തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ.കെ. രമയ്ക്ക് പിന്നാലെ ആർ.എംപി. കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. ഹരിഹരനെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും. ഹരിഹരന്റെ വിവാദ പ്രസ്താവന യു.ഡി.എഫ്. അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്ത്രീവിരുദ്ധമായ പരാമർശം പൂർണ്ണമായും തെറ്റാണ്. പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി.ഡി. സതീശനടക്കം വേദിയിൽ ഉള്ളപ്പോഴായിരുന്നു കെ.എസ്. ഹരിഹരന്റെ വിവാദപരാമർശം.

പരാമർശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിഴവ് ബോധ്യപ്പെട്ട് നിർവാജ്യം ഖേദപ്രകടനം നടത്തിയ ഹരിഹരന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ സംഘാടകരെന്ന നിലയിൽ കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ അറിയിച്ചു.

തെറ്റ് പറ്റിയാൽ തിരുത്തുകയെന്നത് അനിവാര്യതയാണ്. വിവാദ പരാമർശം തള്ളിപ്പറഞ്ഞ ആർ.എംപി. നേതൃത്വത്തിന്റെ സമീപനവും ഉചിതമായി. രാഷ്ട്രീയ ആരോപണങ്ങൾ മുന കൂർപ്പിച്ച് ഉന്നയിക്കുമ്പോൾ പൊതുപ്രവർത്തകർ തികഞ്ഞ ജാഗ്രത പുലർത്തണം. പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലക്കും വ്യക്തി എന്ന നിലക്കും പൂർണമായി തള്ളിക്കളയുകയാണെന്ന് രമ പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള പരാമർശങ്ങളോ ഒരു വാക്കോ സ്ത്രീക്കെതിരെ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. അത് നമ്മൾ നിരന്തരം ചർച്ച ചെയ്യുന്നതാണ്. എങ്കിലും പലരും ഇത്തരം പരാമർശങ്ങൾ നടത്തുന്നതായി നമ്മൾ കാണുന്നു. ഇത്രയും പുരോഗമനത്തിലേക്ക് പോകുമ്പോഴും ഇത്തരം പരാമർശങ്ങൾ വലിയ വേദനയാണ്.

പ്രസംഗ മധ്യേയാണ് മോശമായ പരാമർശമുണ്ടായത്. പൂർണമായും തള്ളിക്കളയുകയാണെന്നും രമ പറഞ്ഞു. രാഷ്ട്രീയക്കാർ ജാഗ്രത കാണിക്കണം. പരാമർശം തെറ്റ് ആണെന്ന് കണ്ട് ഖേദം പ്രകടിപ്പിക്കാൻ ഹരിഹരൻ തയ്യാറായി. മറ്റ് പല നേതാക്കളും കാണക്കാത്ത മാന്യത ഹരിഹരൻ കാണിച്ചു. ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ ഹരിഹരന്റെ ഭാഗത്തും മുമ്പ് ഇത് ഉണ്ടായിട്ടില്ല. ഖേദം പ്രകടിപ്പിച്ചതോടെ എല്ലാം അവസാനിക്കണമെന്നും അവർ പറഞ്ഞു. അതേസമയം, ഹരിഹരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം വ്യക്തമാക്കി.

ഹരിഹരന്റെ പരാമർശം അംഗീകരിക്കുന്നില്ലെന്ന് കോൺഗ്രസും അറിയിച്ചു. പരാമർശം ദൗർഭാഗ്യകരമാണ്. അപ്പോൾ തന്നെ പ്രതിപക്ഷ നേതാവും കോൺഗ്രസ്സ് നേതൃത്വവും ഇടപ്പെട്ടു. അപ്പോൾ തന്നെ അദ്ദേഹം ഖേദ പ്രകടനം നടത്തിയെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പറഞ്ഞു. ഏതെങ്കിലും സഹോദരിയുടെ മനസ്സ് വേദനിച്ചെങ്കിൽ സംഘാടകർ എന്ന രീതിയിൽ ഖേദം പ്രകടിപ്പിക്കുന്നു. വ്യാജമാണെന്ന് കണ്ട പോസ്റ്റ് ഇതുവരെ സി പി എം നേതാക്കൾ പിൻവലിച്ചിട്ടില്ല. കെ കെ ലതികയുടെ ഫേസ് ബുക്കിൽ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടകരയിലെ വിവാദ അശ്ലീലവീഡിയോ വിഷയത്തിൽ കെ.കെ. ശൈലജ, മഞ്ജു വാര്യർ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു ആർ.എംപി. കേന്ദ്രകമ്മിറ്റി അംഗമായ കെ.എസ്. ഹരിഹരന്റെ വിവാദപരാമർശം. യു.ഡി.എഫ്- ആർ.എംപി.ഐ. ജനകീയ കാമ്പയിൽ ഉദ്ഘാടനച്ചടങ്ങിലെ പരാമർശം തീർത്തും സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ കടുത്ത പ്രതിഷേധം ഉയർന്നതോടെ ഹരിഹരൻ ഫേസ്‌ബുക്കിൽ പിന്നീട് ഖേദം പ്രകടിപ്പിച്ചു. വടകരയിൽ നടത്തിയ പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നാണ് ഹരിഹരന്റെ കുറിപ്പ്.

കഴിഞ്ഞ ദിവസമാണ് വടകരയിലെ അശ്ലീല വീഡിയോ വിവാദത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ എം പി നേതാവ് കെ എസ് ഹരിഹരൻ രംഗത്തെത്തിയത്. കെ കെ ശൈലജക്കെതിരെയാണ് ആർഎംപി നേതാവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. വടകരയിൽ യുഡിഎഫും ആർഎംപിയും സിപിഎം വർഗീയതക്കെതിരെയെന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പെയിനിൽ പ്രസംഗിക്കവേയായായിരുന്നു വിവാദ പരാമർശം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഷാഫി പറമ്പിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വച്ചായിരുന്നു വിവാദ പരാമർശം.