽ എല്ലാ കാര്യങ്ങളും സുതാര്യമായിട്ടാണ് നടന്നത്. തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരിവിപ്പിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ, സുരേഷ് ഗോപി തൃശ്ശൂരിൽ മൂന്നാം സ്ഥാനത്താകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.