കോഴിക്കോട്: വടകരയിലെ വീഡിയോ വിവാദത്തിൽ, താൻ എന്തിന് മാപ്പ് പറയണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയുടെ ചോദ്യം. തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതു മധ്യത്തിലുണ്ട്. തനിക്കെതിരായ പ്രചാരണം ജനം തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനം എല്ലാ കാര്യങ്ങൾക്കും മറുപടി നൽകുമെന്നും കെകെ ശൈലജ പറഞ്ഞു.

വീഡിയോ വിവാദത്തിൽ കെകെ ശൈലജ ഇരുപത്തിനാല് മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്ന ഷാഫി പറമ്പിലിന്റെ നോട്ടീസിനോടായിരുന്നു ഇടത് സ്ഥാനാർത്ഥിയുടെ പ്രതികരണം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞിരുന്നു.

കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ഷാഫി പറമ്പിലിന് നേരെ ഉയർന്നിരുന്നത്. തനിക്കെതിരായി മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. തുടർന്ന് ഇത് അശ്ലീല വീഡിയോ ആണെന്ന് വരെയുള്ള പ്രചാരണങ്ങൾ പലയിടങ്ങളിൽ നിന്നുമായി വന്നു. എന്നാൽ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ച് വികൃതമാക്കിയ പോസ്റ്ററിനെ കുറിച്ചാണ് പറഞ്ഞതെന്നും ശൈലജ വ്യക്തമാക്കിയതോടെ, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മാപ്പ് പറയണമെന്ന നിലപാടുമായി ഷാഫി പറമ്പിൽ രംഗത്ത് വരികയായിരുന്നു.

സിപിഎം അജണ്ടയുടെ ഭാഗമെന്ന് ഷാഫി പറമ്പിൽ

അതേസമയം, അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട വിവാദം സിപിഎം. അജണ്ടയുടെ ഭാഗമെന്ന് വടകരയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഇല്ലാത്ത വീഡിയോയുടെ പേരിൽ തനിക്കും ഉമ്മയില്ലേ എന്നതരത്തിൽ വരെ ആക്ഷേപങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ശൈലജയ്ക്കെതിരെ നോട്ടീസ് അയച്ചതെന്നും അവർ മാപ്പുപറഞ്ഞേ മതിയാവൂ എന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

അശ്ലീല വീഡിയോ ഇല്ലെന്ന് വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.കെ. ശൈലജ നിലപാട് മാറ്റിയതാണ്. അടുത്തദിവസം രാവിലെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പത്രസമ്മേളനം വിളിച്ച് തറപ്പിച്ച് പറയുന്നു അങ്ങനെയൊരു വീഡിയോ ഉണ്ടെന്ന്. അതിനർത്ഥം, ഇടതുമുന്നണി സ്ഥാനാർത്ഥിയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് പാർട്ടിയാണ് എന്നല്ലേ?, ഷാഫി ചോദിച്ചു.

എന്നെ അപകീർത്തിപ്പെടുത്താൻ വേണ്ടി സിപിഎം. നടപ്പാക്കിയ അജണ്ടയായിരുന്നു അത്. ആ വീഡിയോ സത്യമല്ല എന്നത് വടകരയിലെ ജനങ്ങൾക്കും കേരളത്തിലെ ജനങ്ങൾക്കും മനസിലായിട്ടുണ്ട്. സിപിഎം. പ്രവർത്തകർക്ക് പോലും അത് മനസിലായിട്ടുണ്ട്. ആരെയും വ്യക്തിപരമായി കുറ്റംപറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു.

നടപടി എടുക്കുമ്പോൾ എല്ലാവർക്കുമെതിരെ എടുക്കണം. ഞാൻ അയച്ച നോട്ടീസിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. ഇല്ലാത്ത ഒരു വീഡിയോയുടെ പുറത്ത് എനിക്ക് ഉമ്മയില്ലേ എന്നൊക്കെ ചോദിക്കുമ്പോ, തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി പറയേണ്ട കാര്യങ്ങളാണോ ഇതൊക്കെ. അതുകൊണ്ടാണ് നോട്ടീസ് അയച്ചത്. അതിൽ കെ.കെ. ശൈലജ മാപ്പ് പറഞ്ഞേ പറ്റൂ, ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

സാമൂഹ്യമാധ്യമങ്ങളിൽ ഒരാളെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന കമന്റിടുന്നവർ ആരായാലും ശിക്ഷിക്കപ്പെടണം അതിന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്നൊന്നും നോക്കേണ്ട ആവശ്യമില്ല. അത്തരക്കാരെ പാർട്ടി സംരക്ഷിക്കില്ല, അവർക്കെതിരെ കേസെടുക്കരുത് എന്നും പറയില്ല. പക്ഷേ നടപടികളെല്ലാം കോൺഗ്രസ് പ്രവർത്തകർക്കെതിരെ മാത്രമാകരുത് എന്നേ പറയുന്നുള്ളൂ, ഷാഫി പറഞ്ഞു.

കെ.കെ. രമയ്ക്കെതിരെ ഇത്തരത്തിൽ ഒരു വീഡിയോ ഇറങ്ങി, എന്തേ അന്വേഷണം ഉണ്ടാവാഞ്ഞത്? രമ്യാ ഹരിദാസിനെതിരെ അപകീർത്തികരമായ കമന്റുകളിടുന്നുണ്ട്. പോട്ടെ, എനിക്കെതിരെ സിപിഎം. നേതാക്കളുടെ മക്കൾതന്നെ എന്തൊക്കെ പോസ്റ്റുകളാണ് ഇട്ടത്. ജയരാജനടക്കം സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയ പ്രസ്താവനകൾ എന്തൊക്കെയാ? എന്നിട്ട് അവർക്കാർക്കെങ്കിലും എതിരെ എന്തെങ്കിലും നടപടി ഉണ്ടായോ?, ഷാഫി ചോദിച്ചു.