- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പ്രസ്താവന തിരുത്തി സിപിഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ തരൂരിനെ കൈവിട്ടെന്നും തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്ന് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. തരൂരിൽ നിന്നും കൊഴിയുന്ന വോട്ടുകൾ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ നിലവിൽ കുറച്ചുകൂടി മുന്നിൽ നിൽക്കുന്നത് ബിജെപിയാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞിരുന്നു.
കേരളത്തിൽ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞുവെന്ന് എം വി ഗോവിന്ദൻ അവകാശപ്പെട്ടു. ഇത്തവണ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം രചിക്കും. ഒരു സംശയവും ഇല്ല. ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും. ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കും. മാധ്യമങ്ങൾ ഇടതുപക്ഷത്തിന്റെ സാധ്യത തുറന്നുപറയാത്തത് ഭയം കൊണ്ടാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ബിജെപിയെ ശക്തമായി എതിർക്കുന്നതാണ് എൽഡിഎഫ് നിലപാട്. എല്ലാ ജനവിഭാഗങ്ങളിലേക്കും ഇറങ്ങി ചെല്ലാൻ എൽഡിഎഫിനായി. കേരളത്തിൽ സാമുദായിക സംഘടനകൾ എൽഡിഎഫിന് പരസ്യ പിന്തുണ അറിയിച്ചു. ഇത് വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ്. മതനിരപേക്ഷത ഉയർത്തി പിടിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ ആദ്യം ജയിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയായിരിക്കുമെന്നും എം വി ഗോവിന്ദൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പിവി അൻവർ എംഎൽഎയുടെ പ്രസ്താവനയെ എം വി ഗോവിന്ദൻ ന്യായീകരിച്ചു. പിവി അൻവർ ഉദ്ദേശിച്ചത് രാഹുൽഗാന്ധിയുടെ രാഷ്ട്രീയ ഡിഎൻഎയാണ്. അല്ലാതെ ജൈവികമായ ഡിഎൻഎ അല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പന്ന്യൻ രവീന്ദ്രൻ പറഞ്ഞത്
പ്രചാരണം തുടങ്ങിയ സമയത്തെ ചിത്രമല്ല ഇപ്പോഴുള്ളത്. ശശി തരൂർ ചിത്രത്തിൽ ഇല്ല. മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ തരൂരിനെ കൈവിട്ടു. തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്ന് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
നിലവിലെ എംപി ശശി തരൂരിനെക്കുറിച്ച് ജനങ്ങൾക്ക് മതിപ്പില്ല. അദ്ദേഹത്തിനുള്ള പിന്തുണ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. തരൂരിൽ നിന്നും കൊഴിയുന്ന വോട്ടുകൾ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ നിലവിൽ കുറച്ചുകൂടി മുന്നിൽ നിൽക്കുന്നത് ബിജെപിയാണെന്ന് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
ബിജെപിയെ ഫൈറ്റ് ചെയ്യേണ്ടത് ഇടതുപക്ഷമാണ്. പക്ഷെ എൽഡിഎഫും ബിജെപിയും തമ്മിലുള്ള അകലം, നമ്മുടെ കണക്ക് അനുസരിച്ച് 9-9.5 ശതമാനത്തിന്റെ അകലമുണ്ട്. പ്രചാരണം തുടങ്ങിയപ്പോഴത്തേതിൽ നിന്നും ബഹുദൂരം മുന്നിലാണ് ഇപ്പോൾ ഇടതുപക്ഷം. തിരുവനന്തപുരത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന തരൂരിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മോഹം മാത്രമാണെന്ന് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.