മുംബൈ: മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുള്ള എല്ലാ കോൺഗ്രസ് എംപിമാരുമായും ചർച്ച നടത്തിയിരുന്നതായി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കേരളത്തിൽ സിപിഎമ്മിന് ഒരു എംപിമാത്രമേയുള്ളു. ബാക്കിയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്‌ച്ച നടത്തി. ഏഷ്യാനെറ്റ് ന്യൂസിലാണ് ജാവദേക്കറുടെ വെളിപ്പെടുത്തൽ.

രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്‌ച്ചകളിൽ എന്താണ് തെറ്റെന്നും ജാവദേക്കർ ചോദിച്ചു. ഇ പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പിന്നാലെ എല്ലാ വിഷയങ്ങളും അവസാനിച്ചെന്നും ജാവദേക്കർ വിശദീകരിച്ചു. തുടക്കത്തിൽ ചർച്ചയിൽ ജാവദേക്കർ വ്യക്തത വരുത്തിയിരുന്നില്ല. എന്നാൽ ജയരാജൻ തന്നെ കൂടിക്കാഴ്ച സ്ഥിരീകരിച്ചതോടെയാണ് വിശദീകരണവുമായി ബിജെപിയുടെ ദേശീയ നേതാവ് എത്തുന്നത്. ഇനി ഇപിയിൽ ബിജെപി വിശദീകരണങ്ങൾ നടത്തില്ല. വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് ഇത്.

ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനുമായി ചർച്ച നടത്തിയെന്നത് 'വ്യാജ വാർത്ത'യെന്ന് പ്രകാശ് ജാവദേക്കർ ആദ്യ പ്രതികരിച്ചിരുന്നു. ബിജെപിയിലേക്ക് പോകാൻ ഇ പി ജയരാജൻ നീക്കം നടത്തിയെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആരോപണങ്ങളും പ്രകാശ് ജാവദേക്കർ തള്ളിക്കളഞ്ഞു. താൻ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തിയതോ സംസാരിച്ചോ എന്ന് സുധാകരന് എങ്ങനെയാണ് അറിയാൻ കഴിയുകയെന്നും പ്രകാശ് ജാവദേക്കർ ചോദിച്ചു. തെറ്റായ വാർത്തകളാണ് ഇതെന്നും അദ്ദേഹം ദ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിനോട് മറ്റൊരു വശമാണ് ഉയർത്തുന്നത്.

ബിജെപിയുമായി ഇ പി ജയരാജൻ ചർച്ച നടത്തിയിരുന്നുവെന്ന് പ്രകാശ് ജാവദേക്കറുടെ പേര് വെളിപ്പെടുത്താതെ ശോഭാ സുരേന്ദ്രനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹിയിൽ വച്ചാണ് ചർച്ച നടന്നതെന്നും ശോഭ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് പ്രകാശ് ജാവദേക്കറുടെ പ്രതികരണം ഇങ്ങനെ. " ഞാൻ ജയരാജനെ കണ്ടുവെന്ന് ശോഭ പറഞ്ഞോ? ഇക്കാര്യം ശോഭക്ക് എങ്ങനെയാണ് അറിയാൻ സാധിക്കുക' എന്നും പ്രകാശ് ജാവദേക്കർ ചോദിച്ചിരുന്നു. സുധാകരന്റെ ആരോപണങ്ങൾ നുണക്കഥയെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ഇ പി ജയരാജൻ പക്ഷെ, താൻ തിരുവനന്തപുരത്ത് വച്ച് പ്രകാശ് ജാവദേക്കറെ കണ്ടുവെന്ന് സമ്മതിച്ചിരുന്നു.

തന്റെ സാന്നിധ്യത്തിൽ പ്രകാശ് ജാവദേക്കർ ഇപി ജയരാജനെ കണ്ടുവെന്നായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. തൃശ്ശൂരിൽ ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ പിയോട് പറഞ്ഞു. പകരം എസ്എൻസി ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തുവെന്നും എന്നാൽ ഇപി സമ്മതിച്ചില്ലെന്നുമായിരുന്നു ദല്ലാളിന്റെ വെളിപ്പെടുത്തൽ. എന്നാൽ ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഇപിയുമായി ചർച്ച ചെയ്തുവെന്നാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്.

വിവാദമായതോടെ തന്നെ മകന്റെ വീട്ടിൽ വന്ന് ജാവദേക്കർ കണ്ടിരുന്നുവെന്ന് ഇപി ജയരാജനും സമ്മതിച്ചു. മകന്റെ കുട്ടിയുടെ പിറന്നാൾ ദിവസമാണ് വന്നു കണ്ടത്. ഇതുവഴി പോയപ്പോൾ കയറിയെന്നായിരുന്നു പറഞ്ഞത്. രാഷ്ട്രീയം സംസാരിക്കാൻ താൽപര്യമില്ലെന്ന് താൻ അവരെ അറിയിച്ചുവെന്നുമായിരുന്നു ഇപിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ദിനത്തിൽ നടന്ന തുറന്ന് പറച്ചിൽ വലിയ ചർച്ചയായി. പിന്നാലെ ഏതെങ്കിലും നേതാവിനെ കാണുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പറഞ്ഞ് ഇപി ജയരാജനെ അക്കാര്യത്തിൽ പിന്തുണച്ച മുഖ്യമന്ത്രി പക്ഷേ ദല്ലാൾ ബന്ധത്തിനെതിരെ കണക്കിന് പ്രഹരിച്ചു. വിഷയം സിപിഎം കേന്ദ്ര നേതൃത്വം ചർച്ച ചെയ്യും. ഇപിക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

"എന്റെ മകന്റെ ഫ്‌ളാറ്റിൽ വച്ച് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഞാൻ അവിടെ ഉണ്ടെന്ന് മനസിലാക്കിയാണ് അദ്ദേഹം എന്നെ കാണാൻ ഫ്‌ളാറ്റിൽ വന്നത്. എന്നാൽ ഞങ്ങൾ രാഷ്ട്രീയമൊന്നും സംസാരിച്ചില്ല. എനിക്ക് ഒരു യോഗത്തിനുപോകേണ്ടതിനാൽ മകനോട്, അദ്ദേഹത്തിന് ചായ കൊടുക്കാൻ പറഞ്ഞു. ഈ കൂടിക്കാഴ്ചയെ കുറിച്ച് ഞാൻ പാർട്ടിയെ അറിയിച്ചിരുന്നില്ല"- ഇ പി ജയരാജൻ പറഞ്ഞു.