- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസഭാ സീറ്റിനായി എൽഡിഎഫിൽ സിപിഐ - കേരളാ കോൺഗ്രസ് പോര്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റിന്റെ പേരിൽ സിപിഐ - കേരളാ കോൺഗ്രസ് പോര് മൂർച്ഛിക്കുന്നു. മത്സരിച്ച സീറ്റുകളിൽ എല്ലാം പരാജയപ്പെട്ടതോടെ രാജ്യസഭാ സീറ്റിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സിപിഐ. ഇക്കാര്യം പാർട്ടി സിപിഎം നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ.മാണി (കേരള കോൺഗ്രസ്-എം) എന്നീ എൽഡിഎഫിലെ മൂന്ന് രാജ്യസഭാ എംപിമാരുടെയും കാലാവധി ജൂലൈ 1ന് അവസാനിക്കുമ്പോൾ രണ്ടു സീറ്റേ മുന്നണിക്കു നിലനിർത്താനാകു. ഒരെണ്ണം യുഡിഎഫിന് ജയിക്കാനാകും.
ജൂൺ 25നാണ് തിരഞ്ഞെടുപ്പ്. എളമരം കരീമിന്റെ സീറ്റ് സിപിഎം തന്നെ എടുക്കുമെന്നാണു റിപ്പോർട്ട്. രണ്ടാമത്തെ സീറ്റിനായി സിപിഐയും കേരളാ കോൺഗ്രസും കടുംപിടിത്തം തുടരുന്നത് സിപിഎമ്മിന് തലവേദനയാകും. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് രാജ്യസഭ സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയത്. സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അതിൽ വിട്ട് വീഴ്ചയില്ലെന്നുമാണ് സിപിഐ നേതൃത്വം പറയുന്നത്. അതേസമയം സീറ്റ് നഷ്ടപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗം.
ഈ മാസം അവസാനം ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റിൽ നിലവിലെ അംഗ ബലം വച്ച് രണ്ട് സീറ്റിൽ എൽഡിഎഫിന് വിജയിക്കാനാകും. അതിൽ ഒരു സീറ്റ് സിപിഎം ഏറ്റെടുക്കും. ബാക്കി വരുന്ന മറ്റൊരു സീറ്റിലേക്ക് അവകാശമുന്നയിച്ചാണ് സിപിഐ, കേരള കോൺഗ്രസ് എം, ആർജെഡി, എൻസിപി എന്നി ഘടകകക്ഷികൾ രംഗത്തുള്ളത്. ആർജെഡിക്കും എൻസിപിക്കും സീറ്റ് ലഭിച്ചേക്കില്ല. സിപിഐയും കേരള കോൺഗ്രസ് എമ്മുമാണ് പിന്നെ പ്രധാനികൾ. എന്നാൽ മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ തങ്ങൾക്ക് ജയിക്കാൻ കഴിയുന്ന ഒരു സീറ്റ് കിട്ടിയേ മതിയാകൂ എന്ന നിലപാടാണ് സിപിഐക്ക്. സീറ്റിന്റെ കാര്യത്തിൽ വിട്ട് വീഴ്ചയ്ക്കില്ലെന്ന് സിപിഎമ്മിനെ സിപിഐ അറിയിച്ചു കഴിഞ്ഞു.
ക്യാബിനറ്റ് റാങ്കോട് കൂടി ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷസ്ഥാനം കേരള കോൺഗ്രസിന് നൽകുന്നതിന് വിയോജിപ്പില്ലെന്നാണ് സിപിഐ നിലപാട്. എന്നാൽ ലോക്സഭയിലുണ്ടായിരുന്ന ഒരു സീറ്റിൽ പരാജയപ്പെടുകയും, രാജ്യസഭാസീറ്റ് ഇല്ലാതിരിക്കുകയും ചെയ്യുന്നതിൽ കേരള കോൺഗ്രസ് എമ്മിന് അതൃപ്തിയുണ്ട്. അതുകൊണ്ട് സീറ്റ് ആവശ്യം കടുപ്പിക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ നീക്കം.
ലോക്സഭയിലെ തങ്ങളുടെ ഏക എംപിയായിരുന്ന തോമസ് ചാഴികാടൻ കോട്ടയത്തു പരാജയപ്പെട്ടതോടെ പാർട്ടി ചെയർമാന്റെ രാജ്യസഭാ എംപി സ്ഥാനം കൂടി കൈവിട്ടുപോകുന്നത് ആലോചിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കേരളാ കോൺഗ്രസ് (എം). ജോസ് കെ.മാണിയുടെ എംപി സ്ഥാനം നിലനിർത്താൻ ശക്തമായ നീക്കങ്ങളാണ് കേരളാ കോൺഗ്രസ് നടത്തുന്നത്.
രാജ്യസഭാംഗത്വവുമായാണു ജോസ് കെ.മാണിയുടെ പാർട്ടി എൽഡിഎഫിലെത്തിയത്. യുഡിഎഫിന്റെ ഭാഗമായി 2018ൽ ജയിച്ച രാജ്യസഭാ സീറ്റ് എൽഡിഎഫ് പ്രവേശത്തിനു പിന്നാലെ 2021 ജനുവരിയിൽ ജോസ് കെ.മാണി രാജിവച്ചിരുന്നു. നവംബറിൽ എൽഡിഎഫിന്റെ ഭാഗമായി ഇതേ സീറ്റിൽ വിജയിച്ചു. ജോസ് കെ.മാണിയുടെ സീറ്റായതിനാൽ അതിൽ തർക്കത്തിന്റെ കാര്യമെന്താണെന്നാണ് കേരള കോൺഗ്രസ് (എം) വാദം.
17 നിയമസഭാ സീറ്റുള്ള കക്ഷി എന്ന നിലയിൽ തങ്ങൾക്കാണു മുൻഗണനയെന്നാണു സിപിഐ നിലപാട്. കേരള കോൺഗ്രസിന് 5 നിയമസഭാംഗങ്ങളാണുള്ളത്. മത്സരിച്ച തിരുവനന്തപുരം, തൃശൂർ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിൽ പരാജയപ്പെടുക കൂടി ചെയ്തതോടെ രാജ്യസഭാ സീറ്റ് നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്. ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷസ്ഥാനം ഉൾപ്പെടെ മറ്റ് പദവികൾ കേരളാ കോൺഗ്രസിനു നൽകുന്നതിൽ വിരോധമില്ലെന്നും സിപിഎം നേതൃത്വത്തെ സിപിഐ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ രണ്ട് ഘടകകക്ഷികളേയും പിണക്കാതെ പ്രശ്നം പരിഹരിക്കാനുള്ള പോംവഴിയാണ് സിപിഎം നേതൃത്വം പരിഗണിക്കുന്നത്. അതേസമയം, രാജ്യസഭ സീറ്റ് വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു.