കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പൊട്ടിത്തെറികൾക്കിടെ മുതിർന്ന നേതാവ് പി.സി. തോമസ് കെ.എം. മാണിയുടെ പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി. ജോസ് കെ.മാണിയാണ് ഇവിടെ താമസിക്കുന്നത്. പിന്നാലെ പി.സി തോമസ് പാർട്ടിമാറി ജോസ് കെ മാണിക്കൊപ്പം ചേരുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. എന്നാൽ താൻ പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി പി.സി തോമസ് രംഗത്ത് വന്നു.

കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ് പാർട്ടി വിട്ട് ജോസ് കെ മാണിക്കൊപ്പം പോകുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് നിലപാട് വ്യക്തമാക്കിയത്. കെ.എം മാണിയുടെ ചരമ വാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ വസതിയിൽ പി.സി തോമസ് സന്ദർശനം നടത്തിയത്. ഇതോടെ പി.സി തോമസ് പാർട്ടിമാറി ജോസ് കെ മാണിക്കൊപ്പം ചേരുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഇതോടെയാണ് നിലപാട് വിശദീകരിച്ചത്.

തന്റെ പിതാവിന്റെ സഹോദരിയാണ് കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ, അമ്മായിക്ക് സുഖമില്ലാതിരുന്നതിനാൽ അവരെ കാണാനാണ് മാണിസാറിന്റെ വീട്ടിൽ പോയതെന്നും ചരമവാർഷിക ദിനമായതിനാൽ അമ്മായിയെ ആശ്വസിപ്പിക്കാൻ വേണ്ടിക്കൂടിയാണ് വീട് സന്ദർശിച്ചതെന്നും പി.ടി തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനു മുൻപും മാണിസാറിന്റെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടിട്ടുണ്ട്. ജോസ് കെ. മാണി വീട്ടിൽ ഇല്ലാത്ത സമയം നോക്കിയാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

പി.ജെ ജോസഫ് നയിക്കുന്ന കേരളാ കോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന താൻ ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനായി കഴിയുന്നത്രെ പരിശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്നും അതിനാൽ തന്നെ പ്രചരിക്കുന്ന വാർത്തകളിൽ യാഥാർത്ഥ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പാർട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ പാർട്ടി വർക്കിങ് ചെയർമാനായ പി.സി. തോമസ്, ജോസ് കെ. മാണിയുടെ വിട്ടിലെത്തിയത് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായത്.

മാണിയുടെ സംസ്‌കാരച്ചടങ്ങ് ഒഴിച്ചാൽ 2001നു ശേഷമുള്ള പി.സി. തോമസിന്റെ ആദ്യ സന്ദർശനമായിരുന്നു. കെ.എം. മാണിയുടെ അഞ്ചാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ചുള്ള പള്ളിയിലെ അനുസ്മരണച്ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു പി.സി. തോമസ് എത്തിയത്. കുട്ടിയമ്മ മാണിയുമായും നിഷ ജോസ് കെ. മാണിയുമായും ഏറെനേരം സംസാരിച്ച പി.സി. തോമസ് കോട്ടയത്ത് കെ.എം. മാണി സ്മൃതി സംഗമത്തിൽ പങ്കെടുക്കുകയായിരുന്ന ജോസ് കെ. മാണിയുമായും ഫോണിൽ സംസാരിച്ചതായാണു സൂചന.

യു.ഡി.എഫിൽ കേരള കോൺഗ്രസ് മത്സരിക്കുന്ന ഏക മണ്ഡലമായ കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പാർട്ടിയിൽ പൊട്ടിത്തെറികൾ സംഭവിക്കുന്നതു മുന്നണിയെ അലട്ടുന്നുണ്ട്. ഇന്നലെ കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം മോൻസ് ജോസഫിനെതിരേ വിവാദമുയർത്തി രാജിവച്ചു.