- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന ഉത്തമന്മാരുടെ ചോദ്യത്തിനുള്ള ഉത്തരം'
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിവിധ എക്സിറ്റ് പോൾ ഫലങ്ങളിൽ ഇടതുമുന്നണി കനത്ത തിരിച്ചടി നേരിടുമെന്ന പ്രവചനങ്ങൾക്ക് പിന്നാലെ വിമർശനവുമായി നടൻ ഹരീഷ് പേരടി. എക്സിറ്റ് പോൾ ഫലവും ഒന്നാം ക്ലാസിലെ കവർ ചിത്രവും ബന്ധിപ്പിച്ച് നടൻ ഹരീഷ് പേരടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.
അടുക്കളയിൽ അച്ഛനെ ഇരുത്തിയ പുരോഗമനം പുറം ചട്ടയിൽ നിന്ന് അമ്മയെ ഒഴിവാക്കിയെന്നാണ് ഹരീഷ് പേരടി വിമർശിക്കുന്നത്. കവർ പേജിൽ അച്ഛനും കിളികളും പശുവുമെല്ലാം ഉണ്ടെങ്കിലും അമ്മ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറിപ്പ്. കുടുംബശ്രീയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രമാണിതെന്ന് ഹരീഷ് പേരടി പരിഹസിക്കുന്നു. എക്സിറ്റ്പോൾ ഫലം വെച്ച് നോക്കിയാൽ 'എന്തുകൊണ്ട് നമ്മൾ തോറ്റു' എന്ന ഉത്തമന്മാരുടെ ചോദ്യത്തിനുള്ള ഉത്തരമാണിതെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം മാറ്റത്തിന്റെ പേരിൽ ആഘോഷിക്കപ്പെടുന്ന ഒന്നാം ക്ലാസിലെ കേരള പാഠാവലിയുടെ പുറം ചട്ടയിൽ നിന്ന് അമ്മയെ ഒഴിവാക്കിയെന്നാണ് ഹരീഷ് വിമർശിക്കുന്നത്.
രാജ്യത്ത് വീണ്ടും മോദി തരംഗമുണ്ടാകുമെന്ന് സൂചന നൽകുന്നതായിരുന്നു എക്സിറ്റ് പോളുകൾ. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും എൽഡിഎഫിന് ഒരു സീറ്റ് പോലും കിട്ടാത്ത അവസ്ഥവരുമെന്നും പ്രവചനമുണ്ട്. ഇതിനിടെയാണ് ഒന്നാം ക്ലാസിലെ കവർ ചിത്രവുമായി ബന്ധിപ്പിച്ച് ഇടതുമുന്നണിയെയും സർക്കാരിനെയും പരിഹസിച്ചുള്ള പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഒന്നാം ക്ലാസിലെ കേരള പാഠാവലിയുടെ മാറ്റത്തിന്റെ പേരിൽ ഏറെ ആഘോഷിക്കപ്പെടുന്ന കവർ ചിത്രമാണ്..ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായിവരുന്ന അച്ഛന്മാരുണ്ട്..അതിൽ സന്തോഷിക്കുന്ന ആൺ,പെൺകുട്ടികളുണ്ട്..കിളികളുണ്ട്..പൂക്കളുണ്ട്..പശുവുണ്ട്..പശുവിന്റെയപ്പുറം ചാണകം ഉണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..പക്ഷേ സൂക്ഷ്മദർശിനി വെച്ച് നോക്കിയിട്ടുപോലും ഒരു അമ്മയെ കാണാനില്ല...മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവർ ചിത്രമാണ്..കുടുംബശ്രിയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം...എക്സിറ്റ്പോൾ ഫലം വെച്ച് നോക്കിയാൽ 'എന്തുകൊണ്ട് നമ്മൾ തോറ്റു' എന്ന ഉത്തമന്മാരുടെ ചോദ്യത്തിനുള്ള ഉത്തരം..എല്ലാം എത്രയും പെട്ടന്ന് ശരിയാകും...ആശംസകൾ.