കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി തള്ളിയ വിധി ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതെന്ന് എം സ്വരാജ്. വിശ്വാസികൾക്കിടയിൽ ദൈവത്തിന്റെ ചിത്രം പതിച്ച സ്ലിപ്പുകൾ ഇനി വിതരണം ചെയ്യപ്പെടാം. ഹൈക്കോടതി അംഗീകരിച്ചെന്നാവും പറയുക. ഇക്കാരണത്താൽ ചോദ്യം ചെയ്യപ്പെടേണ്ട വിധിയാണിത്. വ്യക്തിപരമായല്ല കാണുന്നത്. പാർട്ടിയുമായി ആലോചിച്ച് തുടർനടപടികളെന്നും എം സ്വരാജ് പറഞ്ഞു.

അതേസമയം, വിധിയിൽ സന്തോഷമുണ്ടെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു പ്രതികരിച്ചു. ഒരുപാട് പോരാടി നേടിയ തിരഞ്ഞെടുപ്പ് വിജയം. തന്നെ മോശമായി എൽഡിഎഫ് ചിത്രീകരിച്ചു. കോടതി വിധി ഇടതുമുന്നണിയും സ്ഥാനാർത്ഥിയും അംഗീകരിക്കണം. അയ്യപ്പന്റെ ചിത്രമുള്ള സ്ലിപ് കൃത്രിമമായി ഉണ്ടാക്കിയതാണ്. ഒരു വീട്ടിലും കിട്ടിയിട്ടില്ല. വോട്ടെടുപ്പിന്റെ തലേന്ന് പൊലീസ് സ്റ്റേഷനിൽ പരാതിക്ക് ഒപ്പമാണ് കൊണ്ടുചെന്നത്. ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്ന് കോടതി കണ്ടെത്തിയെന്നും വോട്ടിങ് സ്ലിപ് ആരോപണത്തിന് തെളിവ് ഹാജരാക്കാനായില്ലെന്നും ബാബുവിന്റെ അഭിഭാഷകൻ പറഞ്ഞു.

സ്വരാജിന്റേത് സത്യാനന്തര കാലത്തെ തോൽവിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

'ആദ്യം ജനങ്ങൾ തോല്പിച്ചു. പിന്നെ കോടതികൾ തോൽപ്പിച്ചു. തോറ്റിട്ടും തോറ്റിട്ടും തോൽവി സമ്മതിക്കാത്തയൊരാളെയാണ് ബാബു ചേട്ടാ നിങ്ങൾ തോല്പിച്ചത്'- രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

കെ. ബാബു വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗംചെയ്‌തെന്നും സ്വരാജ് ആരോപിച്ചിരുന്നു.

എം. സ്വരാജിന്റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്നും ഹൈക്കോടതിയിലുള്ള ഹർജിയിൽ നടപടികൾ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹർജിയിൽ അന്തിമവാദം നടന്നത്. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021-ൽ ബാബു തിരഞ്ഞെടുക്കപ്പെട്ടത്. അവസാന റൗണ്ട് വരെ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കെ.ബാബു സിറ്റിങ് എംഎൽഎ കൂടിയായ സിപിഎമ്മിന്റെ എം.സ്വരാജിനെ പരാജയപ്പെടുത്തിയത്.

കെ. ബാബുവിന് 65,875 വോട്ട് ലഭിച്ചപ്പോൾ എതിർസ്ഥാനാർത്ഥി സിപിഎമ്മിലെ എം. സ്വരാജിന് 64,883 വോട്ടാണ് ലഭിച്ചത്. 25 വർഷം ബാബു തുടർച്ചയായി എംഎൽഎ ആയിരുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ബാർ കോഴ വിവാദം ആഞ്ഞടിച്ച മുൻ തിരഞ്ഞെടുപ്പിൽ സ്വരാജ് 4471 വോട്ടുകളുടെ അപ്രതീക്ഷിത വിജയം സ്വന്തമാക്കിരുന്നു.