കടമ്പനാട്: വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്. കൊടുവേനലിൽ കുടിവെള്ളം കിട്ടാക്കനി. തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളും പാർട്ടിക്കാരും. പക്ഷേ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയക്കാർക്ക് വോട്ടു വേണം. കൊടുക്കില്ലെന്ന നിലപാട് ജനങ്ങളുമെടുത്തു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നത് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാരാണ്.

പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലാണ് കടമ്പനാട് പഞ്ചായത്തുള്ളത്. ഭരിക്കുന്നത് സിപിഎമ്മാണ്. രണ്ടാം വാർഡിൽ കടമ്പനാട് വടക്കുള്ള വോട്ടർമാരാണ് തെരഞ്ഞെടുപ്പ്ബഹിഷ്‌കരിക്കുമെന്ന് പറയുന്നത്. ഗുരുമന്ദിരം ലക്ഷംവീട് കോളനി കൊല്ലത്ത്പടി റോഡ് വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുകയാണ്. കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർത്ഥികളും പ്രവർത്തകരുമെത്തി വാഗ്ദാനങ്ങൾ വാരിക്കോരി ചൊരിയും. ഇത് വോട്ടിനു വേണ്ടിയുള്ള തട്ടിപ്പാണെന്ന് ജനങ്ങൾ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ ഇവരെ ഈ വഴിയൊന്നും കാണാനില്ല.

ഒരു കിലോമീറ്റർ ഉള്ള റോഡിന്റെ കൊല്ലം ജില്ലയിലെ ഭാഗം ഏകദേശം 200 മീറ്ററോളം മുൻ വാർഡ് മെമ്പർ മുൻകൈയെടുത്ത് കോൺക്രീറ്റ് ചെയ്തിരുന്നു എന്നാൽ തൊഴിലുറപ്പ് തൊഴിലാളിയുടെ തൊഴിൽ കാർഡ് ഉപയോഗിച്ച് മെമ്പർ തട്ടിപ്പ് നടത്തിയതായി വിജിലൻസ് സംഘം കണ്ടെത്തിയിട്ടും അന്വേഷണം എങ്ങും എത്തിയില്ല..

പ്രദേശത്ത് കുടിവെള്ളം എത്തിയിട്ട് ആഴ്ചകൾ ഏറെയായി കടമ്പനാട് കുടിവെള്ള പദ്ധതിയുടെ മോതിരച്ചുള്ളിമല വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളമാണ് ഇവിടെയുള്ളവർക്ക് ലഭിക്കുന്നത്. എന്നാൽ ഇടതുപക്ഷ തൊഴിലാളി യൂണിയനിൽ പെട്ടവരാണ് വാട്ടർ അഥോറിറ്റിയുടെ തലപ്പത്തുള്ളത്. ഇവരെ മറ്റ് രാഷ്ട്രീയ പാർട്ടിക്കാർ സ്വാധീനിച്ചതാണ് ഇവിടങ്ങളിൽ കുടിവെള്ളം ലഭിക്കാത്തതെന്നാണ് പരസ്യമായ രഹസ്യം. ഏതായാലും ഈ പ്രദേശത്തുള്ളവർ പോളിങ് ബൂത്തിലേക്ക് എത്തുമോ എന്നത് ചോദ്യചിഹ്നം ആകുകയാണ്.