അടൂർ: മറുനാടൻ അടക്കമുള്ള മാധ്യമങ്ങളെ കള്ളക്കേസിൽ കുടുക്കി നിശബ്ദമാക്കാൻ ശ്രമിച്ച ചരിത്രങ്ങൾ മറന്ന് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വീണ്ടും വാചാലനായി മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന പിണറായി വിജയൻ അടൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലൻ ചമഞ്ഞത്.

ബിബിസിയുടെ ഇന്ത്യൻ ന്യൂസ് റൂം പ്രവർത്തനം നിർത്തിയ വാർത്ത കഴിഞ്ഞ ദിവസം നമ്മൾ കണ്ടു. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ പകപോക്കൽ നടപടികൾ മൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ബിബിസി നിർബന്ധിതരായത് എന്നാണ് വാർത്ത.

സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ മാധ്യമങ്ങളെ വരുതിയിലാക്കി വക്കാൻ എക്കാലവും ശ്രമിക്കാറുണ്ട്. അടിയന്തരാവസ്ഥയിൽ ഇന്ത്യ കണ്ട അതേ ലക്ഷണമാണ് ബി.ജെ പി ഭരണത്തിൽ നിലവിൽ കാണുന്നതും. അനുസരണയോടെ മുട്ടിലിഴയുന്ന മാധ്യമങ്ങളെയാണ് അവർക്കാവശ്യം. ഭീഷണിപ്പെടുത്തിയിട്ടും വരുതിയിൽ വന്നില്ലെങ്കിൽ അവയെ ഇല്ലാതാക്കുക എന്നതാണ് ഇത്തരം ഭരണകൂടങ്ങളുടെ പൊതുവായ നയം. ബിബിസി വിഷയത്തിലും അതാണ് കണ്ടത്.

അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ ബിബിസിയുടെ ഉത്തരവാദപ്പെട്ടവർക്ക് ദുരനുഭവങ്ങൾ ഉണ്ടായത് എല്ലാവർക്കും അറിയാമല്ലോ. അന്നത്തെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ഐകെ ഗുജ്റാളിനെ മാറ്റിയതും ചരിത്രമാണ്. 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്കിങ് തുടർച്ചയായി താഴുകയാണ്. പാരീസ് ആസ്ഥാനമായുള്ള റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ 2023ലെ റിപ്പോർട്ട് അനുസരിച്ച്, മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്ക് 180 രാജ്യങ്ങളിൽ 150ൽ നിന്ന് 161ലേക്ക് ഇടിഞ്ഞു.

കുനിയാൻ പറഞ്ഞാൽ മുട്ടിലിഴയുന്ന മാധ്യമങ്ങളെ താലോലിച്ചു. നിർഭയത്തോടെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെ അടിച്ചമർത്തി. ആ നിലയാണ് രാജ്യത്ത് ഉണ്ടായത്. സംഘപരിവാറിന് അനുകൂലമല്ലാത്ത വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകരെ കയ്യൂക്കുപയോഗിച്ച് വേട്ടയാടുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.

കേരളത്തിലെ ചില മാധ്യമങ്ങൾക്കും അത്തരം വേട്ടയാടൽ ഉണ്ടായിട്ടുണ്ട്. ഒരനുഭവം നോക്കാം. 2020 ജനുവരി മാസത്തിൽ ഡൽഹിയിൽ നടന്ന മുസ്ലിം വിരുദ്ധ കലാപം റിപ്പോർട്ട് ചെയ്ത കുറ്റത്തിന് രണ്ട് ചാനലുകളുടെ ലൈസൻസ് എടുത്തു കളയുന്ന സ്ഥിതിയുണ്ടായി. ഇതിൽ ഒരു ചാനൽ തങ്ങളുടെ ഡൽഹി ബ്യൂറോയിലെ റിപ്പോർട്ടറെ ബലി കൊടുത്തുകൊണ്ട് കേന്ദ്ര ഭരണകൂടത്തിനും സംഘപരിവാറിനും മുന്നിൽ നട്ടെല്ല് വളച്ചു മാപ്പു പറഞ്ഞു. രണ്ടാമത്തെ ചാനൽ സുപ്രീം കോടതി വരെ പൊരുതി. പിന്നീട് സുപ്രീം കോടതി ഇടപെട്ട് ലൈസൻസ് പുനഃസ്ഥാപിച്ചു. ഈ വിഷയത്തിൽ കേരളത്തിലെ മാധ്യമങ്ങളിൽ ആരൊക്കെ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ചു മുന്നോട്ടുവന്നു?

2022 ജൂലൈ 4 ന് കോഴിക്കോട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ചില മലയാള മാധ്യമ സ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത് വിമർശിക്കപ്പെട്ടപ്പോൾ, 'മാധ്യമ വ്യവസായത്തിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാനായിരുന്നു' യോഗം എന്നാണ് അതിൽ പങ്കെടുത്ത മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ പാർലമെന്റിൽ ചോദ്യം വവന്നപ്പോൾ, 'വിവിധ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങൾക്ക് അവബോധം നൽകാനാണ് യോഗം വിളിച്ച' തെന്നായിരുന്നു അനുരാഗ് താക്കൂറിന്റെ മറുപടി. ബിജെപി ഭരണത്തിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായി. സംഘപരിവാർ ഭരണകൂടത്തിന്റെ സ്തുതിപാഠകരായി മാറാത്ത എല്ലാ മാധ്യമങ്ങളെയും വേട്ടയാടുന്നത് തുടരുകയാണ്. ഇത്തരം വിഷയങ്ങൾ കൂടി ചർച്ച ചെയ്ത് തീരുമാനമെടുക്കാനുള്ളതാണ് ഈ തെരഞ്ഞെടുപ്പ് എന്നതാണ് ബി ബി സി യുടെ അനുഭവം ഓർമ്മപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.