കൊല്ലം: പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ ഭാരതീയ ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ യാക്കോബ് പ്രഥമൻ കതോലിക്കാ എന്ന പേരിൽ കൊല്ലം കടപ്പാക്കട റയിൽവേ മേൽപ്പാലത്തിന് സമീപം താമസിക്കുന്ന ജെയിംസ് ജോർജ് അവതരിച്ചതിന്റെ പിന്നിൽ ഗൂഢലക്ഷ്യം. താൻ ചെയർമാനായി രൂപീകരിക്കുന്ന പുതിയ പാർട്ടിയുമായി എൻഡിഎ മുന്നണിയിൽ കയറി കൂടുന്നതിന്റെ ഭാഗമായിരുന്നു പുതിയ രൂപമാറ്റം.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ എടുത്തിട്ടുള്ള കേസുകളിൽ നിന്ന് രക്ഷപെടാൻ ബിജെപിയുമായി ബന്ധമുണ്ടാക്കിയാൽ സാധിക്കുമെന്ന് മനസിലാക്കിയാണ് നീക്കം നടത്തിയത്. നേരിട്ട് ബിജെപിയിൽ ചേരുന്നതിലും ഭേദം പുതിയ പാർട്ടി രൂപീകരിച്ച് ഘടക കക്ഷിയാകുന്നതാണ് എന്ന് ജെയിംസ് ജോർജുമായി അടുത്ത ബന്ധമുള്ള ചില ബിജെപി നേതാക്കൾ ഉപദേശിച്ചതായാണ് വിവരം.

ഭാരതീയ ജനപക്ഷ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രജിസ്റ്റർ ചെയ്യാനും ജെയിംസ് നടപടികൾ തുടങ്ങിയിരുന്നു. പാർട്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാൻ കൊല്ലത്തെ ഒരു അഭിഭാഷകനെയും ചുമതലപ്പെടുത്തി. ഒരു ക്രൈസ്തവ മേലധ്യക്ഷൻ ചെയർമാനായ പാർട്ടിയാകുമ്പോൾ മുന്നണിയിൽ എടുക്കാൻ ബിജെപി നിർബന്ധിതമാകുമെന്നും ഇയാൾ കണക്കുകൂട്ടി.

ജാമ്യത്തിലിറങ്ങിയ ശേഷം മെത്രാൻ വേഷം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ ഫാമിൽ തങ്ങിയിരുന്ന ഇയാൾ പാർട്ടി രജിസ്ട്രേഷന് മുന്നോടിയായി വീണ്ടും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ യാക്കോബ് പ്രഥമനായി മാറുകയായിരുന്നു. ഇതിനിടയിലാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് വരുന്നത്. അടുപ്പക്കാരായ ചില നേതാക്കളുടെ സഹായത്തോടെ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിനൊപ്പം മുൻ നിരയിൽ കയറി കൂടാനും കഴിഞ്ഞു.

കൃഷ്ണകുമാറുമായി ബന്ധം സ്ഥാപിച്ചാൽ തന്റെ പാർട്ടിയുടെ മുന്നണി പ്രവേശം വേഗത്തിലാക്കാമെന്നും ഇയാൾ പലരോടും പറഞ്ഞതായും പറയപ്പെടുന്നു.എന്നാൽ റാലിയിൽ കാതോലിക്കാ ബാവായുടെ വേഷത്തിൽ എത്തിയത് തട്ടിപ്പുകാരനായ ജെയിംസ് ജോർജാണെന്ന് യുഡിഎഫും എൽഡിഎഫും വ്യാപകമായി പ്രചരിപ്പിച്ചതോടെ ജെയിംസിനെ ബിജെപിയും അടുപ്പിച്ചില്ല. മാത്രമല്ല മെത്രാൻ വേഷത്തിൽ വ്യാജനെ ഇറക്കിയതിനെ ചൊല്ലിയുള്ള കോലാഹലങ്ങൾ ജില്ലാ ഘടകത്തിൽ കെട്ടടങ്ങിയിട്ടുമില്ല.

തമിഴകത്തെ ഫാം കണ്ടത്താകാതെ ഇഡി

ഭാരതീയ ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവയെന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ് വില്പനയിലൂടെ സമ്പാദിച്ച സ്ഥാവര ജംഗമ സ്വത്തുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതോടെ തമിഴ്‌നാട് താവളമാക്കി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ യാക്കോബ് പ്രഥമനെന്ന ജെയിംസ് ജോർജ്. ഈറോഡിന് സമീപം വർഷങ്ങൾക്കു മുമ്പേ ഏക്കർ കണക്കിന് ഭൂമിയും പൗൾട്രി ഫാമും സ്വന്തമാക്കിയിരുന്നു. എന്നാൽ, കേരളത്തിലെ ഇയാളുടെ സ്വത്തുക്കൾ ഇഡി കണ്ടെത്തിയെങ്കിലും തമിഴ്‌നാട്ടിലെ പൗൾട്രി ഫാമും ഭൂമിയും കണ്ടെത്താൻ കഴിഞ്ഞില്ല.

സർട്ടിഫിക്കറ്റ് കേസിൽ ജാമ്യത്തിൽ ഇറങ്ങി ഇവിടം കേന്ദ്രീകരിച്ചായിരുന്നു ജെയിംസിന്റെ പ്രവർത്തനങ്ങൾ.മതപുരോഹിതനായും ഫാം നടത്തിപ്പുകാരനുമായി കഴിഞ്ഞു വരികെയായിരുന്നു. ഇതിനിടയിലാണ് തട്ടിപ്പിലൂടെ സമ്പാദിച്ചതാണ് സ്വത്തു വകകളെന്ന് കണ്ടെത്തിയതോടെ ഇവ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇഡി പിടി മുറുക്കുമെന്ന് ഉറപ്പായതോടെ പൗൾട്രി ഫാമിന്റെ നടത്തിപ്പ് രണ്ടാം ഭാര്യയെ എല്പിച്ച് കൊല്ലത്തേയ്ക്ക് മടങ്ങുകയായിരുന്നു. വല്ലപ്പോഴും മാത്രമാണ് പിന്നീട് ഇവിടേയ്ക്ക് എത്തിയിരുന്നത്.