- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ മോഡൽ ബോംബേറെന്ന് ആർഎംപിയും; പാനൂരും ചർച്ചകളിൽ
കോഴിക്കോട്: ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ എന്ന ആരോപണം ശക്തമാക്കാൻ യുഡിഎഫ്. ആർ.എംപിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ആർ.എംപി നേതാവ് കെ.എസ് ഹരിഹരന്റെ വീട് ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യു.ഡി.എഫും ആർ.എംപിയും വ്യക്തമാക്കിയതാണ്. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്ട് മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
'മാപ്പ് പറയലിൽ തീരില്ല' എന്ന സിപിഎം ജില്ലാസെക്രട്ടറി പി.മോഹനന്റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണ്. അതുകൊണ്ടു തന്നെ ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. തെങ്ങിൻ പൂക്കുല പോലെ ടി.പി ചന്ദ്രശേഖരന്റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് സിപിഎം. അതേ മാതൃകയിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സിപിഎം ഇനിയും ശ്രമിക്കേണ്ട. ആർ.എംപിയുടെ ഉദയത്തോടെ വടകരയിൽ സിപിഎമ്മിന്റെ അന്ത്യത്തിന് തുടക്കമായിരുന്നു. അതുകൊണ്ട് ടി.പിയെ പോലെ ആർ.എംപിയെയും ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും യു.ഡി.എഫ് പ്രതിരോധിക്കും-സതീശൻ പറഞ്ഞു.
ഹരിഹരന്റെ വീട്ടിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പടക്കം പൊട്ടിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഒലിപ്രം കടവ് വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സിപിഎമ്മുകാരാണ് അക്രമം നടത്തിയത് എന്നാണ് പൊലീസ് എഫ് ഐ ആർ. വീട്ടിലുള്ളവരെ അപായപ്പെടുത്തൽ ആയിരുന്നു ലക്ഷ്യമെന്നും പറയുന്നു. സ്‌ഫോടനാവശിഷ്ടങ്ങളും ബൈക്കിലെത്തിയവർ കൊണ്ടു പോയിരുന്നു. സ്‌ഫോടക വസ്തു ഏതെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇത് എന്നാണ് വിലയിരുത്തൽ.
കെ കെ ശൈലജയ്ക്കെതിരെ ഹരിഹരൻ നടത്തിയ പരാമർശമാണ് വിവാദമായത്. കെ എസ് ഹരിഹരനെതിരെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വടകര പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മഹിളാ അസോസിയേഷൻ നേതാവ് പുഷ്പദ നൽകിയ പരാതിയിലാണ് കേസ്. വടകരയിൽ സിപിഐഎം വർഗീയതക്കെതിരെ യുഡിഎഫ് ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമർശം. ഇതിന് പിന്നാലെയാണ് കേസും ആക്രമണങ്ങളും നടന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകൻ ജൂലിയസ് നികിതാസിനെതിരേയും ഹരിഹരൻ ആരോപണം ഉന്നയിച്ചിരുന്നു.
ഇന്നലെ രാത്രി 8.15ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഗേറ്റിന് നേരെയാണ് മാരക ശബ്ദമുള്ള സ്ഫോടകവസ്തു എറിഞ്ഞത്. സ്‌കൂട്ടറിലെത്തിയ സംഘമാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് വിവരം. കണ്ണൂർ മോഡൽ ഇടപടെലാണ് ഹരിഹരന്റെ വീട്ടിലുണ്ടായതെന്നാണ് ആർ എം പിയുടെ ആരോപണം. സിപിഎം നേതൃത്വത്തേയും ആർ എം പി ആക്രമണത്തിൽ കുറ്റപ്പെടുത്തുന്നു. പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ തുടർച്ചയാണെന്നും ആരോപിക്കുന്നു.