തൊടുപുഴ: പള്ളികളിൽ 'കേരളാ സ്റ്റോറി' സിനിമ പ്രദർശിപ്പിച്ച് ഇടുക്കി രൂപത. നാലാം തീയതിയാണ് സിനിമാ പ്രദർശനം നടന്നത്. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടയിലാണ് രൂപതയിലെ പള്ളികളിൽ വിദ്യാർത്ഥികൾക്കുവേണ്ടി ചിത്രം പ്രദർശിപ്പിച്ചത്. 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതെന്നാണ് വിവരം.

ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം 'പ്രണയം' എന്നതായിരുന്നു. കുട്ടികളിലും യുവതീയുവാക്കളിലും പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി സിനിമ പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയുമായിരുന്നുവെന്നും ഇടുക്കി രൂപത പിആർഒ ജിൻസ് കാരക്കാട്ടിൽ പറഞ്ഞു. ക്ലാസിൽ ഒരു വിഷയം പ്രണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്. നിരവധി കുട്ടികൾ പ്രണയക്കൂരുക്കിൽ അകപ്പെടുന്നതിനാൽ ആണ് വിഷയം എടുത്തതെന്നും ഫാ. ജിൻസ് കാരക്കാട്ട് വിശദീകരിച്ചു.

ആദ ശർമ്മയെ നായികയാക്കി സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിർമ്മിച്ചത് ബോളിവുഡ് നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ ആയിരുന്നു. ചിത്രം ആകെ ഇന്ത്യയിൽ നിന്നും 225 കോടി നേടിയെന്നാണ് വിവരം. മെയ് 5നാണ് ചിത്രം റിലീസായത്. ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ഇതിന്റെ കണക്കുകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്‌ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു.