കാസർകോട്: തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപിയിലേക്ക് പോകുമെന്ന ആരോപണത്തിൽ പത്മജ വേണുഗോപിലിന് മറുപടിയുമായി കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജ വേണുഗോപാലിനെ വെല്ലുവിളിക്കുകയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

എനിക്ക് ഒരു നല്ല പിതാവുണ്ട്. ആ പിതാവിൽ ആണ് ഞാൻ ജനിച്ചത്. മരിക്കുന്നതുവരെ ഞാൻ കോൺഗ്രസുകാരൻ ആയിരിക്കും. അത് എംപി ആയാലും അല്ലെങ്കിലും മരിക്കുന്നതുവരെ കോൺഗ്രസ് പാർട്ടി വിടില്ല. കാരണം 65 വയസ് വരെ ഈ പാർട്ടി എനിക്കൊന്നും തന്നില്ലല്ലോ. എന്നിട്ടും ഞാൻ ഒരിടത്തും പോയില്ലല്ലോ. ഇപ്പോൾ എനിക്ക് പാർട്ടി എല്ലാം തന്നു. കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൂർണ സംതൃപ്തനാണെന്നും ഇനിയൊന്നും കിട്ടണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിൽ പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്‌മോഹൻ ഉണ്ണിത്താൻ തള്ളി.

പത്മജയെകുറിച്ച് തനിക്ക് ചിലത് പറയനാനുണ്ടെന്നും അത് പറയുകയും ചെയ്യുമെന്ന് ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. തന്നെകൊണ്ട് കൂടുതൽ പറയിപ്പിച്ചാൽ പത്മജയ്ക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വരും. അതുകൊണ്ട് വെറുതെ വടി കൊടുത്ത് അടി വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. എന്റെ അച്ഛൻ കെ കരുണാകരൻ അല്ല. മരിക്കും വരെ ഞാൻ കോൺഗ്രസുകാരനായിരിക്കും. പത്മജ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും. ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാനെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

സിപിഎം കള്ളവോട്ട് ചെയ്തുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. പയ്യന്നൂരിലും, കല്ല്യാശേരിയിലും വ്യാപകമായി സിപിഎം കള്ള വോട്ട് ചെയ്തു. ബൂത്ത് പിടിച്ചെടുത്തു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കും. മഞ്ചേശ്വരം, കാസറകോട് മണ്ഡലങ്ങളിൽ സിപിഎം, ബിജെപി വോട്ടുകൾ കുറയും. പല ബൂത്തിലും ഇരിക്കാൻ സിപിഎം ഏജന്റുമാർ ഉണ്ടായിരുന്നില്ല-ഉണ്ണിത്താൻ പറഞ്ഞു.

ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് വരും. ജില്ലാ പൊലീസ് മേധാവി രാഷ്ട്രീയം കളിച്ചുവെന്നും ഉടൻ എസ് പിയെ മാറ്റാൻ തയ്യാറാകണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.