- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എ.സി. മൊയ്തീനെ 'രക്ഷിക്കാൻ' തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാൻ സിപിഎം ധാരണ'
തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി. മൊയ്തീനെ രക്ഷിച്ചെടുക്കാൻ സിപിഎം നീക്കം നടത്തുന്നതായി കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. ബിജെപിക്ക് വോട്ടുമറിക്കാൻ സിപിഎം നേതൃത്വത്തിന്റെ ധാരണയെന്നാണ് ആരോപണം. 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കേസിൽ എസി മൊയ്തീനെ പ്രതിയാക്കിയില്ല. തൃശൂരിൽ ബിജെപിയെ സഹായിക്കാൻ സിപിഎം ധാരണയിൽ എത്തിയെന്നും അനിൽ അക്കര പറഞ്ഞു.
കരുവന്നൂർ കള്ളപ്പണ കേസിൽ എ.സി. മൊയ്തീനെ രക്ഷിക്കാൻ സഹായിക്കാമെന്നതാണ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണ. മൊയ്തീന്റെ നിക്ഷേപം കണ്ടുകെട്ടിയതിന്റെ രേഖയും അനിൽ അക്കര പുറത്തുവിട്ടു. ഒരു ബൂത്തിൽ നിന്ന് 15 കേഡർ വോട്ടുകൾ സിപിഎം, ബിജെപിക്ക് മറിക്കുമെന്നും അനിൽ അക്കര ആരോപിച്ചു. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി, കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ, എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ എന്നിവർ തമ്മിലുള്ള ത്രികോണ മത്സരം കടുക്കുന്നതിനിടെയാണ് അനിൽ അക്കര ആരോപണവുമായി രംഗത്ത് വന്നത്.
സിപിഎം ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായും അനിൽ അക്കര ആരോപിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം അക്കൗണ്ടിൽ നിന്നും കോടിക്കണക്കിന് രൂപ പിൻവലിച്ചത് ദുരൂഹമാണ്. ഒരു സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിൽ ചെലവഴിക്കാവുന്ന പണം 95 ലക്ഷം രൂപയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ മൂന്ന് സ്ഥാനാർത്ഥികളേയും പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഇടപാടുകൾ. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് താൻ പരാതി നൽകിയിട്ടുണ്ട്. ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം കണക്കുകൾ പരിശോധിക്കുമ്പോൾ മൂവരും അയോഗ്യരാക്കപ്പെടുന്ന സാഹചര്യമാണുള്ളത്.
താൻ കേന്ദ്ര അന്വേഷണഏജൻസികളുടെ ഏജന്റാണെന്ന പട്ടം സിപിഎം വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ് മുതൽ തന്നിട്ടുള്ളതാണ്. അതിന് മറുപടിയില്ല. ഞാൻ എന്റെ പണിയെടുക്കും. സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ഉള്ള ബാങ്കിൽ ഇൻകം ടാക്സ് പരിശോധന നടക്കുമ്പോൾ പോയത് പരാതിക്കാരൻ എന്ന നിലയിലാണ്.
അതിൽ അസ്വഭാവികമായി ഒന്നുമല്ല. ധിക്കാരപരമായ സമീപനമാണ് ജില്ലയിലെ സിപിഎം സ്വീകരിക്കുന്നത്. ജില്ലയിലെ ജനാധിപത്യത്തെ വഞ്ചിക്കുകയാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകളിലൂടെ ചെയ്യുന്നത്. ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് ജില്ലയിലെ നേതാക്കൾ ചെയ്യുന്നത്. ബിജെപി- സിപിഎം ഡീലിനോട് എതിർപ്പുള്ള സിപിഎം നേതാക്കളും പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ഇല്ലെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.