- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി സുരേഷ് ഗോപിയുടെ റോഡ് ഷോ
തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വൻ സ്വീകരണം. തിരഞ്ഞെടുപ്പ് വിജയത്തിന്റെ സാക്ഷ്യപത്രം വാങ്ങാൻ തിരുവനന്തപുരത്തുനിന്ന് തൃശ്ശൂർ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവർത്തകർ തലപ്പാവും കാവി ഷാളും താമരപ്പൂവും നൽകി സ്വീകരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശിന്റെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടർന്ന് കളക്ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടർ കൃഷ്ണതേജ ഐ.എ.എസിൽനിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. തുടർന്ന് തൃശ്ശൂർ നഗരത്തിൽ റോഡ് ഷോ നടത്തി.
മണികണ്ഠനാലിൽ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവച്ചാണ് റോഡ് ഷോ. ഇരുപത്തയ്യായിരത്തോളം പ്രവർത്തകരെ അണിനിരത്തിയുള്ള വൻ റാലിയാണ് ബിജെപി. നടന്നത്. റോഡ് ഷോയിൽ ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
വിദ്യാർത്ഥി കോർണറിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നിരവധി പ്രവർത്തകരാണ് അണിനിരക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ ജനത്തെ അഭിവാദ്യം ചെയ്തു കൊണ്ടാണ് സുരേഷ് ഗോപിയുടെ റോഡ് ഷോ. ഇന്നത്തെ കൂടാതെ ഏഴ് മണ്ഡലങ്ങളിലും സുരേഷ് ഗോപി റോഡ് ഷോ നടത്തുമെന്നാണ് വിവരം. തൃശൂരിനെ ഹൃദയത്തിൽ വെച്ച് പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
തനിക്ക് ലീഡ് ലഭിക്കാത്ത ഗുരുവായൂരിലും മുന്നിൽ എത്താൻ പ്രയത്‌നിക്കും. തൃശൂർ പൂരം സിസ്റ്റമാറ്റിക്ക് ആയി നടത്തും. ഇത്തവണ ഉണ്ടായ പ്രശ്‌നം ഒഴിവാക്കാൻ ഇടപെടും. തൃശ്ശൂരിൽ സ്ഥിര താമസം ഉണ്ടാവില്ല. കേന്ദ്ര മന്ത്രിയാകുമോ എന്നതെല്ലാം നേതൃത്വം തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഞാൻ നിഷേധിയാവില്ല. തന്റെ താല്പര്യം പാർട്ടിയെ നേരത്തെ അറിയിച്ചു. സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരുകാർ സങ്കോച ഫാക്ടർ ഇത്തവണ കളഞ്ഞു. 2019ൽ തന്നെ ജയിപ്പിക്കുന്നതിൽ സങ്കോചം ഉണ്ടായി. താൻ വികസനം കൊണ്ട് വരുമെന്ന് ജനം വിശ്വസിച്ചു. ഇത്തവണ സ്ത്രീ വോട്ടുകൾ ഒരുപാട് കിട്ടി. എല്ലാ വിഭാഗത്തിൽപ്പെട്ടവരും വോട്ടു ചെയ്തു. ക്രിസ്ത്യൻ മുസ്ലിം സ്ത്രീ വോട്ടർമാർ ഒപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര മന്ത്രിയാകുമോയെന്ന ചോദ്യത്തിന്, ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ലെന്നും തന്റെ മനസിലുള്ള ആഗ്രഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സുരേഷ് ഗോപി പറഞ്ഞു. "തൃശൂരിലേക്ക് മെട്രോ റെയിൽ പദ്ധതി നീട്ടുന്നതിന്റെ സാധ്യത പരിശോധിക്കും. മെട്രോ വന്നാൽ സ്വപ്നം കാണുന്ന വളർച്ച ലഭിക്കും. ബിസിനസ് സാധ്യത വളരും. മെട്രോയ്ക്കായി സാധ്യതാ പഠനം നടത്തേണ്ടതുണ്ട്.
പഠന റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും"സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ സ്ഥിരം താമസമാക്കുമോയെന്ന ചോദ്യത്തിന്, സ്ഥിരതാമസം ആക്കിയതുപോലെ ആയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും താൻ തൃശൂരിൽ തന്നെ ഉണ്ടായിരുന്നതായും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെത്തിയ സുരേഷ് ഗോപിയെ കാണാൻ നൂറുകണക്കിനു പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിയിരുന്നു. 'സ്വാഗതം, സുസ്വാഗതം, സുരേഷ് ഗോപിക്ക് സ്വാഗതം' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു.