തിരുവനന്തപുരം: സംസ്ഥാനത്തിന് ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖം പ്രവർത്തനത്തിന് സജ്ജമാകും. വാണിജ്യാടിസ്ഥാനത്തിൽ ഡിസംബറിൽ കപ്പലെത്തിക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പ് സർക്കാറിന് നേരത്തെ നൽകിയ ഉറപ്പ്. എന്നാൽ പുതിയ സാഹചര്യത്തിൽ സെപ്റ്റംബറോടെ തുറമുഖം പ്രവർത്തനസജ്ജമാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഏറ്റവും പ്രധാനപ്പെട്ടതും മൂന്ന് കിലോമീറ്റർ നീളമുള്ളതുമായ പുലിമുട്ടിന്റ (ബ്രേക്ക് വാട്ടർ) നിർമ്മാണം പൂർത്തിയാക്കി.

ബ്രേക്ക് വാട്ടർ പൂർത്തിയായതോടെ വലിയ ബാർജുകളിൽ കണ്ടെയ്‌നറുകൾ എത്തിച്ച് ചരക്കുകളുടെ കയറ്റിയിറക്കൽ നടത്തുന്ന മുഴുവൻ പ്രവർത്തനങ്ങളുടെയും ട്രയൽ റൺ ജൂൺ രണ്ടാവാരത്തോടെ നടത്തും. തുടർന്ന് കേരളത്തിന്റെ ഓണസമ്മാനമായി അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് ചെയ്യുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. നിർമ്മാണം പൂർത്തീകരിച്ച പുലിമുട്ടും അനുബന്ധ നിർമ്മാണങ്ങളും കഴിഞ്ഞയാഴ്ച എത്തിച്ച ക്രെയിനുകളും അടക്കം കാണാനെത്തിയതായിരുന്നു മന്ത്രി.

ക്രെയിനുകളെ ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ച് നിയന്ത്രിക്കുന്ന കൺട്രോൾ യൂണിറ്റും അദ്ദേഹം സന്ദർശിച്ചു. രാജൃത്തിന് തന്നെ വിലപ്പെട്ട സമ്മാനമായി വിഴിഞ്ഞം തുറമുഖം മാറുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാവും തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കൽ നടത്തുക. കപ്പലിൽനിന്ന് കരയിലേക്കും കരയിൽനിന്ന് കപ്പലുകളിലേക്കും ചരക്കുകളുടെ കയറ്റിയിറക്കൽ നടത്തുന്ന ട്രയൽ റണ്ണാവും നടത്തുക. ഇതിനുള്ള എല്ലാ സാങ്കേതിക സംവിധാനവും അനുബന്ധ വിദഗ്ദ്ധരെയും സജ്ജമാക്കിയെന്ന് തുറമുഖ കമ്പനി അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കലിനായി 32 ക്രെയിനുകളാണ് വേണ്ടത്. ചൈനയിൽനിന്ന് കഴിഞ്ഞയാഴ്ച വരെ 27 ക്രെയിനുകളാണ് തുറമുഖത്ത് എത്തിച്ചിട്ടുള്ളത്. 21- യാർഡ് ക്രെയിനുകളും ആറ് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് വിവിധ കപ്പലുകളിൽ പലഘട്ടങ്ങളായി എത്തിച്ചത്. ശേഷിക്കുന്ന രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളും മെയ്‌ 25 നുള്ളിൽ തുറമുഖത്തുകൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ബൈപ്പാസിനെയും തുറമുഖത്തേയും ബന്ധിപ്പിക്കുന്നതിനുള്ള റോഡിന്റെ മൂന്നുറ് മീറ്റർ കൂടി പൂർത്തീകരിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രി സജി ചെറിയാൻ, തുറമുഖ സിഇഒ. പ്രദീപ് ജയരാമൻ, കോർപ്പറേറ്റ് അഫയേഴ്‌സ് മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ, വിസിൽ എം.ഡി. ഡോ. ദിവ്യ. എസ്. അയ്യർ, സി.ഇ. ഒ. ശ്രീകുമാരൻ കെ. നായർ, തുറമുഖ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് തുടങ്ങിയവർ എത്തിയിരുന്നു