പത്തനംതിട്ട: മണ്ഡലത്തിൽ എൽ.ഡി.എഫ് കള്ളവോട്ട് ചെയ്ത് ജയിക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണം ആവർത്തിച്ച് യു.ഡി.എഫ്. ഇതിനായി വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചുവെന്നും ഒരുലക്ഷത്തോളം കള്ളവോട്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, ജോൺസൺ വിളവിനാൽ, എബ്രഹാം മാത്യുപനച്ചമൂട്ടിൽ എന്നിവർ പറഞ്ഞു. അതേ സമയം, ആരോപണം തെളിയിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു വെല്ലുവിളിച്ചു.

കള്ളവോട്ട് ആസുത്രണം ചെയ്യാൻ കോന്നി എംഎ‍ൽഎ രഹസ്യയോഗം വിളിച്ചു. ഗുണ്ടകളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിന് വിശ്വസനീയമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും നേതാക്കൾ പറഞ്ഞു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പു പോലെ പൊതു തെരഞ്ഞെടുപ്പും അട്ടിമറിക്കാനുള്ള നീക്കം സിപിഎം നടത്തുന്നു. വ്യാജതിരിച്ചറിയൽ കാർഡ് വ്യാപകമായി നിർമ്മിക്കുന്നു. ഉദ്യോഗസ്ഥൻ സിപിഎമ്മിനൊപ്പം നിൽക്കുന്നുവെന്നും നേതാക്കൾ ആരോപിച്ചു.

വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള സ്ഥലത്തില്ലാത്തവരും പ്രവാസികളുമായവർ, ആരോഗ്യപരമായ കാരണങ്ങളാൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തുവാൻ കഴിയാത്തവർ എന്നിവരുടെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി സിപിഎം ക്രിമിനലുകളെ ബൂത്തിലെത്തിച്ച് വോട്ട് ചെയ്യുവാനുള്ള ഗൂഢാലോചന കോന്നി എംഎ‍ൽഎയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് നടന്നതായി സിപിഎം കേന്ദ്രങ്ങളിൽ നിന്നുതന്നെ വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർക്കും ലേക്സഭാ മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ല.

ഇടതുപക്ഷ സർവീസ് സംഘടനാ പ്രവർത്തകരും അനുഭാവികളുമായ ജില്ലയിലെ ബി.എൽ.ഒ മാർ അന്തിമ വോട്ടേഴ്സ് ലിസ്റ്റിൽ വ്യാപകമായ ക്രമക്കേടാണ് നടത്തിയിട്ടുള്ളത്. വീട്ടിലെ വോട്ടിൽ പല സ്ഥലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും ജീവിച്ചിരിക്കുന്ന പലരെയും വെട്ടി മാറ്റിയിട്ടുണ്ടെന്ന് നിരവധി പരാതികൾ ലഭിച്ചത് വരണാധികാരിക്ക് കൈമാറിയിട്ടുള്ളതായും ഇത് സംബന്ധിച്ച് നടപടികൾ ഉണ്ടാകുന്നില്ലെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷമായി പത്തനംതിട്ട ജില്ലയിൽ നടന്ന സഹകരണ സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് കള്ളവോട്ടിലൂടെ പിടിച്ചെടുത്ത സിപിഎം ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രവർത്തകരെ ഉപയോഗിച്ച് ബൂത്തുകൾ കേന്ദ്രീകരിച്ച് കള്ളവോട്ട് ചെയ്യുന്നതിനാണ് ശ്രമം നടത്തുന്നത്. പ്രചാരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയപ്പോൾ ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗമാണ് ലോക്സഭാ മണ്ഡലത്തിലുട നീളം ഉണ്ടായിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എത്ര കൃത്രിമം നടത്തിയാലും ആന്റോ ആന്റണി കഴിഞ്ഞ പ്രാവശ്യം ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം വോട്ടുകൾനേടി വിജയിക്കുമെന്നും അവർ പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിന് സ്ഥലജല വിഭ്രാന്തി: ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം

ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പരാജയം ഉറപ്പിച്ച കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് സ്ഥലജല വിഭ്രാന്തിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കുറച്ചു ദിവസങ്ങളായി എൽ.ഡി.എഫിനെതിരെ കെട്ടുകഥകളെ വെല്ലുന്ന പരിഹാസ്യമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഒരു ലക്ഷം കള്ളവോട്ടിന് ശ്രമമെന്നാണ് എൽ.ഡി.എഫിനെതിരെ ഇപ്പോൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ആരോപണം തെളിയിക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വത്തെ വെല്ലുവിളിക്കുന്നു.

വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണവും വ്യാജ വോട്ടും ആരാണ് ചെയ്തതെന്ന് നാട്ടിലെല്ലാവർക്കും അറിയാം. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് അടൂർ കേന്ദ്രീകരിച്ച് ഇതിന് നേതൃത്വം കൊടുത്തത് യൂത്ത്കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടമാണ്. ഇതിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞദിവസം മെഴുവേലിയിൽ ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പ് വേളയിൽ കള്ളവോട്ടിന് കേസെടുക്കപ്പെട്ടത് കോൺഗ്രസ് പ്രവർത്തകന് നേരെയാണ്. ഇതിൽ നിന്നെല്ലാം ജനശ്രദ്ധ മാറ്റാനാണ് സിപിഎമ്മിനും എൽ.ഡി.എഫിനും എതിരെ ഒരു തെളിവുമില്ലാതെ ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനം ആരോപണം ഉന്നയിക്കുന്നത്. സമൂഹത്തിൽ കോൺഗ്രസ് സ്വയം പരിഹാസ്യമാകാൻ മാത്രമേ ഇത് ഇടയാക്കു.

കള്ളന്മാരായി തങ്ങൾ പിടിക്കപ്പെട്ടതുകൊണ്ട് മറ്റെല്ലാവരും കള്ളന്മാർ ആണെന്ന് വിളിച്ചു കൂവൂന്ന നിലപാട് ജനാധിപത്യ മര്യാദ ഇല്ലാത്തതാണ്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഒരുതരി തെളിവെങ്കിലും സമൂഹത്തിന് മുന്നിൽ വയ്ക്കാൻ ആരോപണമുന്നയിക്കുന്നവർ തയ്യാറാകണം. കള്ളം ആവർത്തിച്ച് ആവർത്തിച്ച് പ്രചരിപ്പിച്ച് യു.ഡി.എഫിനെ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും ഏതെങ്കിലും വിധത്തിൽ രക്ഷിക്കാൻ സാധിക്കുമോ എന്ന അവസാന ശ്രമമാണ് ഇക്കൂുട്ടർ നടത്തുന്നത് . ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാർ തള്ളിക്കളയുമെന്നും ഉദയഭാനു പറഞ്ഞു.